റോം: ഇറ്റാലിയൻ നഗരമായ ബൊളോഗ്‌നയിലെ മോസ്‌കിൽ നിന്നുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത് മാർപ്പാപ്പ. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സൗഹാർദ്ദം ശക്തിപ്പെടണമെന്നും, എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരതയുള്ളതും, സാമൂഹിക സൗഹാർദ്ദവും ലോക സമാധാനവും ഉറപ്പാക്കാൻ പ്രതിബദ്ധതയുള്ളതുമായ വിശ്വാസികളെയാണ് വർത്തമാനകാലം ആവശ്യപ്പെടുന്നതെന്നും പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ പൊതു ദർശനം നൽകുന്നതിനു മുൻപായിട്ടായിരുന്നു. ബൊളോഗ്‌നയിലെ മോസ്‌കിലെ ഇമാം ഉൾപ്പടെയുള്ള പ്രതിനിധി സംഘത്തെ മാർപ്പാപ്പ സ്വീകരിച്ചത്. സമാധാനത്തിന്റെ ശില്പികൾ ആകുന്നതിൽ അവർക്ക് പോപ്പ് നന്ദിയും പറഞ്ഞു. വിവിധ മതവിഭാഗങ്ങൾക്കിടയിലെ സൗഹാർദ്ദവും സാഹോദര്യവും ഏറെ വിലമതിക്കുന്നതാണെന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടു.

പരസ്പരം സഹോദരങ്ങളെ പോലെ സ്നേഹിക്കുവാനാണ് യേശു ക്രിസ്തു നമ്മളെ പഠിപ്പിച്ചത്. ക്രിസ്ത്യാനികൾ, യഹൂദർ, മുസ്ലീങ്ങൾ തുടങ്ങി ഏക ദൈവ വിശ്വാസികൾക്കെല്ലാം ഇത് ബാധകമാണെന്നും, ഒരേ ദൈവത്തെ വിവിധ രീതികളിൽ ആരാധിക്കുകയാണ് എബ്രഹാമിന്റെ സന്തതി പരമ്പരകൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിശ്വാസങ്ങൾക്ക് പുറത്തുള്ളവരെയും ഉൾക്കൊള്ളാനുള്ള ഹൃദയ വിശാലത കാണിക്കണം, അവരും മനുഷ്യകുലത്തിൽ ഉള്ളവരാണ് പോപ്പ് പറഞ്ഞു.

ഒരു പിതാവ് ആഗ്രഹിക്കുന്നത് തന്റെ മക്കളെല്ലാം ഒത്തൊരുമയോടെ ജീവിക്കണം എന്നാണ്. ഏതെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുൻവിധികൾ ഇല്ലാത്ത, തുറന്ന മനസ്സോടെയുള്ള ചർച്ചയാണ് അതിന് പരിഹാരം, ഓരോ വ്യക്തിയുടെയും അന്തസ്സിനെയും അവകാശത്തെയും അംഗീകരിക്കലാണ് ഇത്തരം തുറന്ന ചർച്ചകൾ ചെയ്യുന്നത്. ചിന്തിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുത് അതുകൊണ്ടു തന്നെ ഓരോ വ്യക്തിക്കും അവരുടെ മതവും വിശ്വാസവും തിരഞ്ഞെടുക്കുന്നതിനുള്ള അവകാശമുണ്ട്, മാർപ്പാപ്പ പറയുന്നു.

വിശ്വാസം പ്രചരിപ്പിക്കാം, എന്നാൽ അടിച്ചേൽപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സാമ്പത്തിക സഹായം നൽകിക്കൊണ്ടുൾപ്പടെയുള്ള മതപരിവർത്തനങ്ങൾ എല്ലാം നിരാകരിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹം, ഒരു വ്യക്തിയെ പങ്കാളിയുടെ മതത്തിലേക്ക് മാറ്റുന്നതിനുള്ള ഉപാധിയാക്കരുതെന്നും മാർപ്പാപ്പ പറഞ്ഞു.