തിരുവനന്തപുരം: ജന്മദിനത്തിന് ആശംസകൾ ലഭിക്കുന്നത് സ്വാഭാവികമാണ്. ഹൃദയബന്ധമുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആശംസകളുമായെത്തും. എന്നാൽ ജന്മദിനത്തിന് നേരിട്ട് ആശംസ നേരുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായാലോ ? അത്തരമൊരു ആശംസാ ജന്മദിനത്തിന്റെ അസുലഭ ഭാഗ്യത്തിലാണ് കൊല്ലം ജില്ലയിലെ ഓച്ചിറ ചങ്ങൻകുളങ്ങര മഠത്തിൽ ജെ. ശങ്കരപ്പിള്ള. 77 ആം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇമെയിൽ വഴിയാണ് ശങ്കരപ്പിള്ളയ്ക്ക് ജന്മദിനാശംസ നേർന്നത്. ജീവിതത്തിലെ മഹനീയ മുഹൂർത്തങ്ങളിലൊന്നാണ് ഇതെന്ന് ശങ്കരപ്പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു.

പൊതു പ്രവർത്തകനാണ് ശങ്കരപ്പിള്ള. 20 വർഷത്തോളം ഇന്ത്യൻ വായുസേനയിൽ സേവനമനുഷ്ഠിച്ചു. അതിന് ശേഷം എട്ട് വർഷം പ്രവാസിയായി. പ്രവാസ ജീവിതത്തിനിടയ്ക്ക് ഒട്ടേറെ മനുഷ്യരുടെ കഷ്ടപ്പാടുകളും യാതനയും കണ്ടു. അന്നേ തീരുമാനിച്ചു, തിരികെ, നാട്ടിലെത്തുമ്പോൾ പൊതു സേവനത്തിന് ജീവിതം മാറ്റിവയ്ക്കുമെന്ന്. നാട്ടിലെത്തി കുറച്ചു നാൾ എസ് ബി ടി യിൽ ജോലി ചെയ്തു. അതിനു ശേഷം മുഴുവൻ സമയ പൊതു പ്രവർത്തനത്തിനിറങ്ങി.

ലീഗൽ സർവീസ് സൊസൈറ്റിയുടെ വാളണ്ടിയറായായിരുന്നു ആദ്യ പ്രവർത്തനം. ഒപ്പം ഓച്ചിറ ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിലും സഹകരിച്ചു തുടങ്ങി. വീടില്ലാത്തവർക്ക് വീട്, അശരണർക്ക് സഹായം, ഒറ്റപ്പെടുന്നവർക്ക് താങ്ങ്, നിരാലംബരെ ആശ്രയ കേന്ദ്രങ്ങളിലാക്കൽ, നാട്ടിൽ മരിക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം. ... അങ്ങനെ എത്രയെത്ര പ്രവർത്തനങ്ങൾ. ശങ്കരപ്പിള്ള നാട്ടുകാർക്ക് പ്രിയങ്കരനായത് വളരെപ്പെട്ടെന്നാണ്.

മരിച്ചു പോകുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം ലഭ്യമാകുന്നതിലെ നൂലാമാലകൾ ഒഴിവാക്കാൻ ഒട്ടേറെ പേരാണ് ശങ്കരപ്പിള്ളയെ സമീപിച്ചത്. ഓരോന്നിലും ഇടപെടും. സെക്രട്ടേറിയറ്റ് മുതൽ താഴേതലം വരെയുള്ള ഓഫീസുകളിൽ കയറിയിറങ്ങി. നൂറുകണക്കിന് പേർക്ക് ധനസഹായം ലഭ്യമാക്കി. അതിനിടയിലാണ് ചിലരുടെ ബുദ്ധിമുട്ടുകൾ ശങ്കരപ്പിള്ളയുടെ ശ്രദ്ധയിൽപ്പെട്ടത്.

