തിരുവനന്തപുരം: ശാസ്ത്ര ബോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം തിരുത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സയൻസ് ഫെസ്റ്റിവൽ യോഗത്തിലും ഇതാണ് സംഭവിച്ചത്. പക്ഷേ 'വെളിച്ചം ദുഃഖമാണുണ്ണീ... തമസല്ലോ സുഖപ്രദം!' - ഈ തിയറിയാണ് മുഖ്യമന്ത്രിക്കായി കേരളാ പൊലീസ് ഒരുക്കുന്നത്.

മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുമെന്നു പേടിച്ച് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലെ വെളിച്ചം കെടുത്തി പൊലീസ് നടത്തിയ ഇടപെടൽ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. മുന്നിൽ നിന്നു വേദിയിലേക്കു ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ മുൻകൂട്ടിയെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയ പൊലീസ് സംഘം അനുവദിച്ചില്ല. വേദിക്കു പിന്നിൽ നിന്നു മുന്നിലേക്കു ക്രമീകരിച്ചിരുന്ന വെളിച്ചം കുറഞ്ഞ ലൈറ്റുകൾ മാത്രം മതിയെന്നായിരുന്നു നിർദ്ദേശം. ഇതോടെ അരണ്ട വെളിച്ചത്തിലായിരുന്നു ഉദ്ഘാടന വേദിയിലെ പരിപാടികൾ.

മുഖ്യമന്ത്രിയുടെ മുഖത്ത് വെളിച്ചം അടിക്കുന്നത് ഒഴിവാക്കാനാണ് ഇത്. നവകേരള സദസ്സിനിടെ ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്തെ സമ്മേളനത്തിൽ വെളിച്ചം മുഖത്തടിച്ചതിനെതിരെ മുഖ്യമന്ത്രി അസ്വസ്ഥനായി വേദിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് പൊലീസ് പറയുന്നത്. എസ് ബി കോളേജിൽ വലിയ വിമർശനമാണ് പിണറായി ഉയർത്തിയത്.

ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണിതെന്നും നമ്മളെ വെട്ടത്തു നിർത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സദസ്സിലേക്കുള്ള ലൈറ്റ് കെടുത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഉദ്ഘാടന വേദിയിൽ പൊലീസ് ഇടപെടൽ. വേദിയിലെ മൈക്ക് അടക്കം മുൻകൂട്ടി പരിശോധിച്ചു. അതിന് ശേഷമാണ് സയൻസ് ഫെസ്റ്റിലെ പരിപാടികൾ തുടങ്ങിയത്.

എഴുതി തയാറാക്കിയ പ്രസംഗം മുഖ്യമന്ത്രിക്കു വായിക്കാനായി പോഡിയത്തിൽ പ്രത്യേകം ലൈറ്റ് ക്രമീകരിച്ചിരുന്നു. തലസ്ഥാനത്ത് ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് മൂളിയതിനെ തുടർന്ന് കേസെടുത്തതും മൈക്ക് സൈറ്റ് കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലെല്ലാം മുൻകൂട്ടിയുള്ള മൈക്ക് പരിശോധനയും കർശനമാണ്.

ചങ്ങനാശ്ശേരിയിൽ സംഭവിച്ചത്

ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സിന്റെ വേദിയിലെ പ്രകാശസംവിധാനത്തിനു മുഖ്യമന്ത്രി വക ഒരു കൊട്ട് കിട്ടിയതാണ് ഇതിനെല്ലാം കാരണം എസ്ബി കോളജ് ഗ്രൗണ്ടിൽ പ്രസംഗിക്കുന്നതിനിടെ നേരെ മുഖത്തേക്കു ലൈറ്റ് അടിച്ചതിനാൽ കൈകൊണ്ടു പ്രകാശം മറച്ച് സദസ്സിലേക്കു നോക്കിയാണു മുഖ്യമന്ത്രി പ്രകാശസംവിധാനം ഒരുക്കിയതിനെ വിമർശിച്ചത്.

'ഞാൻ ഈ കൈകൊണ്ടു നോക്കുന്നത് മുന്നിലിരിക്കുന്നവരെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ എന്നതിനാലാണ്. പിന്നിൽ ഇരിക്കുന്നവരെ കാണാൻ വിഷമമാണ്. ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണ്. നമ്മളെ നല്ല വെട്ടത്തു നിർത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണു ചെയ്യുന്നത്' മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ മുഖത്തിനു നേരെ വന്നിരുന്ന ലൈറ്റ് ഓഫ് ചെയ്തു. 'ഇപ്പോൾ ഈ സദസ്സിന്റെ ഒരു വൈപുല്യം മനസ്സിലാകുന്നുണ്ട്' മുഖ്യമന്ത്രി വിമർശിച്ചത് ഇങ്ങനെയാണ്.