- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗസ്സയിൽ സമാധാനം പുലരണം, ബത്ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകാൻ; 'സമാധാനത്തിന്റെ രാജകുമാരൻ യുദ്ധത്തിന്റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടു'; ക്രിസ്മസ് സന്ദേശത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തു മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ക്രിസ്തുമസ് സന്ദേശത്തിൽ ലോകസമാധാനത്തിന് ആഹ്വാനം ചെയത്ു മാർപാപ്പ. ഗസ്സയുടെ ദുഃഖം ഉൾക്കൊണ്ടു കൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ക്രിസ്മസ് സന്ദേശം. ഇന്ന് നമ്മുടെ ഹൃദയം ബത്ലഹേമിൽ ആണെന്നും അവിടെ സമാധാനത്തിന്റെ രാജകുമാരൻ യുദ്ധത്തിന്റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടെന്ന് മാർപാപ്പ പറഞ്ഞു. യേശു ജനിച്ച മണ്ണിൽ തന്നെ സമാധാന സന്ദേശം മുങ്ങി മരിക്കുകയാണ്. ബത്ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകാൻ ഗസ്സയിൽ സമാധാനം പുലരണമെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നൽകിയ ക്രിസ്മസ് സന്ദേശത്തിൽ സമാധാനത്തിനായി മാർപ്പാപ്പ അഭ്യർത്ഥിച്ചു.
ക്രിസ്മസിന്റെ യഥാർഥ സന്ദേശം സമാധാനവും സ്‌നേഹവുമാണ്. ലൗകിക വിജയത്തിലും ഉപഭോക്തൃ വിഗ്രഹാരാധനയിലും ആളുകൾ ഭ്രമിക്കരുത്. നേട്ടങ്ങളിൽ മുഴുകിയ ലോകം, ലൗകിക ശക്തിക്കും പ്രശസ്തിക്കും മഹത്വത്തിനും വേണ്ടിയുള്ള അന്വേഷണം, വിജയം, ഫലങ്ങൾ, സംഖ്യകൾ, കണക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ എല്ലാം അളക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി.
അതേസമയം, യേശു പിറന്ന ബത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല. ക്രിസ്മസിനോട് അനുബന്ധിച്ച് ആയിരങ്ങൾ എത്താറുള്ള ബത്ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും വിജനമായി കിടക്കുകയാണ്. ഗസ്സയിൽ ഇസ്രയേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചാണ് ബത്ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചത്. ക്രിസ്മസ് ദിനത്തിന്റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർത്ഥനകളും നടക്കാറുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് വിശ്വാസികൾ ക്രിസ്മസ് സമയത്ത് ജറുസലേമിൽ എത്താറുണ്ട്.
ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലാകുമെന്ന് മുൻതർ ഐസക് ചൂണ്ടിക്കാട്ടി. 'നാം ശക്തിയിലും ആയുധങ്ങളിലും ആശ്രയിക്കുമ്പോൾ, കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണത്തെ ന്യായീകരിക്കുമ്പോൾ, യേശു അവശിഷ്ടങ്ങൾക്ക് അടിയിലാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്ത് വിവിധ ക്രിസ്ത്യൻ സഭകൾ. യേശുവിന്റെ ജന്മസ്ഥലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ആഘോഷിക്കാൻ കഴിയില്ലെന്ന് സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോർ ഡയോനിസസ് അന്റോണി ഷഹദ പറഞ്ഞു. ഗ്രീക്ക് ഓർത്തഡോക്‌സ് സഭ, സിറിയൻ ഓർത്തഡോക്‌സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കാത്തലിക് പാത്രിയാർക്കീസ് തുടങ്ങിയവയും ആഘോഷം പരിമിതപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ 70 വർഷങ്ങൾക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രൈസ്തവരായിരുന്നു. 1948ലെ യുദ്ധത്തിന് ശേഷം ഈ എണ്ണം കുറഞ്ഞു. 2017ൽ ഫലസ്തീൻ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫലസ്തീനിലെ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ എന്നിവിടങ്ങളിലായി 47,000 ക്രൈസ്തവരാണുള്ളത്. വെസ്റ്റ് ബാങ്കിലാണ് 98 ശതമാനവും താമസിക്കുന്നത്. ഗസ്സയിൽ 1,000ഓളം പേർ ഉൾപ്പെടുന്ന ചെറിയ സമൂഹമുണ്ട്.