- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പാലം രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുക്കും; 17,843 കോടി രൂപ ചെലവഴിച്ച കടൽപ്പാലം ഒരു എൻജിനീയറിങ് വിസ്മയം
മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം നാളെ ഉദ്ഘാടനം ചെയ്യും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) പാലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്നത്. കടലിന് മുകളിലൂടെ 16.50 കിലോമീറ്ററും കരയിലൂടെ 5.5 കിലോമീറ്ററുമാണ് പാലം കടന്നുപോകുന്നത്. 17,843 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പാലത്തിന്റെ നിർമ്മാണം 2018ലാണ് ആരംഭിച്ചത്.
മുംബൈയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടുന്നതിനായി 1990കളിൽ ആലോചന ആരംഭിച്ചതാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. വിശദമായ പഠനങ്ങൾക്കും സർവേ നടപടികൾക്കും ശേഷം 2016ലാണ് പ്രധാനമന്ത്രി മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. കഴിഞ്ഞ മാസമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. അടൽ സേതു എന്നാണ് കടൽപ്പാലത്തിന് പേരു നൽകിയിരിക്കുന്നത്.
സ്യൂരിയെയും നാവാശോവയെയും ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലമാണെന്ന പ്രത്യേകതയുമുണ്ട്. ആറുവരിപ്പാതയാണ് പാലത്തിലൊരുക്കിയിരിക്കുന്നത്. കപ്പലുകൾക്ക് അടിയിലൂടെ കടന്നുപോകാൻ സാധിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിക്കുന്ന എംടിഎച്ച്എൽ റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ എത്തിച്ചേരും.
ശിവാജി നഗർ, ജാസി, ചിർലെ എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകൾ ഉണ്ടായിരിക്കും. പാലം തുറന്ന് കൊടുക്കുന്നതോടെ മുംബൈ, നവി മുംബൈ, പൂണെ, ഗോവ, പൻവേൽ, അലിബാഗ് നഗരങ്ങളെ ബന്ധിപ്പിക്കാൻ സാധിക്കും. ഏറെ തിരക്കുള്ള മുംബൈയിൽ നിന്ന് നവിമുംബൈയിലെക്ക് വെറും 20 മിനിറ്റിൽ എത്തിച്ചേരാനാകുമെന്നതാണ് പ്രത്യേകത. നിലവിൽ മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് എത്താൻ ഒരു മണിക്കൂറിലധികം സമയമാണ് വേണ്ടത്.
പ്രതിദിനം 70,000 വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകും. പാലത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പാലത്തിലേക്ക് പ്രവേശനമില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടങ്ങളും മറ്റ് തടസങ്ങളും ഇല്ലാതാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹനങ്ങൾ തകരാറിലായാൽ കൺട്രോൾ റൂമിനെ അറിയിക്കാൻ രൂപകൽപ്പന ചെയ്ത നിമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കാമറകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുംബൈ പൊലീസ് കടൽപ്പാലത്തിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കായുള്ള ടോൾ നിരക്കുകൾ അധികൃതർ പുറത്തുവിട്ടിരുന്നു.
എംടിഎച്ച്എല്ലിൽ ഒരു വൺ-വേ ട്രിപ്പിന് മഹാരാഷ്ട്ര സർക്കാർ ഒരു കാറിന് 250 രൂപ ടോൾ ചാർജായി നിശ്ചയിച്ചിട്ടുണ്ട്, പതിവ്, സ്ഥിരം യാത്രക്കാർക്കും പാസ് ഹോൾഡർമാർക്കും ഇളവ് നൽകാനുള്ള ഓപ്ഷനും ഉണ്ട്. പാലത്തിന്റെ പ്രധാന ഭാഗങ്ങൾ മുഴുവൻ കടലിലാണ്, ഏതാണ്ട് 16 കിലോമീറ്ററിലധികം വരുമിത്. കുറഞ്ഞത് രണ്ടോ മൂന്നോ മടങ്ങ് ചെലവേറിയ മുംബൈയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ നവി മുംബൈയെ ഒരു പ്രായോഗിക പാർപ്പിട കേന്ദ്രമായി കാണുമെന്നതിനാൽ തന്നെ, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി, മേഖലയിലെ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മറുനാടന് ഡെസ്ക്