ദേശീയതലത്തിൽ പ്രധാനമന്ത്രിയുടെ നാഷണൽ ഫാമിലി ബെനിഫിഷ്യറി ഫണ്ട് എന്നൊരു സ്‌കീമുണ്ട്. അറുപത് വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ഗൃഹനാഥൻ മരിച്ചാൽ ബിപിഎൽ കുടുംബമാണെങ്കിൽ വിധവയ്ക്ക് 20000 രൂപ ഈ ഫണ്ടിൽ നിന്നും ലഭിക്കും. പ്രവാസി ധനസഹായം ലഭിച്ച ആർക്കും ഈ ഫണ്ട് കിട്ടുന്നില്ല. ഒട്ടേറെ പേർ ഫണ്ട് ലഭിക്കാൻ സഹായമഭ്യർത്ഥിച്ച് ശങ്കരപ്പിള്ളയെ സമീപിച്ചു. ശങ്കരപ്പിള്ള രംഗത്തിറങ്ങാൻ തീരുമാനിച്ചു.

ആദ്യഘട്ടമായി ശങ്കരപ്പിള്ള കൊല്ലം ജില്ലാകളക്ടറെ നേരിൽ കണ്ടു. കളക്ടർ കരുനാഗപ്പള്ളി തഹസിൽദാറെ കാണാൻ നിർദ്ദേശിച്ചു. അങ്ങനെ തഹസിൽദാറെ കണ്ടപ്പോഴാണ് കാര്യം ബോധ്യമായത്. പ്രധാനമന്ത്രിയുടെ സ്‌കീമിനു വേണ്ടി ഫണ്ട് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. അങ്ങനെ ശങ്കരപിള്ള പരമാവധി രേഖകൾ സമാഹരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. അങ്ങയുടെ നാഷണൽ ഫാമിലി ബെനിഫിഷ്യറി ഫണ്ട് നിർധനരായ വിധവകൾക്ക് ലഭിക്കുന്നില്ല. ഈ ഫണ്ട് ലഭിക്കാൻ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം.

കത്തയച്ച് മറുപടിക്ക് കാത്തുനിൽക്കാതെ ശങ്കരപ്പിള്ള രണ്ടാംഘട്ട നടപടികൾ തുടങ്ങി. അതിനായി ഈ ഫണ്ടുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെയുള്ള വിവരശേഖരണം തുടങ്ങി. രാത്രികാലങ്ങളിൽ അക്ഷയ സെന്ററുകളിൽ പോയി കുത്തിയിരുന്നു. ഈ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വിവരങ്ങൾ തിരക്കി. അപ്പോഴാണ് ശങ്കരപ്പിള്ളയ്ക്ക് ഒരു കാര്യം ബോധ്യമായത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഫണ്ട് വിതരണം മുടങ്ങിയിരിക്കുകയാണ്.

ഇതിനിടയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടിക്കത്ത് ശങ്കരപിള്ളയ്ക്ക് ലഭിച്ചു. നടപടിക്ക് ശങ്കരപ്പിള്ളയുടെ പരാതി കേരള പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. ഇതിന് ശങ്കരപ്പിള്ള പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടിക്കത്ത് നൽകി. ചെറിയ പ്രശ്‌നമല്ല ഇത്, കേരളത്തിന്റെ മാത്രം കാര്യമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. ഒരിടത്തും ഫണ്ട് വിതരണം നടക്കുന്നില്ല. ശങ്കരപ്പിള്ളയുടെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തിലെടുത്തു. നടപടികൾ വേഗം തുടങ്ങി. താമസിയാതെ വിധവകൾക്ക് അർഹമായ ഫണ്ട് കേന്ദ്രസർക്കാർ ലഭ്യമാക്കി.

വലിയൊരു ശ്രമം ഫലം കണ്ടതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് അവിചാരിതമായി ഇരട്ടിമധുരത്തോടെ 77 ആ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ നേരിട്ട് ശങ്കരപിള്ളയെ തേടിയെത്തുന്നത്.

ജീവിതത്തിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിന്റെ ചാരിതാർത്ഥ്യത്തോടൊപ്പം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ആശംസാ വാചകങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകരുമെന്ന് ശങ്കരപിള്ള കരുതുന്നു. രാജേശ്വരി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ... മധുശങ്കരപ്പിള്ളയും മിനി മുരളീധരനും. ഇരുവരും യു എ ഇയിൽ. മധു മറൈൻ എഞ്ചിനീയറും മിനി അദ്ധ്യാപികയുമാണ്.