തിരുവനന്തപുരം: നയപ്രഖ്യാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കും. വ്യാഴാഴ്ച നടക്കുന്ന നയപ്രഖ്യാപനത്തിന്റെ കരട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി സംസ്ഥാന സർക്കാർ. ഗവർണർക്ക് എതിരായ കുറ്റപ്പെടുത്തൽ കരടിലില്ലെന്നാണു സൂചന. സംശയങ്ങളുണ്ടായാൽ വിശദീകരണം ചോദിക്കും. അതു കിട്ടിയാൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകും. നയപ്രഖ്യാപനത്തെ തടസ്സപ്പെടുത്തുന്ന നടപടികളൊന്നും ഗവർണ്ണറുടെ ഭാഗത്ത് നിന്നുണ്ടാകില്ല.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രസംഗത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനങ്ങളുമുണ്ടെന്നാണു വിവരം. മുമ്പും കേന്ദ്ര സർക്കാരിനെതിരായ നയപ്രഖ്യാപനത്തിലെ വിമർശനങ്ങൾ ഗവർണർ വായിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ സ്പീക്കർ എ.എൻ.ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചിരുന്നു. നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ട ചുമതല ഗവർണർക്കാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവർഷത്തിലെ നിയമസഭാ സമ്മേളനം തുടങ്ങുക. അതുകൊണ്ട് തന്നെ സർക്കാർ എഴുതി നൽകുന്നത് ഗവർണർ വായിക്കും. ഗവർണർക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കാനാണ് സാധ്യത.

അതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ വിമർശനമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കുറ്റപ്പെടുത്തലുകളുണ്ട്. ഫെഡറലിസത്തിന്റെ തകർച്ചയാണ് ഇതെന്നും വിശദീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിനെതിരേ ശക്തമായ വിമർശനമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. 25-ന് ബജറ്റ് സമ്മേളനത്തിനു തുടക്കംകുറിച്ചുകൊണ്ട് ഈ പ്രസംഗം ഗവർണർ വായിക്കും. നയപ്രഖ്യാപനം നടത്തുന്നതിനായി ഗവർണറെ സ്പീക്കർ എ.എൻ. ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചിരുന്നു.

കേന്ദ്രത്തിന്റെ അവഗണന, സംസ്ഥാനത്തിന് അർഹതപ്പെട്ട സഹായധനം നൽകാതെ ബുദ്ധിമുട്ടിക്കുന്നതിലുള്ള പ്രതിഷേധം തുടങ്ങിയവ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനത്തിൽ ശക്തമായ എതിർപ്പുള്ള ഭാഗങ്ങളിൽ മാറ്റംവരുത്തണമെന്നു ഗവർണർക്ക് ആവശ്യപ്പെടാം. എന്നാൽ, ഇത് അംഗീകരിക്കണമോ എന്നത് സർക്കാരിന്റെ നയതീരുമാനമാണ്. സർക്കാർ തയ്യാറാക്കിയ പ്രസംഗമായിരിക്കും നിയമസഭാ രേഖകളിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ ഗവർണറും കൂടുതൽ കടുത്ത നടപടികൾ എടുക്കില്ല. കേന്ദ്രം സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന സിപിഎം ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് മന്ത്രിസഭായോഗം അംഗീകരിച്ച പ്രസംഗം.

പ്രസംഗം ഗവർണർ അംഗീകരിച്ചശേഷമാണ് നിയമസഭയിൽ വായിക്കുന്നത്. മന്ത്രിസഭായോഗം അംഗീകരിച്ച പ്രസംഗത്തിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമില്ല. ആകെ ചെയ്യാവുന്നത് യോജിപ്പില്ലാത്ത ഭാഗങ്ങൾ വായിക്കാതെ വിട്ടുകളയാം. ഗവർണർ വായിച്ചില്ലെങ്കിലും അവയൊക്കെ ഗവർണറുടെ പ്രസംഗം എന്ന നിലയിൽ നിയമസഭയുടെ ഭാഗമാകും. ഗവർണർ വായിക്കുന്നതല്ല, മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് നിയമസഭ സ്വീകരിക്കുക. പൗരത്വഭേദഗതി നിയമത്തിന്റെ സമയത്തും സമാന സാഹചര്യം ഉണ്ടായിരുന്നു. നിയമസഭയിൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം പൂർണമായി ഗവർണർ അന്ന് വായിക്കുകയും ചെയ്തു.

അന്ന് മുഖ്യമന്ത്രിയും ഗവർണറുമായി ഏറ്റുമുട്ടലുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും സിപിഎം. തുറന്ന ഏറ്റുമുട്ടലിന് തയ്യാറെടുത്തു നിൽക്കുകയുമാണ്. ഈ സാഹചര്യത്തിലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റും എന്ന നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചിട്ടുള്ളത്. സർക്കാറുമായുള്ള കടുത്ത പോരിനിടെ നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് വ്യക്തമാക്കി ഗവർണർ പരസ്യ നിലപാടും എടുത്തിട്ടുണ്ട്.

നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്നും അതിലൊന്നും തർക്കമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സർക്കാർ-ഗവർണ്ണർ ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തിൽ എന്ത് സംഭവിക്കുമെന്നതായിരുന്നു ആകാംക്ഷ ഉയർന്നിരുന്നു.