- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൽ സേതു രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
മുംബൈ: രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ന് ഒരുപൊൻതൂവൽ ചാർത്തി. രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് എളുപ്പം എത്താൻ സഹായിക്കുന്ന 21.8 കിലോമീറ്റർ നീളമുള്ള മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് കടൽപ്പാലത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചു.
മുംബൈയിലെ സെവ്രിയെയും റായ്ഗഡിലെ നാവ ശിവയെയും ബന്ധിപ്പിക്കുന്ന പാലം. മുംബൈയെയും നവി മുംബൈയെയും കൂടുതൽ അടുപ്പിക്കുന്ന ട്രാൻസ് ഹാർബർ ലിങ്ക് അടൽ സേതു എന്നു അറിയപ്പെടുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമയ്ക്കാണ് അടൽ സേതു എന്നുപേരിട്ടത്. ആറുവരി പാതയാണ്.
ഗതാഗത കുരുക്കിന് പരിഹാരം
മുബൈയിലെ ഗതാഗതക്കുരുക്കിന് അടൽ സേതു പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് വേഗത്തിൽ ഇനി മുതൽ യാത്ര സാധ്യമാകും. പുതിയ പാലം വന്നതോടെ മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലവും ഇതാണ്.
ഏഴുവർഷം എടുത്താണ് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡവലപ്പ്‌മെന്റ് അഥോറിറ്റി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിവിധ ഹൈവേകളെയും റോഡുകളും ബന്ധിപ്പിച്ച് കൊണ്ടാണ് കടൽപ്പാലം. 2032 ഓടെ കടൽപ്പാലത്തിലൂടെ കടന്നുപോകുന്ന കാറുകളുടെ എണ്ണം 1.03 ലക്ഷമായി മാറുമെന്നാണ് കണക്കുകൂട്ടൽ. തുടക്കത്തിൽ ഇത് 39,300 യാത്രാ കാറുകളായിരിക്കുമെന്നും മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
21,200 കോടി രൂപ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. നൂറ് കിലോമീറ്റർ വരെ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ക്രമീകരണമാണ് ആറുവരിപ്പാതയിൽ ഒരുക്കിയിരിക്കുന്നത്. 16.50 കിലോമീറ്റർ കടലിന് മുകളിലും 5.50 കിലോമീറ്റർ കരയ്ക്ക് മുകളിലുമായാണ് കടൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
ഭൂചലനത്തെ ചെറുക്കും
2018 ൽ അടൽ സേതുവിനെ ശക്തിപ്പെടുത്താൻ ഐഐടി ബോംബെയെ ചുമതലപ്പെടുത്തിയിരുന്നു. ഭൂചലനങ്ങളെ ചെറുക്കാൻ പാകത്തിലുള്ള രൂപകൽപ്പനയാണ് പാലത്തിന്. 6.5 വരെ റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തുന്ന നാല് വ്യത്യസ്ത തരത്തിലുള്ള ഭൂചലനങ്ങളെ ചെറുക്കാൻ കടൽപ്പാലത്തിന് കഴിയുമെന്ന് ഐഐടി ബോംബെ സിവിൽ എഞ്ചിനീയറിങ് മേധാവി പ്രൊഫ. ദീപാങ്കർ ചൗധരി പറഞ്ഞു.
പാലം നിർമ്മാണത്തിന് നിരവധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്. പാലത്തിലെ ലൈറ്റുകൾ കടൽ ജീവികൾക്ക് ശല്യമാകാത്ത തരത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാഹനങ്ങളുടെ ഹോണും ശബ്ദവും ദേശാടന പക്ഷികൾ അടക്കമുള്ളവയെ ബാധിക്കാതിരിക്കാൻ സെവ്രിയിൽ നിന്ന് 8.5 കിലോമീറ്റർ ദൂരത്തിൽ പാലത്തിന്റെ കൈവരിയിലായി പ്രത്യേക നോയിസ് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്.
ഉയർന്ന വേഗതയിലുള്ള കാറ്റിനേയും ഇടിമിന്നലിനേയും ചെറുക്കാനുള്ള സംവിധാനങ്ങളും പാലത്തിലുണ്ട്. സുരക്ഷയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ബാരിയറുകളും പാലത്തിൽ നൽകിയിട്ടുണ്ട്. ഓരോ 330 മീറ്റർ അകലത്തിലും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പാലത്തിൽ വാഹനങ്ങൾ നിർത്താൻ പാടില്ല. യു ടേണും അനുവദിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ വാഹനങ്ങൾക്ക് നിർത്താനും മറ്റുമായി രണ്ട് പ്രത്യേക ഡെക്കുകൾ പാലത്തിലുണ്ട്.
ഓപ്പൺ ടോൾ: 100 കിലോമീറ്റർ വേഗതയിൽ നിർത്താതെ പായാം
ടോൾ ബൂത്തുകളിലൂടെ 100 കിലോമീറ്റർ വേഗതയിൽ നിർത്താതെ പായാവുന്ന ഇന്ത്യയിലെ ആദ്യ കടൽപ്പാലമാണ് അടൽസേതു. അത്യാധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പൺ ടോളിങ് സിസ്റ്റമാണ്. 2024 മുതൽ 2053 വരെ 30 വർഷത്തേക്കാണ് ടോൾ വാങ്ങുന്നത്. കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 250 രൂപയും, ഇരുവശത്തക്കുമുള്ള യാത്രയ്ക്ക് 375 രൂപയുമാണ് നിരക്ക്. ഈ നിരക്ക് വളരെ കൂടുതലാണെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. എന്നാൽ, ഓരോ യാത്രയിലും ഇന്ധന ലാഭം 500 രൂപയെങ്കിലും വരുമെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. സ്ഥിരംയാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ പ്രതിദിന, പ്രതിമാസ പാസുകളും വാങ്ങാം.
ബൈക്കും ഓട്ടോയും അനുവദിക്കില്ല
ആറുവരിപ്പാതയ്ക്ക് പുറമേ അടിയന്തരാവശ്യങ്ങൾക്കായി ഏഴാമത് ഒരു വരിയുമുണ്ട്. മോട്ടോർ ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനം, മറ്റ് വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവയ്ക്ക് പാലത്തിൽ നോ എൻട്രിയാണ്. കാർ, ടാക്‌സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ, മിനിബസ് എന്നിവയ്ക്ക് മണിക്കൂറിൽ 100 കിലോമീറ്ററാണ് പരമാവധി സ്പീഡ്.