ലണ്ടൻ: പൂളിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ ഒരു രോഗി ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി. 56കാരനായ ഒരു പുരുഷനാണ് ഒൻപതു ദിവസത്തോളം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ഡൗൺ സിൻഡ്രോമും ഡിമെൻഷ്യയും ബാധിച്ച പുരുഷനാണ് അവസാനം ന്യൂമോണിയ ബാധിച്ച് മരിച്ചത്. 2021ലായിരുന്നു ഈ സംഭവം.

ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഈ തെറ്റായ പ്രവർത്തി ഞെട്ടിച്ചുവെന്നും അതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ വേഗം മോശമാക്കിയതും തുടർന്ന് മരണം സംഭവിക്കുവാൻ കാരണമായതെന്നും ഫാമിലി സോളിസ്റ്റർ വ്യക്തമാക്കി. സംഭവത്തിൽ 15,000 പൗണ്ടാണ് രോഗിയുടെ കുടുംബത്തിന് ആശുപത്രി നൽകണമെന്ന് കോടതി വിധിച്ചത്. സംഭവിച്ചു പോയ തെറ്റിൽ മാപ്പു പറഞ്ഞ അധികൃതർ ആശുപത്രിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ജീവിതത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു ആ രോഗി. മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി ആ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്ങനെയാണ് ആദ്യം ബോൺമൗത്ത് കെയർ ഹോമിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടുത്തെ ആദ്യ രാത്രിയിൽ തന്നെ അദ്ദേഹം വീഴുകയും അരയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് പൂൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

വായിലൂടെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായതിനാൽ തന്നെ അക്കാര്യം ഹോസ്പിറ്റൽ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ വ്യക്തമാക്കി. എന്നിട്ടും രോഗി ഭക്ഷണം കിട്ടാതെ മരിക്കാൻ കാരണം, രോഗിയുടെ വഷളാകുന്ന അവസ്ഥയെക്കുറിച്ച് ആശുപത്രി ടീമുകൾക്കിടയിൽ കൃത്യമായ ആശയവിനിമയം നടക്കാത്തതിന്റെ അഭാവം തന്നെയാണെന്ന് സോളിസിറ്റർ പറയുന്നു. നഴ്സിങ് സ്റ്റാഫുകളുടെ ശ്രമങ്ങളൊന്നും ഡോക്ടർമാർ ശ്രദ്ധിച്ചില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കുടുംബത്തിന്റെ അവകാശവാദം അംഗീകരിച്ച എൻഎച്ച്എസ്, ജീവനക്കാരുടെ ഡ്യൂട്ടി ലംഘനമാണ് ഈ മരണത്തിനു കാരണമായതെന്ന് വിലയിരുത്തി. 7500 പൗണ്ടാണ് ബോൺമൗത്തിലെ കെയർ ഹോം രോഗിയുടെ കുടുംബത്തിന് നൽകിയത്. നിയമപ്രകാരം കുടുംബത്തിനുള്ള നഷ്ടപരിഹാരം 15,120 പൗണ്ടാണ്. പ്രിയപ്പെട്ട മകനെ നഷ്ടമായ കുടുംബത്തിന് ഇത് തീർച്ചയായും അപര്യാപ്തമാണെന്നും സോളിസിറ്റർ വ്യക്തമാക്കി.