- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ വേദിയിൽ നിന്നും 20 അടിയിലേറെ അകറ്റി ബാരിക്കേഡ്; മാധ്യമങ്ങൾക്ക് പോലും നിയന്ത്രണം; കുഞ്ഞിനുള്ള മരുന്നു വാങ്ങാൻ പോലും അനുവദിക്കാതെ പൊലീസ് ചട്ടവും; പിണറായി മൂന്ന് ദിവസം നിരത്തിൽ ഇറങ്ങിയപ്പോൾ ജനങ്ങൾ തടവിൽ; പേടിച്ചരണ്ട പോലുള്ള വാഹന വ്യൂഹത്തിന്റെ ചീറിപ്പായൽ മറ്റുള്ളവർക്കും ഭീഷണി ആയതോടെ കോടതി ഇടപെടലും
കോട്ടയം: സംസ്ഥാന സർക്കാറിനെതിരെ ചെറിയ പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്യുമ്പോഴേക്കും സുരക്ഷ കൂട്ടി അകമ്പടി വാഹനങ്ങളുമായി ചീറിപ്പായുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്തവനാണെന്ന് പറയുമെങ്കിലും പ്രതിഷേധങ്ങൾ കണ്ടാൽ മുഖ്യമന്ത്രിക്ക് ഹാലിളകും. അതുകൊണ്ട് തന്നെയാണ് പിണറായിയുടെ പിടിവാശി സംരക്ഷിക്കാൻ പൊലീസും സുരക്ഷാ സേനയും പാടുപെടേണ്ടുന്ന അവസ്ഥ ഉണ്ടാകുന്നതും. കഴിഞ്ഞ മൂന്ന് നാല് ദിവസമായി മുഖ്യമന്ത്രി തലസ്ഥാനം വിട്ടു വിവിധ ജില്ലകളിൽ പരിപാടികൾക്ക് ഇറങ്ങിയിട്ടുണ്ട്. ഇങ്ങനെ മുഖ്യമന്ത്രി നിരത്തിൽ ഇറങ്ങിയതോടെ വലഞ്ഞത് ജനങ്ങളാണ്.
മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം പഴുതടച്ചുള്ള സുരക്ഷ ഒരുക്കാൻ പൊലീസ് മെനക്കെടുമ്പോൾ യഥാർഥത്തിൽ തടവിലാക്കപ്പെടുന്നത് നാട്ടുകാരാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. പിണറായി പ്രസംഗിക്കുന്ന വേദിയിൽ പോലും പൊലീസ് അതീവ ജാഗരൂകരാണ്. യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിക്കുമെന്ന ഭയമായിരുന്നു ഈ സന്നാഹങ്ങൾക്കെല്ലാം പിന്നിൽ.
തൃശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ ക്ഷീരസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽനിന്ന് 20 അടിയിലേറെ അകറ്റി ബാരിക്കേഡ് കെട്ടി വേർതിരിച്ചിച്ചിരുന്നു. പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇതിനു പിറകിലായിരുന്നു ഇരിപ്പിടം. പ്രതിഷേധിച്ചപ്പോൾ ക്യാമറാമാന്മാരെ അകത്തു പ്രവേശിപ്പിച്ചു. എന്നാൽ ജനങ്ങൾ ഇരുന്നിടത്തു തന്നെ തുടരേണ്ടിയും വന്നു.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കുഞ്ഞിനുള്ള മരുന്നു വാങ്ങാൻ പോലും സാധാരണക്കാരെ അനുവദിക്കാതെ പൊലീസിന്റെ അതിക്രമം എന്ന ആക്ഷേപമാണ് ഇന്നലെയോടെ ഉണ്ടായത്. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പോലും വൈകി. കരുതൽ തടങ്കലിലായ ഒരാളുടെ അമ്മയുടെ കാൻസർ പരിശോധന മുടങ്ങിയെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച വൈകിട്ട് 6.45നാണ് മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞതും വിവാദങ്ങൾക്ക് വഴിവെച്ചു. എംസി റോഡിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാൽ കാലടിയിലും കൊച്ചി വിമാനത്താവളത്തിലേക്കു തിരിയുന്ന മറ്റൂർ ജംക്ഷനിലും വൻ പൊലീസ് സന്നാഹമായിരുന്നു. വിദേശത്തേക്കു പോകുന്ന ഭാര്യയെ കൊച്ചി വിമാനത്താവളത്തിൽ വിട്ടു മടങ്ങുമ്പോഴാണ് കോട്ടയം തിരുവഞ്ചൂർ സ്വദേശി എസ്.ശരത് ഒപ്പമുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിക്കു മരുന്നു വാങ്ങാൻ വഴിയിലിറങ്ങിയത്.
