- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് സെക്രട്ടറിയുടെ ടൈമിങ് തെറ്റിയതിൽ മുഖ്യമന്ത്രിയും കുപിതൻ! ഗവർണറുടെ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് രാജ്ഭവൻ സന്ദർശിച്ച ചീഫ് സെക്രട്ടറിയെ ശകാരിച്ച് മുഖ്യമന്ത്രി; തീരെ ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നായിരുന്നു ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി; വാർത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് അവിടെ പോകാൻ പാടില്ലായിരുന്നുവെന്നും പിണറായി
തിരുവനന്തപുരം: ഇന്നലെ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം വിളിച്ചിരിക്കവേയാണ് ചീഫ് സെക്രട്ടറി വി പി ജോയ് മകളുടെ വിവാഹം ക്ഷണിക്കാൻ വേണ്ടി അവിടെ പോയത്. ഈ സന്ദർശനം സർക്കാറിന്റെ ദൂതനായാണ് ചീഫ് സെക്രട്ടറി പോയത് എന്ന വ്യാഖ്യാനത്തിലും ഇടയാക്കി. മാധ്യമങ്ങളിൽ വാർത്ത വന്നതും ഇതേ നിരീക്ഷണത്തോടെയായിരുന്നു. എന്നാൽ, പിന്നീട് ഗവർണർ തന്നെയാണ് തന്നെ വിവാഹം ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്ന് പറഞ്ഞത്. ഇതോടെ ചീഫ് സെക്രട്ടറിയുടെ ടൈമിങ് തെറ്റിയെന്ന് ശരിക്കു ബോധ്യമാകുകയും ചെയ്തു. ഈ വിഷയം സംസ്ഥാന സർക്കാറിനും നാണക്കേടായപ്പോൾ വി പി ജോയിയെ മുഖ്യമന്ത്രി ശകാരിച്ചു.
ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി ഗവർണറെ കണ്ടത് അനുനയ നീക്കത്തിനായിരുന്നു എന്നതരത്തിലുള്ള വാർത്തകൾ വന്നതാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ 11.45-നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാർത്താ സമ്മേളനം. ഇതിന് തൊട്ടുമുമ്പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. ഇത് സർക്കാരിന്റെ അവസാനത്തെ അനുനയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരം ഒരു നീക്കത്തിന് പിന്നിലുള്ള കാരണം ഗവർണർ ചോദിച്ചപ്പോൾ മകളുടെ കല്യാണം ക്ഷണിക്കാനാണ് വന്നത് എന്ന വിശദീകരണമായിരുന്നു ചീഫ് സെക്രട്ടറി നൽകിയത്.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് ഫോണിൽ വിളിച്ച് ശകാരിച്ചത്. തീരെ ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നായിരുന്നു മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് രൂക്ഷമായ ഭാഷയിൽ പറഞ്ഞത്. ഇങ്ങനെ വാർത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി അവിടെ പോകാൻ പാടില്ലായിരുന്നു എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
എന്നാൽ രണ്ട് ദിവസം മുമ്പുള്ള അപ്പോയിന്മെന്റ് പ്രകാരമാണ് ഗവർണറെ കണ്ടത് എന്നായിരുന്നു വി.പി. ജോയ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. സർക്കാരിന്റെ രണ്ട് ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് താൻ അവിടെ പോയതെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എങ്കിലും ഈ ദിവസം ഇത്തരത്തിൽ ഒരു കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുക്കരുതായിരുന്നു എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
ഇന്നലെ ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് കാര്യമായി ആക്രമിച്ചത്. 2019ലെ ചരിത്ര കോൺഗ്രസിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടിരുന്നു. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സർക്കാരിന്റെ പിആർഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും വീഡിയോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ നേർക്ക് ആളുകൾ വന്നപ്പോൾ തടഞ്ഞത് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവർണർ ആരോപിച്ചു.
വേദിയിൽ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞത്. സെക്ഷൻ 124 പ്രകാരം ഗവർണറെ തടഞ്ഞാൽ സ്വമേധയാ കേസെടുക്കണം. ഏഴ് വർഷം തടവാണ് ശിക്ഷ. നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞു. സർക്കാറുമായി തുറന്ന യുദ്ധത്തിനെന്നാണ് ഗവർണർ പ്രഖ്യാപിച്ചത്. ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