ഇടുക്കി: ശമ്പളം ഇല്ലാത്ത അവധിയെടുത്ത് വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാൻ പോയ പൊലീസുകാരനെ പുറത്താക്കി. ലീവ് കാലാവധി കഴിഞ്ഞിട്ടും ഇയാൾ ജോലിയിൽ പ്രവേശിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ, പൊലീസുകാരനെ സർവ്വീസിൽ നിന്നും പുറത്താക്കുകയായിരുന്നു.

കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിപിഒ ജിമ്മി ജോസിനാണ് ജോലി നഷ്ടമായത്. ഇവിടെ ജോലി ചെയ്തുവരവെ 2021 ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞ വർഷം ജനുവരി 15 വരെയുള്ള 107 ദിവസത്തേയ്ക്ക് ജിമ്മിക്ക് ശമ്പളം ഇല്ലാത്ത അവധി അനുവദിച്ചിരുന്നു.

തൊട്ടടുത്ത ദിവസം തിരികെ ജോലിയിൽ പ്രവേശിക്കേണ്ട ജിമ്മി ഇതുവരെ എത്തിയിട്ടില്ലന്ന് മാത്രമല്ല,ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ടവർ നടത്തിയ കത്തിടപാടുകൾക്കോ മെയിൽ അയച്ചതിനോ പ്രതികരിക്കാൻ പോലും തയ്യാറായിട്ടല്ല എന്നാണ് സൂചന.

വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനായിട്ടാണ് ജിമ്മി അവധി അപേക്ഷ സമർപ്പിച്ചിരുന്നത്. ജിമ്മിയുടെ നടപടി തികഞ്ഞ അച്ചടക്ക ലംഘനവും സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് വകുപ്പ്തല അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

ഇയാൾ സേനയിൽ നിന്നും ഒളിച്ചോടിയതായി കണക്കാക്കി, തിരികെ ജോലിയിൽ പ്രവേശിക്കേണ്ട തിയതി മുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് ജില്ലാ പൊലീസ് മേധാവി കുര്യക്കോസ് വി യു പുറത്താക്കൽ ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത്.ശിക്ഷ നടപടിയിന്മേലുള്ള അപ്പീൽ സമർപ്പfക്കാൻ 60 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.