കൊച്ചി: പൊലീസുകാരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം കണ്ടെത്താൻ ഇന്റലിജൻസ് വിഭാഗം നിരീക്ഷണവും ഫോൺ വിളി പരിശോധനകളുമടക്കം ശക്തമാക്കിയിരിക്കുകയാണ്. പൊലീസിന്റെ നിരോധിത സംഘടനാ ബന്ധത്തെ വിമർശിക്കുന്നവരും, ഉയർത്തിക്കാട്ടുന്നവരും വ്യാജപ്രചാരകരെന്നും, അതിൽ പലരും മറുപക്ഷ തീവ്രവാദികളും എന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ പ്രസ്താവന വിവാദമാകുന്നു.

ബിജുവിന്റെ വാക്കുകളുടെ പ്രസക്ത ഭാഗം:

നിരോധിത സംഘടനാബന്ധം ഉള്ളവരേയോ, അവരെ സഹായിക്കുന്നവരോ, മാമ്പഴക്കള്ളനെപ്പോലെയോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ഉണ്ടെങ്കിൽ അവർ കേരള പൊലീസിൽ ഉണ്ടാകില്ല.വീഴ്ചകൾ ചെറുതാണെങ്കിലും തെറ്റ് തെറ്റെന്നും, വീഴ്ച വീഴ്ചയെന്നും ഉറക്കെ പറയുക തന്നെ ചെയ്യും. യഥാർത്ഥ രാജ്യസ്‌നേഹികൾ ഇത്തരം വ്യാജ പ്രചാരകരാകാതിരിക്കുക. ഇങ്ങനെ പ്രചാരകരാകുന്നവരിൽ പലരും ഇതിന്റെ മറുപക്ഷ തീവ്രവാദികളാണ് എന്ന സാഹചര്യവും നമുക്ക് കാണാൻ കഴിയും. ഇതും അപകടകരമാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ

നേതാവ് പറയുന്നത് ഇങ്ങനെ:-

സമൂഹ്യ ബന്ധം ഇല്ലാത്തവരെ അന്യഗ്രഹത്തിൽ നിന്ന് കെട്ടിയിറക്കി രൂപം നൽകിയതല്ല കേരള പൊലീസ് എന്ന് വ്യക്തമാക്കട്ടെ. ഈ നാട്ടിൽ ജനിച്ച് വളർന്നവരിൽ നിന്ന് പി.എസ്.സി ടെസ്റ്റ് എഴുതി മികവ് തെളിയിക്കുന്നവർ പൊലീസാകുന്നു. അവരിൽ പലതരം ആളുകൾ ഉണ്ടാകും. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാർ, വ്യത്യസ്ത മതവിഭാഗക്കാർ, സമൂഹത്തിൽ ഏതെല്ലാം തരം മനുഷ്യരെ നമ്മൾ കാണാറുണ്ടോ അതിന്റെയെല്ലാം പരിച്ഛേദം തന്നെയാകും പൊലീസ് ഉൾപ്പെടെയുള്ള സമസ്ത വിഭാഗങ്ങളിലും ഉണ്ടാകുക. പൊലീസിലേക്ക് നിയമനം നൽകുന്നത് പബ്ലിക് സർവീസ് കമ്മിഷനാണ്. അപ്രകാരം പി.എസ്.സി സെലക്ഷൻ നടത്തി അഡൈ്വസ് ചെയ്യുന്നവർക്കാണ് ഡിപ്പാർട്ട്‌മെന്റിൽ നിയമനം നൽകുന്നത്. നിയമന സമയം വരെയുള്ള അവരുടെ ചെയ്തികൾ പരിശോധിച്ചാണ് നിയമനം നൽകുന്നത്. ഇത്തരത്തിലുള്ള ദൗർബല്യങ്ങളുള്ളവരെ നിയമനം നൽകാതെ തന്നെ ഒഴിവാക്കാറുണ്ട്. നിയമന സമയത്ത് മനുഷ്യരായതിനാൽ ചൂഴ്ന്ന് നോക്കാൻ കഴിയില്ലല്ലോ? എന്നെങ്കിലും ഇത്തരം പ്രവർത്തികൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയുക.

തൊഴിൽ നേടുന്ന കാലഘട്ടത്തിൽ പുറത്ത് വരാത്ത പല സ്വഭാവവും അതിന് ശേഷം പുറത്ത് കാണിക്കുന്നവർ ഉണ്ട്. അത്തരത്തിൽ പൊലീസ് സേനയ്ക്ക് ചേരാത്ത പ്രകൃതക്കാരെ കൃത്യമായി നടപടികൾക്ക് വിധേയരാക്കുന്നുമുണ്ട്. അതിൽ വ്യവസ്ഥാപിതമായ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെ പൊതുവികാരത്തിനടിപ്പെട്ട് നടപടികളിലേക്ക് നീങ്ങിയാൽ അത്തരം നടപടിക്രമങ്ങൾ നീതിന്യായ കോടതികൾ റദ്ദ് ചെയ്യുന്ന അനുഭവവുമുണ്ട്. അത്തരത്തിൽ പൊലീസിന് ചേരാത്ത ബന്ധങ്ങൾ ഉള്ളവരെ കൃത്യമായി സർവിസിൽ നിന്ന് പുറത്ത് കളയുന്നുണ്ട്. പലരേയും ഇങ്ങനെ പുറത്ത് കളഞ്ഞ ശേഷമാണ് വാർത്തയാകുന്നത്. പല പുറത്താക്കലുകളും നാളിതുവരെ വാർത്തകളിൽ ഇടം പിടിച്ചിട്ടില്ലെന്നതും വസ്തുതയാണ്. അത്തരത്തിൽ ഏറെ ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങളും, മറ്റൊരു മേഖലയിലും കാണാത്ത ശുദ്ധീകരണവും നടക്കുന്ന വകുപ്പാണ് പൊലീസ് എന്ന് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു.

