തിരുവനന്തപുരം: 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്ന് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ പൊലീസിൽ വിശ്വാസക്കുറവില്ല. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്അങ്ങിനെ അല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം,ശബ്ദം ഉയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും, കുറുപ്പംപടിയിൽ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം നവകേരള സദസ് ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞതിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം വ്യാപകമാണ്. എന്നാൽ മാധ്യമപ്രവർത്തകക്കെതിരെ കേസ് എടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസിന്റെ വാദം. അതേസമയം മാധ്യമ പ്രവർത്തകക്കെതിരായ കേസ് വിശദമായി പരിശോധിക്കേണ്ടതാണെന്ന് സിപിഐ മന്ത്രി കെ രാജൻ പ്രതികരിച്ചു.

എറണാകുളം കുറുപ്പംപടിയിലാണ് കെഎസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. സംഭവത്തിൽ മാധ്യമപ്രവർത്തക വി.ജി വിനീതക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. മന്ത്രിമാർ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത്. ഓടക്കാലിയിൽ രണ്ടു മൂന്ന് തവണയാണ് ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തിൽ പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ 9 പേർക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയിൽ നാല് പേർക്കെതിരെയുമാണ് കേസെടുത്തത്. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടികൾ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞത്.

നേരത്തെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മരുമകനും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്ന് പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് സർക്കാർ നിലപാട്. കേസ് വിറളി സർക്കാരിന്റെ വിറളി മൂലമാണ്. മാധ്യമങ്ങൾ ഓരോ ദിവസവും എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് എകെ ജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് കൊണ്ട് ഒരു പാവപ്പെട്ടവന് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റിയോയെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കോടികളുടെ കള്ളപ്പിരിവ് നടത്തിയാണ് നവകേരള സദസ്സ് നടത്തിയതെന്നും ആരോപിച്ചു. നവകേരള സദസ്സ് സമാപിക്കുമ്പോൾ നാട് കുരുതിക്കളം ആയി. കേരളം ഗാങ്സ്റ്റർ സ്റ്റേറ്റിലേക്ക് മാറി. കേരളത്തെ സിപിഐഎം ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു.ഗതികേട് കൊണ്ടും നിവർത്തികെട്ടുമാണ് കോൺഗ്രസ് തിരിച്ചടിച്ചത്. തിരിച്ചടിച്ചപ്പോൾ എന്തായിയെന്നും കുട്ടികളെ തൊട്ടാൽ ഇനിയും തിരിച്ചടിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.