ഇടുക്കി: കഞ്ഞിക്കുഴി പൊലീസ് ചാർജ്ജുചെയ്ത പോക്സോ കേസിൽ പ്രതിചേർത്തിരുന്ന കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. പൈനാവ് അതിവേഗ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ധ്യാപകൻ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റിയെന്നും കോടതി നീരീക്ഷിച്ചു.

തനിക്ക് പൊലീസ് മൊബൈൽ വാങ്ങി നൽകിയെന്ന് വിസ്താരത്തിനിടെ പ്രൊസിക്യൂഷൻ സാക്ഷിയും എസ് ഏഫ് ഐ പ്രവർത്തകനുമായ റിയാസ് സ്ഥിരീകരിച്ചത്് കേസിൽ അദ്ധ്യാപകന് നീതി ലഭിക്കുന്നതിന് വലിയൊരളവിൽ സഹായകമായി എന്നാണ് നിയമവൃത്തങ്ങളിലെ വിലയിരുത്തൽ.

കേസിന് പിന്നിലെ പ്രൊസിക്യൂഷൻ ഭാഗത്തുനിന്നുള്ള വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഈ കേസിൽ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എങ്ങനെയൊക്കെ കേസ് കെട്ടിച്ചമച്ചാലും നിയമവ്യവസ്ഥ പാലിക്കപ്പെടും എന്നുള്ള സന്ദേശം കൂടിയാണ് ഈ വിധിയെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഹരി ആർ വിശ്വനാഥ് കോടതിയുടെ ശക്തമായ ഇടപെടലിലാണ് കേസിൽ നിന്നും രക്ഷപെട്ടത്. പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾ ഒഴികെ എല്ലാവരും അനുകൂല മൊഴി നൽകിയതാണ് ഹരിക്ക് രക്ഷയായത്. ഹരി പോക്സോ കേസിൽ ഉൾപ്പെട്ട സംഭവം വാർത്തമാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ടുചെയ്തിരുന്നു.

നാഷണൽ സർവ്വീസ് സ്‌കീം പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളുടെ ദേഹത്ത് പിടിച്ചു, വസ്ത്രം മാറുന്നിടത്ത് ഒളിഞ്ഞുനോക്കി, അശ്ലീലച്ചുവയോടെ സംസാരിച്ചു തുടങ്ങിയവയായിരുന്നു ഹരിക്കെതിരെ പൊലീസ് ചുമത്തിയിരുന്ന കുറ്റം.

എന്നാൽ ഈ കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു എന്നാണ് വിധിപ്രസ്താവത്തിൽ നിന്നും വ്യക്തമാവുന്നത്. ഇരകളും സാക്ഷികളും സത്യം മാത്രമാണ് കോടതിയിൽ പറഞ്ഞിട്ടുള്ളതെന്നും ഇതാണ് ഏറെ നാണക്കേടും വിഷമവും വരുത്തിവച്ച കേസിൽ നിന്നും തന്നെ കോടതി കുറ്റവിമുക്തനാക്കാൻ കാരണമെന്നും ഹരി മറുനാടനോട് പ്രതികരിച്ചു.

ക്യാമ്പിൽ നിന്നും അനുവാദമില്ലാതെ പുറത്തുപോയ എസ് എഫ് ഐ പ്രവർത്തകൻ റിയാസിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ മൂല കാരണമെന്നും ഇതിനൊപ്പം സിപിഎം നേതാക്കൾ തന്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കി, സമൂഹത്തിൽ മോശക്കാരനാക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇതിന് പൊലീസ് കൂട്ടുനിൽക്കുകയായിരുന്നെന്നും ഹരി പറയുന്നു. രണ്ടുകേസുകളാണ് പൊലീസ് തന്നെ പ്രതിയാക്കി ചാർജ്ജുചെയ്തിരുന്നത്. ഒരു കേസിന് ഹൈക്കോടതിയിൽ നിന്നും, രണ്ടാമത്തെ കേസിൽ തൊടുപുഴ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.

കഞ്ഞിക്കുഴി ടൗണിൽ നടന്ന സംഘട്ടനത്തിൽ ബാഗിൽ നിന്ന് കത്തിയും കഞ്ചാവുമടക്കം പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പിറ്റിഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്ന് റിയാസിനെ സ്‌കൂളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. കേസിൽ നിർണ്ണായക മൊഴി റിയാസിന്റെതായിരുന്നു. സാക്ഷി വിസ്താരത്തിനിടെ പൊലീസ് തനിക്ക് മൊബൈൽ വാങ്ങി നൽകിയതായി റിയാസ് കോടതി മുമ്പാകെ സമ്മതിച്ചത് പ്രൊസിക്യൂഷന് കനത്ത തിരിച്ചടിയായി.

12 സാക്ഷികൾ വീതമായിരുന്നു ഓരോ കേസിലും ഉണ്ടായിരുന്നത്. രണ്ടാമത്തെ പരാതിയിൽ സാറിന്റെ കൈയോ പേപ്പറോ എന്റെ ദേഹത്തുമുട്ടി എന്ന് മാത്രം കുട്ടി മൊഴി കൊടുത്തപ്പോൾ, സാർ രണ്ടും കൈയും കൊണ്ട് തള്ളിക്കൊണ്ടുപോയി,വിടു വിടു എന്നു പറഞ്ഞിട്ടും വിട്ടില്ല എന്ന് പൊലീസ് എഴുതി ചേർക്കുകയായിരുന്നു.

സത്യം ജയിച്ചു.പക്ഷേ കേസുമൂലം ഉണ്ടായ അപമാനത്തിനും വിഷമത്തിനും ഇത് പകരമാവില്ല

ചെറുപ്പംമുതൽ ആർഎസ്എസ് ശാഖയിൽ പോകുമായിരുന്നു.വളർന്നപ്പോഴും ആശയങ്ങൾ മനസിൽ അങ്ങനെ തന്നെ നിലനിർത്തിപോന്നിരുന്നു. ഭാരവാഹിത്വങ്ങൾ പലതും വന്നുചേർന്നിട്ടുണ്ട്.അദ്ധ്യാപക പരിഷത്തിന്റെ ജില്ലാ ഭാരവാഹിയായി പ്രവർത്തിക്കുമ്പോഴും അധ്യപകൻ എന്ന നിലയിൽ ചുമതലകളിൽ ഒരു വിട്ടുവീഴ്ചയും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർത്തശേഷം മാത്രമാണ് ഒരുദിവസമെങ്കിലും ലീവ് എടുത്തിട്ടുള്ളു.

ജോലിയിലെ ആത്മാർത്ഥത മനസിലാക്കി,വിരുദ്ധ രാഷ്ട്രീയ ചേരിയിലാണെന്ന് അറിഞ്ഞിട്ടും വിദ്യാഭ്യാസവകുപ്പ് സുപ്രധാന ചുമതലകൾ ഏർപ്പിച്ചിട്ടുണ്ട് .ഇതെല്ലാം കൃത്യതമായി നിറവേറ്റിയിട്ടുമുണ്ട്.ഹരി വാക്കുകൾ ചുരുക്കി

ജനാർദ്ദന അസോസിയേറ്റ്‌സിന് വേണ്ടി അഭിഭാഷകരായ പി കെ വർഗ്ഗീസ്, ജെറി മാത്യു, രഘു, റമീസ്, അർജ്ജുൻ എന്നിവരാണ് ഹരിക്ക് വേണ്ടി ഹാജരായത്.