കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും. ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന നിലയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുപോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉൾക്കൊള്ളാൻ ആർക്ക് കഴിയും? പ്രതിഷേധക്കാർക്കുനേരെ ഔദ്യോഗിക പദവിയിലിരിക്കുന്ന ആൾ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. അതാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏതെല്ലാം കഠിനപദങ്ങളാണ് ആ ചെറുപ്പക്കാർക്ക് നേരെ ഉപയോഗിച്ചത്. ക്രിമിനൽസ്, ബ്ലഡി റാസ്‌കൽസ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്. ഇതാണോ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്. ആ തരത്തിൽ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നത സ്ഥാനം. തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ നോക്കാൻ നിയമപരിപാലനത്തിലുള്ള ഉദ്യോഗസ്ഥരുണ്ടല്ലോ. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയിൽ അദ്ദേഹം എത്തിയിരിക്കുകയാണ്. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിച്ചിരിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്.

കേന്ദ്ര സർക്കാർ ശക്തമായി ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ചിലെ കേന്ദ്ര സർക്കാരിന്റെ വക്താക്കൾ ഗവർണറെ ന്യായീകരിക്കാൻ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കിൽ ഇത്തരം കാര്യങ്ങൾ തിരുത്തിക്കാനുള്ള ഇടപെടൽ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്' മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാധാരണ ഒരു ഗവർണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ്. എന്നാൽ ഇങ്ങനെയുള്ള മാനസികാവസ്ഥയിൽ എത്തിയാൽ എന്ത് ചെയ്യും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കുന്ന ബാനറുകൾ മുഖ്യമന്ത്രിയുടെ നിർദേശത്തിലാണ് ഉയർത്തിയതെന്ന് കഴിഞ്ഞ ദിവസം രാജ്ഭവൻ ഉന്നയിച്ച ആരോപണത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'വേറെ എന്തോ ഉദ്ദേശം അദ്ദേഹത്തിനുണ്ട്. നാട്ടിലാകെ ഒരു വല്ലാത്ത അന്തരീക്ഷം വന്നിരിക്കുന്നുവെന്ന് ഒരു പ്രതീതി ഉണ്ടാക്കണം. ആ പ്രതീതി സൃഷ്ടിക്കാൻ അദ്ദേഹം തന്നെ മുൻകൈ എടുത്ത് പ്രചാരണം നടത്തുകയാണ്. ഇതുപോലെ ഒരു വ്യക്തിയെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക. മുരളീധരനെ (കേന്ദ്രമന്ത്രി വി. മുരളീധരൻ) പോലുള്ള അപൂർവ്വം ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയും. സാധാരണനിലയെല്ലാം വിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആളാണ്. സംഭവങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ഞങ്ങൾ

തീരുമാനിച്ചിരിക്കുന്നത്. അതിന്റെ നടപടികൾ സ്വീകരിക്കും. ഗവർണർ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും. പ്രധാനമന്ത്രിയും പ്രസിഡന്റുമുണ്ട്. ആർക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കും' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.