ഇത്തരത്തിൽ സമൂഹമനസിൽ അരക്ഷിതത്വബോധം സൃഷ്ടിക്കാനും, അതിലൂടെ നമ്മുടെ പൊലീസ് സേനയെ ഇകഴ്‌ത്തിക്കാട്ടുന്നതിനും ചിലർ ഇത്തരം വാർത്തകളെ താലോലിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകളെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നവർ നിരുപദ്രവകാരികളല്ല എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ വ്യാജവാർത്തകൾ സൃഷ്ടിച്ചും അത്തരം വാർത്തകൾ പ്രചരിപ്പിച്ചും സമൂഹമനസ്സിൽ അരക്ഷിതത്വബോധം വളർത്താൻ ശ്രമിക്കുന്നവർ പലപ്പോഴും നാടിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. ഇത്തരത്തിൽ ഏതെങ്കിലും നിരോധിത സംഘടനാബന്ധം ഉള്ളവരേയോ, അവരെ സഹായിക്കുന്നവരോ, മാമ്പഴക്കള്ളനെപ്പോലെയോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ഉണ്ടെങ്കിൽ അവർ കേരള പൊലീസിൽ ഉണ്ടാകില്ല. അവരെ ഒഴിവാക്കി ശുദ്ധികരണ പ്രക്രിയ നിരന്തരം നടക്കുന്ന വിഭാഗമാണ് കേരള പൊലീസ് എന്നതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ.

ഭരണകക്ഷിയുടെ രാഷ്ട്രീയ നിറമല്ല ഇത്തരം കാര്യങ്ങളിൽ കേരള പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ കൈക്കൊള്ളുന്നത് എന്ന് കൂടി സൂചിപ്പിക്കട്ടെ. രാജ്യസുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന ഏജൻസികൾ എന്ന വേർതിരിവ് കാണുന്നത് വിവരദോഷികൾ മാത്രമാണ്. ഇത്തരത്തിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന ഏജൻസികൾ നിരന്തരം പരസ്പരം ബന്ധപ്പെട്ട് വിവരങ്ങൾ പരസ്പരം കൈമാറി നാടിനെ കാത്ത് സൂക്ഷിക്കുന്നവരാണ്. കേന്ദ്ര ഏജൻസികളുടേയും, കേരള പൊലീസിന്റേയും തലപ്പത്തുള്ളത് ഐ.പി.എസ് ഉദ്യോഗസ്ഥന്മാരാണ്. മാത്രമല്ല, കേരളത്തെ സംബന്ധിച്ച് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണ നേതൃത്വമാണെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലെ പൊലീസ് സേന ശരിക്കൊപ്പമാണ്. ജനങ്ങൾക്കൊപ്പമാണ്. വ്യക്തിപരമായ ദൗർബല്യങ്ങൾ ഉള്ളവർ എല്ലാ വിഭാഗത്തിലും കടന്നുകൂടാറുണ്ട്. അത്തരക്കാരെ തിരിച്ചറിയുമ്പോൾ കൃത്യമായി വലിച്ചെറിയാറുമുണ്ട്. ശരികേടുകൾ കാണിക്കുന്നവർ കേരള പൊലീസിൽ ഉണ്ടാവില്ല. അവരെ സംരക്ഷിക്കുന്നവരും കേരള പൊലീസിൽ ഉണ്ടാകില്ല. ഇതാണ് പൊലീസ് സംഘടനകളുടെ കാഴ്ചപ്പാട്. ഒപ്പമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ ചെറുതാണെങ്കിലും തെറ്റ് തെറ്റെന്നും, വീഴ്ച വീഴ്ചയെന്നും ഉറക്കെ പറയുക തന്നെ ചെയ്യും. യഥാർത്ഥ രാജ്യസ്‌നേഹികൾ ഇത്തരം വ്യാജ പ്രചാരകരാകാതിരിക്കുക. ഇങ്ങനെ പ്രചാരകരാകുന്നവരിൽ പലരും ഇതിന്റെ മറുപക്ഷ തീവ്രവാദികളാണ് എന്ന സാഹചര്യവും നമുക്ക് കാണാൻ കഴിയും. ഇതും അപകടകരമാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ- ബിജു വ്യക്തമാക്കി.