കൊല്ലം: വാർത്താ സമ്മേളനത്തിനിടെ ഉണ്ടായ തുടർ ചോദ്യങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാന്റെ അതിക്രമത്തെ കുറിച്ചുള്ള ചോദ്യത്തിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. മൈക്ക് ഓഫാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും അദ്ദേഹം മറുപടി നൽകി. ഇന്നത്തെ വാർത്താസമ്മേളനം ചോദ്യോത്തരത്തിൽ തുടങ്ങിയ മുഖ്യമന്ത്രി, സമയം കഴിഞ്ഞാൽ എന്നും വാർത്താസമ്മേളനം അവസാനിപ്പിക്കാറുണ്ടെന്ന് വിശദീകരിച്ചു. അത് എന്തോ വലിയ സംഭവം എന്ന മട്ടിൽ അവതരിപ്പിക്കുന്നുവെന്നും ഇന്ന് തുടക്കത്തിൽ തന്നെ ചോദിക്കാൻ ഉള്ളത് ചോദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ആദ്യം തന്നെ ചോദ്യോത്തര പരിപാടിയിലേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ, ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. പിന്നാലെ, മൈക്ക് ഓഫ് ചെയ്ത് മറുപടി പറയാതെ മുഖ്യമന്ത്രി പുറത്തേക്കു നടക്കുകയായിരുന്നു.

ഇതു വാർത്തയായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്നു വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വിചിത്ര മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഗൺമാനെ ആദ്യം ന്യായീകരിച്ച മുഖ്യമന്ത്രി, 'എന്റെ ഗൺമാൻ ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല' എന്നു പറഞ്ഞു. 'ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല. എന്റെ കൺമുന്നിൽ കണ്ടതാണ് പറയുന്നത്. ദൃശ്യമാധ്യമങ്ങളും പത്രവും കണ്ടിട്ടില്ല' എന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ, 'ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ ഇടപെട്ടത് സ്വാഭാവികം' എന്നും പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങൾ കൂടുതൽ ചോദ്യം ഉന്നയിച്ചപ്പോൾ, പ്രകോപിതനായ മുഖ്യമന്ത്രി, 'കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ വേണ്ട' എന്നു പറഞ്ഞു. എസ്‌കോർട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി ഇന്നും രൂക്ഷവിമർശനം ഉന്നയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ പ്രധാനമന്ത്രി മാത്രമല്ലല്ലോ, രാഷ്ട്രപതിയും ഉണ്ടല്ലോയെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഗവർണറുടെ പദപ്രയോഗങ്ങൾ ശരിയായ രീതിയിലല്ല. ഉന്നത സ്ഥാനം വഹിക്കുന്നവർ ഇത്തരം മോശം രീതിയിൽ പ്രതികരിക്കാൻ പാടില്ല. ആർഎസ്എസ് അജൻഡയാണ് ഗവർണർക്കെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഗവർണറുടേത് ജൽപനങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുക?. ബാനർ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പറയുന്നത് ജൽപനം. ബാനറിനു പിന്നിൽ മുഖ്യമന്ത്രി എന്നതിന് എന്താണ് തെളിവ്?. ഒരു ഗവർണർ എന്തും വിളിച്ചുപറയാവുന്ന മാനസിക അവസ്ഥയിലെത്താമോ?. ഗവർണർ കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു'' മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.