തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സി.പി.എം മന്ത്രിമാര്‍ക്കിടയിലും അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവന്‍കുട്ടിയും അല്ലാതെ മറ്റുള്ള മന്ത്രിമാരൊന്നും ഈ വിവരം നേരത്തെ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ സി.പി.ഐ എതിര്‍ക്കുന്നതിനിടയിലും ധാരണാപത്രം തയ്യാറാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി അറിയിച്ചില്ല. ശിവന്‍കുട്ടി വിവരം പങ്കുവയ്ക്കാതിരുന്നതും അഭിപ്രായം പോലും ചോദിക്കാതിരുന്നതുമാണ് മറ്റു സി.പി.എം മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. കേന്ദ്രഫണ്ട് സ്വീകരിക്കുന്ന വിഷയമായിട്ടു കൂടി ധനവകുപ്പ് ഉദ്യോഗസ്ഥരെപ്പോലും അറിയിച്ചില്ലെന്ന പ്രതിഷേധവും സെക്രട്ടറിയേറ്റില്‍ ഉയരുന്നു.

പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് ചില സി.പി.എം മന്ത്രിമാര്‍ അറിഞ്ഞിരുന്നില്ല. പലരും മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. 16 ന് ധാരണാപത്രം ഒപ്പിടാന്‍ അതീവ രഹസ്യമായ നീക്കങ്ങളാണ് ഡെല്‍ഹിയില്‍ നടന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് വിവരം അറിഞ്ഞിരുന്നത്. മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞില്ലെന്നു മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കിടയില്‍ പോലും ഈ വിവരം പുറത്തു വരാതിരിക്കാന്‍ ശിവന്‍കുട്ടി ശ്രദ്ധിച്ചിരുന്നു. ഇതാണ് മറ്റു മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയും അഡീഷണല്‍ സെക്രട്ടറി ചിത്രയും ഡെല്‍ഹിയിലേക്ക് പോയതു പോലും രഹസ്യ സ്വഭാവം സൂക്ഷിച്ചു കൊണ്ടാണ്. എല്ലാം പിണറായി വിജയന്‍ നിശ്ചയിച്ചു. ശിവന്‍കുട്ടി നടപ്പാക്കുകയും ചെയ്തുവെന്ന തരത്തിലാണ് വിലയിരുത്തല്‍. പണ്ട് കാലത്ത് ഇത്തരത്തിലൊന്ന് സിപിഎം ഭരണകാലത്ത് സംഭവിക്കില്ല. എന്നാല്‍ ഇന്ന് പിണറായി നിശ്ചയിച്ചാല്‍ ആരും എതിര്‍ക്കാന്‍ പോലുമില്ല. അതുകൊണ്ട് തന്നെ പിഎം ശ്രീയിലും ആരും പിണറായിയേയോ ശിവന്‍കുട്ടിയേയോ സിപിഎമ്മില്‍ വിമര്‍ശിക്കില്ല.

പി.എം. ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ പട്ടിക കേരളം ഉടന്‍ കേന്ദ്രത്തിന് കൈമാറില്ലെന്നാണ് സൂചന. ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് അടിയന്തരമായി കടക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ധാരണാപത്രം ഒപ്പിട്ടതിനുശേഷം സ്‌കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. ഗുണഭോക്തൃ സ്‌കൂളുകളെ കേന്ദ്രം ഈ പട്ടികയില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. എസ്എസ്എ ഫണ്ടിനായുള്ള ആദ്യ പ്രോപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കും. എസ്എസ്എയ്ക്കായി 971 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ തടഞ്ഞുവച്ച വിഹിതങ്ങള്‍ നല്‍കാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പി എം ശ്രീ ധാരണാപത്രം ഒപ്പിട്ടത് പതിനാറിനാണ്. ഇനി ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല. മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി എം.ഒ.യു പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കാമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു. സെക്രട്ടറി തലത്തില്‍ ഒപ്പിട്ട ഈ എം.ഒ.യുവിന്റെ കാലാവധി 2027 മാര്‍ച്ച് 31 വരെയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കല്‍, ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിശ്ചിത കാലാവധിക്കുള്ളില്‍ അവസാനിക്കുകയാണ് ചെയ്യുക. 300 ഓളം സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറേണ്ടി വരും. കാലാവധി അവസാനിക്കുന്നതോടെ ഈ സ്‌കൂളുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് തന്നെ കൈമാറുകയാണ് ചെയ്യുക.

സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാന്‍ സി.പി.എം കിണഞ്ഞു പരിശ്രമിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. പദ്ധതിയെക്കുറിച്ചുള്ള സിപിഐയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശസന്ദര്‍ശനത്തിന് പോയ മുഖ്യമന്ത്രി മടങ്ങി വന്നതിന് ശേഷം യോഗം ചേരാനാണ് നിലവില്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി പദ്ധതിയില്‍ ഒപ്പിടാനുള്ള കാരണം വിശദീകരിക്കും. അതിനിടെ, പ്രതിഷേധത്തിന്‍െ്റ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്‍മാറി സിപിഐ മന്ത്രി കെ. രാജന്‍. 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് മന്ത്രി പിന്‍മാറിയത്. സെക്രട്ടറിയേറ്റിലെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പകരം സംഘാടകസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.