കാർ അവിടെ നിർത്താൻ പാടില്ലെന്നായി പൊലീസ് ഉദ്യോഗസ്ഥൻ. മരുന്നു വാങ്ങി പെട്ടെന്നു പോകുമെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഒരു കിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും വേറെ മരുന്നുകട കാണാതെ ശരത് തിരികെവന്ന് സമീപത്തുള്ള ഹോട്ടൽ വളപ്പിൽ കാർ പാർക്ക് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ വീണ്ടും കയർത്തപ്പോൾ മരുന്നുകടയുടമ എം.സി.മത്തായി എതിർത്തു. അതോടെ കട പൂട്ടിക്കുമെന്നായി പൊലീസ്. മരുന്നു വാങ്ങി പെട്ടെന്നു മടങ്ങിയ ശരത്, മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യേഗസ്ഥർക്കും പരാതി അയച്ചു. ഇവിടെ കടകൾക്കുമുന്നിൽ നിന്നിരുന്നവരെയെല്ലാം പൊലീസ് ഒഴിപ്പിച്ചിരുന്നു. കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടതായും പരാതിയുണ്ട്. കറുത്ത ഷർട്ട് ധരിച്ചിരുന്ന ഇതര സംസ്ഥാനക്കാരനെ വിരട്ടിവിട്ടു. സ്റ്റാൻഡുകളിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും ഒഴിപ്പിച്ചു.
അതേസമയം ഇന്നലെയും യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽതടങ്കലിലാക്കി. പാലക്കാട്ടായിരുന്നു യൂത്ത് കോൺഗ്രസുകാരെ തടവിലാക്കിയത്. അതിനിടെ മുഖ്യമന്ത്രിയുമായി അകമ്പടി വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുമ്പോൾ ഇതിനൊക്കെ നിയമ സാധ്യത ഉണ്ടോ എന്നു കൂടി പൊതുജനം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അകമ്പടി വാഹനങ്ങൾ, അഗ്‌നിരക്ഷാവാഹനം, ആംബുലൻസ് എന്നിവയടങ്ങുന്ന വാഹനവ്യൂഹമാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടാവുക. മന്ത്രിമാർക്കൊപ്പം ഇവയില്ലെങ്കിലും വേഗത്തിന് കുറവില്ല.
സുരക്ഷ പരിഗണിച്ചാണ് പൊലീസ് അകമ്പടി ഒരുക്കുന്നത്. സർക്കാരിന്റെ ബ്ലൂബുക്ക് പ്രകാരം 80 കിലോമീറ്റർ വേഗമാണ് നിർദ്ദേശിച്ചിരിക്കുന്നത്. 32 വണ്ടികൾവരെ ഇതിൽ ഉൾപ്പെടുമെന്ന് റോഡ് സുരക്ഷാ വിദഗ്ധനായ മുൻ ആർ.ടി.ഒ. പി.ഡി.സുനിൽ ബാബു പറഞ്ഞു. അതിപ്രധാന വ്യക്തികളുടെ യാത്രാവിവരങ്ങൾ മുൻകൂട്ടി അറിയിക്കാറുണ്ട്. ബദൽ റൂട്ടുകളും കണ്ടുവെയ്ക്കണം. പൈലറ്റ് വാഹനങ്ങളും പ്രധാനവ്യക്തിയുടെ വാഹനത്തിന്റെ അതേ ഭാഗത്ത് നിൽക്കണം,-അദ്ദേഹം പറയുന്നു. റോഡിലെ മറ്റ് വാഹനങ്ങൾ ഏതാനും സമയത്തേക്ക് മാത്രമാണ് നിയന്ത്രിക്കുന്നതെന്നും മരുന്നുവാങ്ങാൻ വന്നവരെ തടയാൻ സർക്കാരോ, മന്ത്രിമാരോ നിർദ്ദേശിക്കാറില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
മുഖ്യമന്ത്രിക്ക് അതിസുരക്ഷ വേണമെന്ന് ഉറപ്പാണെങ്കിലും മന്ത്രിമാർക്ക് മുഴുവൻ റോഡുനിയന്ത്രണവും അമിതവേഗവും എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. വഴിയിലുള്ള മുഴുവൻ വാഹനങ്ങളുടെയും ഡ്രൈവർമാരെ അകമ്പടി പൊലീസ് ചീത്തപറഞ്ഞ് മാറ്റുന്ന കാഴ്ച കേരളത്തിൽ കാണുന്നത് ലജ്ജാകരമാണെന്ന് പൊതുപ്രവർത്തകർ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതയിൽ കഴിഞ്ഞ ദിവസം പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി വിവരം തേടിയിരുന്നു. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്‌ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്‌സിനോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്‌ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പത്മകുമാർ റിപ്പോർട്ട് തേടിയത്.
സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്‌ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിതവേഗതയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. കാലടി മറ്റൂരിൽ കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തിന് പൊലീസിന്റെ ഭീഷണി നേരിടേണ്ടി വന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു.
മറുനാടന് ഡെസ്ക്