മലപ്പുറം: മലപ്പുറം മോങ്ങത്തെ പോക്സോകേസ് പ്രതിയെ പണപ്പിരിവ് നടത്തി പ്രദേശിക മുസ്ലിംലീഗ് കമ്മിറ്റി രക്ഷിച്ചതായി ആരോപണം. പ്രയപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇരക്കു പണം നൽകി കേസ് പിൻവലിപ്പിച്ചതെന്നാണ് വിവരം. ഇതുസബന്ധിച്ച തെളിവുകൾ മറുനാടൻ മലയാളിക്കു ലഭിച്ചു.

പ്രദേശിക മുസ്ലിംലീഗ് കമ്മിറ്റിയും, കേസിലെ മറ്റൊരു പ്രതിയും ചേർന്നു ഒന്നേക്കാൽ ലക്ഷം രൂപ കൈമാറി കേസ് പിൻവലിപ്പിക്കുകയായിരുന്നു. പ്രദേശത്തെ സാധാരണക്കാരായ ലീഗ് പ്രവർത്തകർ ഉൾപ്പെടെ പിരിവെടുത്ത 25,000 രൂപയാണു ഇത്തരത്തിൽ കൈമാറിയത്. പ്രതിയായ യുവാവിന് കാര്യമായ വരുമാനമൊന്നുമില്ലാത്ത സാധാരണക്കാരനായതിനാലാണ് ഇത്തരത്തിൽ പ്രാദേശിക പിരിവ് നടത്തി മുസ്ലിംലീഗ് കമ്മിറ്റി തന്നെ പണം കൈമാറിയത്.

ഇതുസംബന്ധിച്ച ഇരയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി നേരത്തെ നൽകിയ പരാതിയുടെ കോപ്പിയും മറുനാടന് ലഭിച്ചു. താൻ സുഹൃത്തുമൊന്നിച്ചു കളിക്കുന്നതിനിടെ, പരിചയപ്പെട്ട സൗഹൃദം വെച്ച് യുവാവ് തന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. പിന്നീട് ഡ്രൈവിങ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആദ്യം ഗ്രൗണ്ടിലെത്തിച്ച ശേഷം പിന്നീട് ആളില്ലാത്ത വീട്ടിൽകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്.

തുടർന്നുരണ്ടുപേർ ചേർന്ന് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പരാതിപ്പെട്ടു. ഈ പരാതിയിൽ പ്രാദേശിക മുസ്ലിംലീഗ് പ്രവർത്തകനായ പ്രതിയും സുഹൃത്തും അറസ്റ്റിലായിരുന്നു. തുടർന്നു ഇരയെ സ്വാധീനിച്ചാണ് ഒന്നേക്കാൽ ലക്ഷം രൂപ നൽകി കേസ് ഒതുക്കിത്തീർത്തതാണ്. പണം കൈമാറിയ ശേഷം കഴിഞ്ഞ ദിവസം ഇര മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയിൽ മൊഴി മാറ്റിപറഞ്ഞു. ഇതോടെ പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു