- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മേൽനോട്ടം വഹിച്ചത് തൃശൂരിലെ പള്ളിയിലെ ഉസ്താദ്; പോക്‌സോ കേസിലെ ഇരയ്ക്ക് ശൈശവ വിവാഹം ഒരുക്കിയത് വീട്ടുകാർ; ജയിലിൽ നിന്നും പുറത്തിറങ്ങിയ പീഡകനെ വരനാക്കി അതീവ രഹസ്യമായി കല്യാണം നടത്തിയ പ്രതികളെ പിടികൂടി തലസ്ഥാനത്തെ പൊലീസ്
തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയിലെ ഒരു സ്‌കൂളിൽ നിന്നും വന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടത്തിയ വീട്ടുകാരെയും വരനെയും പൊലീസ് പൊക്കി. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലെ ഒരു സ്‌ക്കൂളിൽ പ്ലസ് വണ്ണിന് പഠിച്ചിരുന്ന പെൺകുട്ടി സ്‌കൂളിൽ വരാതായപ്പോൾ സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ശൈശവ വിവാഹത്തെ കുറിച്ച് സൂചന ലഭിച്ചത്.
ഇക്കാര്യം പരാതിയായി തന്നെ സ്‌കൂൾ അധികൃതർ പൊലീസിന് കൈമാറി. പൊലീസ് അന്വേഷിച്ച് തേടി പിടിച്ച് പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും ശൈശവ വിവാഹം നടന്നിരുന്നു. വരനായ പ്രതി അൽ അമീർ (23)നെയും പെൺകുട്ടിയുടെ പിതാവിനെയും വിവാഹം നടത്തി കൊടുത്ത ഉസ്താദിനെയും പൊലീസ് അറസ്റ്റു ചെയ്തു.
അടി പിടി കേസിലും ആയുധം കൈവശം വെച്ചതിന് പിടിയിലായതും അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന അൽ അമീൻ രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലാകുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സ്‌കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പുറകെ നടന്ന് വളച്ചെടുത്താണ് പ്രതി ചൂഷണത്തിന് വിധേയനാക്കിയത്. പിന്നീട് സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോകുകയും വിജയവാഡ, ഹൈദ്രാബാദ്, തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പിന്നീട് എറണാകുളത്ത് വെച്ച് 2021ൽ പൊലീസ് പ്രതിയെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ വീണ്ടും ശല്യം ചെയ്തു തുടങ്ങി. വീട്ടിൽ വരെ ചെന്ന് ശല്യമായത് കാരണം രക്ഷിതാക്കൾ ഇടപെട്ടെങ്കിലും പ്രതിയുടെ ഗുണ്ടാ ബന്ധങ്ങളും മറ്റും അറിഞ്ഞ് നിശബ്ദരായി. രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തി അതിക്രമത്തിന് മുതിർന്ന അൽ അമീറിന്റെ ശല്യം ഏറിയപ്പോഴാണ് വീട്ടുകാർ പ്രായപൂർത്തിയാകാത്ത മകളെ പ്രതിക്ക് കല്യാണം കഴിച്ച് കൊടുത്തത്.
പെൺകുട്ടിയുടെ വീട്ടിൽ വെച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത് നടന്ന രഹസ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് തിരുവനന്തപുരം സ്വദേശിയായ തൃശൂർ പള്ളിയിലെ ഉസ്താദ് ആയിരുന്നു. വിവാഹത്തിന് വരന്റെ വീട്ടുകാരും അടുത്ത ബസുക്കളും രഹസ്യമായി പങ്കെടുത്തു.
ശൈശവ വിവാഹം നടന്നുവെന്നും പ്രതിയുടെ ചൂഷണം ഉണ്ടായി എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നു തന്നെ പിതാവിനെയും അൽ അമീറിനെയും കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് താലൂക്കിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് ഉസ്താദ് പിടിയിലായത്. രാത്രി കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്