റോം: വീഞ്ഞ് ദൈവത്തിന്റെ വരദാനമാണ്, അത് കഴിക്കുന്നവർക്ക് സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടവും, പോപ്പ് ഫ്രാൻസിസിന്റെ വാക്കുകൾ ഇയലിയിലെ വീഞ്ഞ് ഉദ്പാദകർ കൊണ്ടാടുകയാണ്. വിവിധ യൂറോപ്യൻ ഏജൻസികൾ വീഞ്ഞിനെതിരെ മുന്നറിയിപ്പുകൾ നൽകുന്ന സാഹചര്യത്തിലാണ് ഈ വാക്കുകൾ എന്നതും ശ്രദ്ധേയമാണ്.

ഇറ്റലിയിൽ നിന്നുള്ള ഒരു സംഘം വീഞ്ഞുദ്പാദകരുമായി വത്തിക്കാനിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്‌ച്ചയിലാണ് മാർപ്പാപ്പ ഇത് പറഞ്ഞത്. ഇത് കേട്ടാൽ താനൊരു കുടിയനായ പോപ്പ് ആണെന്ന് തെറ്റിദ്ധരിച്ചേക്കുംഎന്ന് തമാശയായി പറഞ്ഞ പോപ്പ് പിന്നീട, വീഞ്ഞ്, നിലം, കാർഷിക നൈപുണി, സംരംഭകത്വം എന്നിവയെല്ലാം തന്നെ ദൈവത്തിന്റെ വരദാനമാണെന്ന് പറഞ്ഞു. മനുഷ്യ കുലത്തിന്റെ സത്യസന്ധതയും ആത്മാർത്ഥതയും കാരണമാണ് സൃഷ്ടികർത്താവ് ഇവയെല്ലാം നൽകിയതെന്നും, ജീവിതത്തിൽ യഥാർത്ഥ സന്തോഷം ലഭിക്കാൻ ഇവയെല്ലാം നാം അനുയോജ്യമായ രീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വീഞ്ഞു നിർമ്മാതാക്കൾ തങ്ങളുടെ ധാർമ്മികവും നൈതികവുമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നും പോപ്പ് ഓർമ്മിപ്പിച്ചു. തങ്ങളുടെ തൊഴിലാളികളെയും പരിസ്ഥിതിയേയും ബഹുമാനത്തോടെ സമീപിക്കണമെന്നും, ആരോഗ്യകരമായ പാന സ്വഭാവങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കൻ ഇറ്റാലിയൻ നഗരമായ വെറോണയിൽ നടക്കാൻ ഇരിക്കുന്ന പ്രതിവർഷ വൈൻ ട്രേഡ് ഫെയറിന്റെ മുന്നോടിയായി വെറോണയിലെ ബിഷപ്പ് ഡൊമെനികോ പോംപിലി ആയിരുന്നു ഈ കൂടിക്കാഴ്‌ച്ച ഒരുക്കിയത്.

യൂറോപ്യൻ യൂണിയനിലാകമാനം ആല്കഹോളിക് പാനീയങ്ങൾക്ക് മേൽ ആരോഗ്യ മുന്നറിയിപ്പ് നൽകണം എന്ന നിർദ്ദേശം സജീവമായി തുടരുകയാണ്. അത്തരത്തിൽ മുന്നറിയിപ്പ് വയ്ക്കാൻ അയർലൻഡിന് ഇ യു അനുമതി നൽകിയിരുന്നു. ഇത് ഇറ്റലി, സ്പെയിൻ, എന്നിവഉൾപ്പടെ ആറ് ഇ യു അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.