തൃശൂർ : തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്.

ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൃശൂർ പൂരം എല്ലാ അർത്ഥത്തിലും ആചാരത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക കൂടിയാണ് ഹൈക്കോടതി.

പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്. ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്താണ്. ലോകസിംഫണി വിശേഷണമുള്ള മേളം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിനകത്തും എത്തുക.

തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്‌ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. നാരായണൻകുട്ടിയുടെ ഹർജിക്കൊപ്പം ഈ കേസ് കൂടി പരിഗണിച്ചാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വംബോർഡ് നൽകിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു.

തേക്കിൻകാട് മൈതാനം പ്‌ളാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും മൈതാനത്ത് പരിസ്ഥിതി സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകി. രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കിൾ ഇൻസ്‌പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വടക്കുന്നാഥക്ഷേത്ര പരിസരത്ത് ചെരിപ്പു ധരിച്ചു പ്രവേശിക്കാൻ ചെറുപ്പക്കാരെയടക്കം ആരെയും അനുവദിക്കരുതെന്നാണ് ഹൈക്കോടതി വിധി. വടക്കുന്നാഥ ക്ഷേത്രത്തിലെ നിത്യാരാധനയും ചടങ്ങുകളും ഉത്സവങ്ങളും ആചാരപ്രകാരമാണ് നടക്കുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വടക്കുന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് പെരുമാറണം. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തകർന്ന നിലയിലുള്ള തെക്കേ ഗോപുരത്തിനു മുകളിൽ ദേവസ്വം ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് കഴിഞ്ഞ തവണ പൂരത്തിന് പ്രവേശനം നൽകിയെന്നും പൂരത്തോടനുബന്ധിച്ച് മാംസഭക്ഷണം വിളമ്പിയെന്നുമുള്ള ആരോപണം നേരത്തേ കോടതിയിലെത്തിയിരുന്നു. തുടർന്ന് തേക്കിൻകാട് മൈതാനത്തിന്റെ സംരക്ഷണമടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ക്ഷേത്ര ചടങ്ങുകളും ഉത്സവങ്ങളും ആചാരം തെറ്റിക്കാതെ നടക്കുന്നതായി ഉറപ്പുവരുത്താനാണ് ദേവസ്വം ബോർഡിന് നിർദ്ദേശം കോടതി നൽകുന്നത്.

ക്ഷേത്രാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായാണ് ആരാധനയെന്നും ക്ഷേത്രത്തിൽ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. റോക്ക് സംഗീത പരിപാടികൾ അനുവദിക്കരുതെന്നും കോടതി വിധിയിലുണ്ട്.

മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കം മാലിന്യം നീക്കുന്നുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥർ ക്ഷേത്രത്തിനകത്ത് ഭക്ഷണം വിതരണം ചെയ്യുന്നില്ല. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്ലാസ്റ്റിക് പാത്രങ്ങളോ ബോട്ടിലുകളോ സൂക്ഷിച്ചിട്ടില്ല. പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനകത്ത് മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റാണെന്നും ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.