തിരുവനന്തപുരം: ആരോഗ്യസ്ഥിതി മൂലം സ്ഥാനമൊഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുന്ന സിപിഎം മുൻ സംസ്ഥ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ആയുരാരോഗ്യ സൗഖ്യം നേർന്ന് രാഷ്ട്രീയ കേരളം. രാഷ്ട്രീയ ഭിന്നതകളൊക്കെ മാറ്റിവച്ചാണ് കോടിയേരിക്കായി നേതാക്കൾ രംഗത്ത് വന്നത്.പല മുതിർന്ന രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം പറയുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകളും കോടിയേരിക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.

കൊച്ചുമക്കൾക്കൊപ്പം സന്തോഷം പങ്കിടുന്ന കോടിയേരി ബാലകൃഷ്ണന്റെ പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.ഇത്തരം ഹൃദയ സ്പർശിയായ ചിത്രങ്ങൾ പങ്കുവച്ചാണ് നേതാക്കൾ ആശംസകൾ നേർന്നത്.മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പി കെ അബ്ദുറബ്ബ്, കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് തുടങ്ങിയവർ കോടിയേരി ബാലകൃഷ്ണന് ആശംസകൾ നേർന്ന് രംഗത്തെത്തി. കുടുംബാംഗങ്ങൾക്കൊപ്പമുള്ള കോടിയേരിയുടെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ആശംസ.

 

കോടിയേരി ബാലകൃഷ്ണൻ സൈബർ ആക്രമണം നേരിട്ട കാലത്ത് സിപിഎം പ്രവർത്തകർ പലരും പങ്കുവെച്ച ചിത്രമാണ് ഇതെന്നതാണ് ശ്രദ്ധേയം.ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പക്വതയോടെ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളാണ് കോടിയേരിയെന്നും അദ്ദേഹം എത്രയും വേഗം അസുഖം മാറി തിരിച്ചെത്തട്ടെയെന്നും പി കെ അബ്ദുറബ്ബ് ഫേസ്‌ബുക്കിൽ കുറിച്ചു. എത്രയും വേഗം അസുഖം മാറി കർമപഥത്തിൽ തിരിച്ചെത്താൻ കോടിയേരിക്ക് കഴിയട്ടെ എന്നായിരുന്നു ടി സിദ്ദിഖിന്റെ ആശംസ.രാഷ്ട്രീയവൈര്യം മറന്ന് ആർഎംപി പേജുകളിൽ പോലും കോടിയേരിക്കായി ആശംസകൾ പ്രത്യക്ഷപ്പെട്ടു.

 

15 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിലേയ്ക്ക് ഇന്ന് തിരിക്കുന്ന സാഹചര്യത്തിലാണ് കോടിയേരിക്ക് സ്‌നേഹാശംസകളുമായി രാഷ്ട്രീയ കേരളം രംഗത്തെത്തിയത്.കോടിയേരി ബാലകൃഷ്ണനെ പുകഴ്‌ത്ത മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ പോലും പരിഗണിക്കാതെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോടിയേരി സജീവമായി പ്രചാരണം നടത്തിയതെന്നും അദ്ദേഹം മികച്ച സഖാവാണെന്നും അദ്ദേഹവുമായി അടുത്ത വ്യക്തിബന്ധമുള്ള മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കാൻസർ രോഗബാധയ്ക്ക് ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണൻ ഇടയ്ക്ക് രണ്ട് തവണ ചികിത്സയുടെ ഭാഗമായി ചുമതലയിൽ നിന്ന് മാറി നിന്നിരുന്നു. താൻ പാൻക്രിയാസിനെ ബാധിക്കുന്ന അർബുദത്തിന് ചികിത്സയിലാണെന്നും രോഗവിവരം തുറന്നു പറയാൻ മടിയില്ലെന്നും 2021 ഡിസംബറിൽ തിരുവനന്തപുരത്ത് ഒരു പൊതുവേദിയിൽ കോടിയേരി പ്രസംഗിച്ചിരുന്നു. പാതി മുറിച്ചു മാറ്റിയ പാൻക്രിയാസുമായാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2020ൽ ഒരു വർഷത്തോളം ചുമതലയിൽ നന്ന് മാറി നിന്നപ്പോൾ എ വിജയരാഘവന് പകരം ചുമതല നൽകിയിരുന്നു. ഇതിനു ശേഷവും ഒരു മാസത്തോളം മാറി നിന്നെങ്കിലും പകരം ആർക്കും ചുമതല നൽകിയിരുന്നില്ല. എന്നാൽ ഇത്തവണ അവധി വേണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടാൻ സ്ഥിരം സെക്രട്ടറി വേണമെന്നും കോടിയേരി നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 68കാരനായ കോടിയേരിയുടെ ഇതുവരെയുള്ള ചികിത്സ.

ഇതിനു ശേഷം വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും പകരം ആളെ കണ്ടെത്തണമെന്നും പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.ചികിത്സയ്ക്കായി അവധി നൽകാമെന്നും താത്കാലിക ചുമതല നൽകി ആരെയെങ്കിലും നിയോഗിച്ചാൽ പോരേയെന്നും നേതൃത്വം നിർദേശിച്ചെങ്കിലും സ്ഥിരം അധ്യക്ഷൻ വേണമെന്നായിരുന്നു കോടിയേരിയുടെ നിർദ്ദേശം. ഈ സാഹചര്യത്തിൽ മന്ത്രി എം വി ഗോവിന്ദനെ അടുത്ത സംസ്ഥാന സെക്രട്ടറിയായി ഇന്നലെ ചേർന്ന അവൈലബിൾ പിബി യോഗം തീരുമാനിക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി സ്ഥാനമൊഴിയുന്നത്.തിങ്കളാഴ്ച രാവിലെ 10.30-ഓടെ എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്ളാറ്റിൽനിന്ന് കോടിയേരിയെ പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ഇവിടെനിന്ന് പ്രത്യേകം സജ്ജീകരിച്ച എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് കൊണ്ടുപോകും.

ചെന്നൈയിലേക്ക് പോകുന്നതിന് മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ചിന്ത ഫ്ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യാത്രയ്ക്കുള്ള എയർ ആംബുലൻസും സജ്ജമാക്കി.