തൃശൂർ: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് വഴിപാട് നടത്തി. വേദാർച്ചനയിലും പങ്കെടുത്തു. ഭജനയിലും പങ്കെടുത്തു. വിവിധ വഴിപാടുകളുമായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തൃപ്രയാറിലെ പ്രധാന വഴിപാടാണ് മീനൂട്ട് വഴിപാട്. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലെ മീനുകളെ ഊട്ടിയാൽ ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും തൃപ്രയാറപ്പന് നൽകുമെന്നാണ് വിശ്വാസം. ഭക്തർ നൽകുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യത്തിന്റെ രൂപത്തിലെത്തുവെന്നൊരു ഐതീഹ്യവുമുണ്ട്.

കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണ് തൃപ്രയാർ ക്ഷേത്രം. തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാർ. കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാർ ക്ഷേത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ഈ വിഗ്രഹം കടലെടുത്തുവെന്നും പിന്നീട് മുക്കുവർക്ക് കിട്ടിയെന്നാണ് ഐതീഹ്യം.

ഗുരുവായൂരിൽ നിന്നും വലപ്പാട് സ്‌കൂൾ ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രിഅവിടെ നിന്നും കാറിലാണ് തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തു. ഇവിടെ കുട്ടികൾ ദേവങ്ങൾ പാടിയത് മോദി ശ്രവിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുന്നതിനായി ഈ സമയം നിരത്തിൽ ജനം തടിച്ചുകൂടുകയും ചെയ്തിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിനും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃപ്രയാറിലേക്ക് തിരിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധൂവരന്മാർക്ക് അക്ഷതം നൽകി അനുഗ്രഹം നൽകി. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾക്കും അക്ഷതം നൽകി.

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം, ഖുശ്‌ബു, ദുലീപ്, ഷാജി കൈലാസ്,രചന നാരായണൻകുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.