- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നികുതി ഇളവുകൾ ഉൾപ്പെടെ നൽകി സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നത് ഇടതു നയവ്യതിയാനം; വിദേശ സർവ്വകലാശാലകളും വേണ്ട; ഇളവ് നൽകാതെ സ്വകാര്യ സർവ്വകലാശാലകളാകാം; മുഖ്യമന്ത്രിയെ നിലപാട് അറിയിച്ച് യെച്ചൂരി; ഒന്നും അറിയാതെയെന്ന് രാജൻ ഗുരുക്കളും; ബജറ്റിലെ 'പ്ലാൻ എ' മാറും
തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചെന്ന് സൂചന. വിദേശ സർവ്വകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പരസ്യമായി പറയുമ്പോൾ മന്ത്രിസഭയിലും ഏകോപനമില്ലേ എന്ന സംശയമാണ് ഉയരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ അതൃപ്തി സിപിഎം ദേശീയ നേതൃത്വം അറിയിക്കുന്നത്. വിദേശ സർവ്വകലാശാല വേണ്ടെന്ന തീരുമാനം പിണറായി സർക്കാരിന് എടുക്കേണ്ടി വരും. ധനവകുപ്പിന്റെ ബജറ്റ് പ്രസംഗം ഉന്നത വിദ്യാഭ്യാസ കൗൺസിലും അറിഞ്ഞില്ലെന്നാണഅ സൂചന. താൻ അറിഞ്ഞില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അറിയിച്ചു. കോൺക്ലേവിനെ കുറിച്ച് അറിയില്ലെന്നാണ് വിശദീകരണം.
ഇതോടെ ധന വകുപ്പ് തീരുമാനം വിവാദത്തിലായിട്ടുണ്ട്. മന്ത്രി ബിന്ദുവും ഒന്നും അറിഞ്ഞില്ല. എസ് എഫ് ഐയും എതിരാണ്. ഇക്കാര്യത്തിൽ എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചിട്ടുണ്ട്. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു വിശദീകരിച്ചു. സിപിഎം ദേശീയ നേതൃത്വത്തിന്റെ നയം വിദേശ സർവ്വകലാശാലയ്ക്ക് എതിരാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പിബി അംഗങ്ങളായ എംഎ ബേബിയും വി എസ് വിജയരാഘവനും അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് പിണറായിയെ നേരിട്ട് യെച്ചൂരി നിലപാട് അറിയിക്കുന്നത്. വിജയരാഘവന്റെ ഭാര്യയാണ് മന്ത്രി ബിന്ദു. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിന് തലങ്ങൾ പലതാണ്.
ഈ ബജറ്റിനെ പ്ലാൻ എ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു വിദേശ സർവ്വകലാശാല. അതു തന്നെ മാറുകയാണ്. കേന്ദ്ര സഹകരണമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതു തുടർന്നാൽ പ്ലാൻ ബി തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിദ്യാഭ്യാസ മേഖലയ്ക്കായി അവതരിപ്പിച്ച പ്ലാൻ ബി തന്നെ താളം തെറ്റുകയാണ്. ഈ സാഹചര്യത്തിൽ പ്ലാൻ ബി ഈ വിഷയത്തിൽ അനിവാര്യതയായി മാറുന്നു. കേരളത്തിന് സൂര്യോദയം നൽകാൻ വിദേശ സർവ്വകലാശാല വേണ്ടെന്ന സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട് അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ബജറ്റ് പ്രഖ്യാപനത്തിൽ തിരുത്തിന് സാധ്യത ഏറെയാണ്.
ഫീസ് നിശ്ചയിക്കാനും അദ്ധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നൽകി വിദേശസർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള യുജിസി. നീക്കത്തെ എതിർക്കുന്നുവെന്നതാണ് സിപിഎം അംഗീകരിച്ച നയം. രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്‌ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ദുഷിപ്പിക്കും. യുജിസിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാൻ സഹായകരമല്ലെന്ന് കഴിഞ്ഞ വർഷം സിപിഎം പരസ്യ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം ഭരണമുള്ള കേരളത്തിൽ ആ രീതി വരുന്നത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കും. നയം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതാണ് പിണറായിയെ അറിയിക്കുന്നത്. എന്നാൽ സ്വകാര്യ സർവ്വകലാശാലയോട് എതിർപ്പുമില്ല. എന്നാൽ സർക്കാർ ഇളവുകൾ നൽകുന്നതിനെ സിപിഎം ദേശീയ നേതൃത്വം അനുകൂലിക്കില്ല.
വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകളെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു ശപഥം ചെയ്തതിന്റെ 13ാം വാർഷികത്തിലാണ് അതേ സർവകലാശാലകൾക്കു സ്വാഗതവുമായി പിണറായി സർക്കാർ എത്തിയത്. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു വിദേശ സർവകലാശാലയ്‌ക്കെതിരായ നയം സ്വീകരിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കെ തന്നെ നയം ഉപേക്ഷിക്കുകയും ചെയ്തുവെന്ന വിമർശനവും ശക്തമാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകൾക്ക് അനുമതി നൽകണമെന്ന അഭിപ്രായം ഉയർന്നപ്പോൾ സിപിഎം അതിനെ വലിയൊരു രാഷ്ട്രീയ വിഷയമാക്കി. അന്നു കേരളത്തിൽ വി എസ് സർക്കാരായിരുന്നു. വിദേശ സർവകലാശാലകൾക്ക് എതിരായ സിപിഎം നയം നിയമസഭാ രേഖകളിലും വേണമെന്നു തീരുമാനിച്ചു. 2010 ജൂലൈ 7നു സി.രവീന്ദ്രനാഥ് ശ്രദ്ധക്ഷണിക്കലായാണു വിഷയം സഭയിൽ ഉന്നയിച്ചത്. ഇതെല്ലാം വിദേശ സർവ്വകലാശാലയ്ക്ക് എതിരായി മാറും.
ഉന്നത വിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കാൻ സംസ്ഥാനത്ത് വിദേശ സർവ്വകലാശാലയുടെ ക്യാമ്പസുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ എതിർത്ത് എസ്എഫ്ഐ രംഗത്തു വന്നിരുന്നു. വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇതിനോട് എസ്എഫ്ഐയ്ക്ക് യോജിപ്പില്ലെന്നും പ്രസിഡന്റ് കെ അനുശ്രീ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സർവകലാശാലകൾ വരുന്നതിൽ സർക്കാർ നിയന്ത്രണം ഉണ്ടാവണമെന്നാണ് എസ്എഫ്ഐയുടെ നിലപാട്. ഓട്ടോണമസ് കോളേജുകൾ സംസ്ഥാനത്തുകൊണ്ടുവരുന്നതിനെതിരെ സമരം ചെയ്ത ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. ആ നിലപാട് തന്നെയാണ് വിദേശ സർവ്വകലാശാലയുടെ കാര്യത്തിലുള്ളതെന്നും അനുശ്രീ വിശദീകരിച്ചിരുന്നു.
സംസ്ഥാനത്ത് നികുതി ഇളവുകൾ ഉൾപ്പെടെ നൽകി സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. പഠനത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കണ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ സർവ്വകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു.
ഇതാണ് വിവാദമായി മാറുന്നത്. ഇതിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് നികുതി ഇളവ് നൽകുന്നതിനേയും സിപിഎം അനുകൂലിക്കില്ല.