- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പിനോട് കലിപ്പ് തീരുന്നില്ല! പ്ലസ് വൺ പരീക്ഷയുടെ ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; 'ചുവപ്പിനെന്താണ് കുഴപ്പ'മെന്ന് മന്ത്രി ശിവൻകുട്ടി; അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയെന്ന് വിദ്യാർത്ഥികൾ; ചോദ്യപേപ്പർ മാറാതിരിക്കാൻ നിറം മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്; വിമർശനവുമായി അദ്ധ്യാപക സംഘടനകൾ
തിരുവനന്തപുരം: വെള്ളിയാഴ്ച തുടക്കമായ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് കറുപ്പിന് പകരം ചുവപ്പു നിറത്തിൽ. സാധാരണ വെള്ള പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ചുവരുന്ന ചോദ്യപേപ്പറിലാണ് ഇത്തവണ ചുവപ്പിന്റെ 'അധിനിവേശം'. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം.
ഒരേസമയം ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നടക്കുന്നതിനാൽ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്ലസ് വൺ ചോദ്യങ്ങളുടെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു. പ്ലസ് ടു ചോദ്യങ്ങൾ കറുത്ത മഷിയിൽ തന്നെയാണ് അച്ചടിച്ചുനൽകിയത്.
എന്നാൽ, മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്‌നത്തിന്റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പറയുന്നത്.
ചോദ്യങ്ങൾ കറുപ്പിനു പകരം ചുവപ്പിൽ അച്ചടിച്ചതിനോട് സമ്മിശ്രമായാണ് വിദ്യാർത്ഥികൾ നടത്തിയത്. ചുവപ്പു നിറം പ്രശ്‌നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ഭൂരിഭാഗം വിദ്യാർത്ഥികൾ പറഞ്ഞു.
പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പർ നൽകിയതിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. പരീക്ഷകൾക്ക് ആദ്യമായി പിങ്ക് കലർന്ന ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ കളറിൽ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ ആവശ്യപ്പെട്ടു.
രണ്ടര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള പരീക്ഷകൾക്ക് കളർ ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യാൻ സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഫ്‌ളൂറസന്റ് റിഫ്‌ളക്ഷൻ പ്രതീതി സൃഷ്ടിക്കുന്ന ചോദ്യപേപ്പറുകൾ കുട്ടികളുടെ കണ്ണുകൾക്ക് പ്രശ്‌നമുണ്ടാക്കാനിടയായിട്ടുണ്ടെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കി ഹയർ സെക്കൻഡറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാത്തരം വിദ്യാർത്ഥികളെയും പരിഗണിച്ച് ചോദ്യ പേപ്പർ കറുത്ത കളറിൽ തന്നെ പ്രിന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