ന്യൂഡൽഹി: വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം പുതിയ തലത്തിലേത്തിന്നതിനിടെ എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണ്ണായകമാണ് ഈ കേസ്. പലതവണ മാറ്റിവച്ച കേസിൽ സുപ്രീംകോടതിയിൽ എന്ന് എന്ത് സംഭവിക്കുമെന്നത് നിർണ്ണായകമാണ്. വാദത്തിലേക്ക് കേസ് കടന്നാൽ അന്തിമ വിധി കേരള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി മാറും.

കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റി. 38ാം തവണയാണു കോടതി മുൻപാകെ ഇന്നു കേസ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കീഴ്‌ക്കോടതി കേസിൽ നിന്ന് ഒഴിവാക്കാത്ത ഉദ്യോഗസ്ഥരും അപ്പീൽ നൽകിയിട്ടുണ്ട്. ഇതിലെല്ലാം സുപ്രീംകോടതി അതിവേഗം തീരുമാനം എടുക്കണമെന്ന ആവശ്യം ശക്തമാണ്. പല തവണ കേസ് മാറ്റി വച്ചതിന് കാരണം സിബിഐയുടെ നിസ്സഹകരണമായിരുന്നു.

നാളെ സിപിഎം കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് സുപ്രീംകോടതിയിൽ കേസെത്തുന്നത്. കേന്ദ്രവും പിണറായിയും ഒത്തു കളിക്കുന്നതിനാലാണ് കേസ് സുപ്രീംകോടതിയിൽ വൈകുന്നതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ കേസിൽ സുപ്രീംകോടതിയിൽ സിബിഐ ഇന്നെടുക്കുന്ന നിലപാടുകൾ നിർണ്ണായകമാണ്. സിപിഎമ്മും കരുതലോടെയാണ് കേസിനെ കാണുന്നത്. കുറ്റ വിമുക്തി തള്ളി വിചാരണ നേരിടാൻ പിണറായിയോട് ആവശ്യപ്പെട്ടാൽ അദ്ദേഹം അഴിമതി കേസിൽ പ്രതിയായി മാറും. വിചാരണയേയും നേരിടേണ്ടി വരും. മറിച്ചാണെങ്കിൽ അതൊരു വലിയൊരു ആശ്വാസമായി മാറുകയും ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരായ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹർജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് ആധാരം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസിലെ പ്രധാന ആരോപണം. ലാവ്ലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് ഇകെ നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ തങ്ങളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.