മൂന്നാർ; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ സ്വീകരിക്കികയാണെന്ന് പരാതി. കഴിഞ്ഞ 33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും 2 പൈസ മാത്രമാണ്.ഈ കാലയളവിൽ സൂപ്പർവൈസർമാരുടെ ഡിഎ ആവശ്യസാധനങ്ങളുടെ വിലവർദ്ധനയ്ക്ക് ആനുപാതികമായി വർദ്ധിപ്പിച്ചു.പി എൽസി കമ്മറ്റി ഈ വിഷയത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോന്നിരുന്നത്.

അതിനാൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജ്ജിയിൽ അനുകൂല വിധിയും ലഭിച്ചു.മുഖ്യമന്ത്രി ,തൊഴിൽ വകുപ്പ് മന്ത്രി,പ്രതിപക്ഷനേതാവ് ,ലേബർ കമ്മീഷണർ എന്നിവർക്കെല്ലാം ഉത്തരവിന്റെ കോപ്പി എത്തിച്ചുനൽകി.വിധി വന്നിട്ട് ഇപ്പോൾ 2 മാസം പിന്നിട്ടു.ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല.പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളിയായ ഷൺമുഖനാഥൻ പറഞ്ഞു.

ഹൈക്കോടതി ഷൺമുഖനാഥന്റെ ഹർജ്ജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലേബർകമ്മീഷണർ നൽകിയ സത്യവാംങ് മൂലത്തിൽ ഡിഎ വർദ്ധനയുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 1990 ഫെബ്രുവരി 14 ന് 4.5 പൈസയിൽ നിന്നും 5 പൈസയായി ഡിഎ ഉയർത്തിയിരുന്നു.ഇത് പിന്നീട് 1996 ജൂലൈ 15-ന് 6 പൈസയായും 2008 സെപ്തംമ്പർ 29 ന് 6.50 പൈസയായും 2017 മെയ് 17-ന് 7 പൈസയായും ഉയർത്തി.ഇതിന് ശേഷം വർദ്ധനയുണ്ടായിട്ടില്ല.ചൂരുക്കത്തിൽ 1990 മുതൽ 2023 വരെയുള്ള 33 വർഷം പിന്നിടുമ്പോൾ വർദ്ധന വെറും 2 പൈസ മാത്രം.

അവശ്യസാധനങ്ങളുടെ വിലവർദ്ധകണക്കിലെടുത്ത് ആനുപാതികമായി പോയിന്റുകൾ നിശ്ചയിച്ചാണ് പിഎൽസി കമ്മറ്റി ഡിഎ വർദ്ധന നിശ്ചയിച്ചിരുന്നത്.മേൽപ്പറഞ്ഞ കാലഘട്ടത്തിൽ സൂപ്പർ വൈസർമാരുടെ ഡിഎ ഒരു പോയിന്റിന് 60 പൈസയായി വർദ്ധിപ്പിച്ചിരുന്നു.തൊഴിലാളികളുടെ കാര്യത്തിൽ ഇത് ഒരു പോയിന്റിന് 2 പൈസയായി ചുരുങ്ങി.

തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം ഇല്ലന്നായിരുന്നു മുമ്പ് ലേബർ കമ്മീഷണർ നൽകിയിരുന്ന രേഖകലിൽ സൂചിപ്പിച്ചിരുന്നത്.ഷൺമുഖനാഥൻ കേസിൽ ഇതെ ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചപ്പോൾ മുമ്പ് പുറത്തുവന്നിരുന്ന വിവരങ്ങൾ തെറ്റാണെന്ന് ബോദ്ധ്യമായി. ഇതുവരെ ഡിഎ വർദ്ധന ആവശ്യപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ലന്ന് വാദിച്ച് കേസിൽ നിന്നും തലയൂരാൻ ലേബർകമ്മീഷണർ നടത്തിയ നീക്കം കോടതി മുഖവിലയ്ക്കെടുക്കാതെ തള്ളുകയായിരുന്നു.

ഈ കലായളവിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടില്ലന്ന തരത്തിൽ ലേബർ കമ്മീണറുടെ ഭാഗത്തുനിന്നും വാദവമുഖങ്ങൾ ഉയർന്നിരുന്നു.സംസ്ഥാന സർക്കാരിന്റെ സാമ്പത്തീക സ്ഥിതിവിവര കണക്കുവകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിവരാവകാശപ്രകാരം ലഭ്യമായ വിവരങ്ങൾ കോടതിയിൽ എത്തിയപ്പോൾ ഈ വാദവും പൊളിഞ്ഞു.300 ൽപ്പരം ഇനം സാധനങ്ങൾക്ക് വില വർദ്ധനയുണ്ടായതായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരുന്നു.

തുടർന്നാണ് ഷൺമുഖനാഥൻ ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് ന്യായമായ കാര്യമാണെന്നും ഇത് സർക്കാർ പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഷൺമുഖനാഥന്റെ നിയമപോരാട്ടം വിജയിച്ചെങ്കിലും സർക്കാർ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

കേസ് നടത്താൻ പൊതുപ്രവർത്തകനായ ഐ കരിമും സമാന മനസ്‌കരായ ഏതാനും പേരും സഹായിച്ചിരുന്നു.സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികൾക്ക് ഗുണം കിട്ടുന്നതാണ് കോടതി ഉത്തരവ്.ഇത് കണ്ടില്ലന്ന് നടിക്കുന്നത് അവർക്ക് അവകാശപ്പെട്ട നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ അർഹതപ്പെട്ട ആനൂകൂല്യം ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.ഷൺമുഖനാഥൻ ആവശ്യപ്പെട്ടു.

തുച്ഛമായ ശമ്പളത്തിന്,പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇവർക്കിടയിൽ ഇനിയും വേണ്ടെത്ര പുരോഗതിയുണ്ടായിട്ടില്ല.ഈ സാഹചര്യത്തിലാണ് നാമമാത്രമായ ഡിഎ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.

ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന് പിന്നിൽ ദൂരുഹതയുണ്ട്.വൻകിട തോട്ടം ഉടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.കേസ് നടത്തിപ്പിൽ ഷൺമുഖനാഥന്റെ സഹായായിരുന്ന ഐ കരീം വ്യക്തമാക്കി.