- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഞ്ചന്തയിലെ ഒബേലിസ്‌ക്... ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍... കാര്യവട്ടത്തെ ഹ്യൂമന്‍ വെല്‍ഫെയര്‍.. മുരിക്കാശേരിയിലെ ഹില്‍വാലി; സത്യസരണിക്കൊപ്പം പൂട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് ഞെട്ടിക്കുന്നത്; മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരവാദം എന്ന് ആരോപണം; പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികള്‍ക്ക് പൂട്ടുവീഴുമ്പോള്‍
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനായി ഭീകരവാദം വിതച്ചുകൊണ്ടിരിക്കുന്ന, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ഇതില്‍ 80 ശതമാനവും കേരളത്തിലാണ്. ഹവാല ഇടപാടിലൂടെ വന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി അന്വേഷണ ഏജന്‍സി പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് 13,000-ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് ഇ.ഡി പറയുന്നു. സിങ്കപ്പുര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിം പ്രവാസികള്‍ക്കായി പി.എഫ്.ഐ. ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ഇ.ഡി. പറയുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. വിദേശത്തുനിന്നു സമാഹരിച്ച തുക ഹവാല ഇടപാടിലൂടെ ഇന്ത്യയിലെത്തിക്കും.
ഈ രീതിയില്‍ എത്തുന്ന പണത്തിന്റെ ഉത്ഭവം കണ്ടെത്താനാവില്ല. പണം രാജ്യത്തെത്തുന്നതോടെ സംഘടനയുടെ ഭാരവാഹികളിലേക്ക് ഈ തുകയെത്തുന്നു. തുടര്‍ന്ന്, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുമെന്നും അന്വേഷണ ഏജന്‍സി പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ.) പ്രകാരമാണ് മുംബൈയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയുടെ പേരിലുള്ളവയാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍.
ഇഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയാണ് ഇതില്‍ പ്രധനപ്പെട്ടത്. മതപരിവര്‍ത്തന കേന്ദ്രമെന്നും ഇഡി വ്യക്തമാക്കി. അഖില ഹാദിയ കേസിലടക്കം മലയാളി ഏറെ ചര്‍ച്ചചെയ്തതാണ് ഈ സത്യസരണി. പക്ഷേ ഇതോടൊപ്പമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റും ഞെട്ടിക്കുന്നതാണ്.
മനുഷ്യാവകാശത്തിന്റെ മറവില്‍
അനാഥശാലകളുടെയും, മനുഷ്യാവാശ സംഘടനകളുടെയും മറവിലാണ് കേരളത്തിലേക്ക് ഭീകരവാദത്തിന് പണമെത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ പിഎഫ്ഐയുടെ പണം പറ്റി പ്രവര്‍ത്തിക്കുന്നതായി ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ പലതും മതപാഠശാലകളും അനാഥാലയങ്ങളുമാണ്. ചില ട്രസ്റ്റുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലുടെ മറവിലാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ഗൈഡന്‍സ് നല്‍കുന്ന സംഘടനയായി ഒക്കെയാണ്, ഇവര്‍ പുറമേ അറിയപ്പെടുന്നത്.
കേരളം, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു. ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്. നേരത്തെയും ഇഡി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ മൂല്യം 61 കോടിയായി ഉയര്‍ന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പണത്തിന്റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. ഇവയുടെ ശരിയായ ഉറവിടം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇഡി പറയുന്നു. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്.
സത്യസരണിയുടെ സത്യം
കേരളത്തില്‍ ഏറെ വിവാദമായിരുന്ന രണ്ട് മതംമാറ്റ കേസുകള്‍ കൊണ്ട് മഞ്ചേരിയിലെ സത്യസരണി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അഖിലയെ ഹാദിയയാക്കി മതം മാറ്റിയത് ഈ കേന്ദ്രത്തില്‍ വെച്ചായിരുന്നു. ഈ വിഷയമാകട്ടെ സുപ്രീംകോടതി വരെയെത്തുകയും ചെയ്തു. ഇന്ന് ഫണ്ട് ശേഖരണത്തിലും നിയമപോരാട്ടത്തിലും അടക്കം മുന്നില്‍ നിന്നത് പോപ്പുലര്‍ ഫ്രണ്ടുകാരായായിരുന്നു.. ആഗോള ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നിമിഷയെ ഫാത്തിമയാക്കി മതം മാറ്റിയത് സത്യസരണിയില്‍ വെച്ചായിരുന്നു. ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിലും ഈ സ്ഥാപനത്തിനുള്ള പങ്ക് പുറത്തുവന്നു. ഇതേ തുടര്‍ന്ന് ഈ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് അടക്കം നടന്നിരുന്നു.
മതം മാറ്റി അഖിയയെ ഹാദിയ ആക്കിയ സംഭവത്തില്‍ സത്യസരണിയുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് പിതാവ് അശോകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സത്യസരണി ജീവനക്കാരിയായി സൈനബക്കായിരുന്നു ഇതില്‍ നിര്‍ണായക റോള്‍. അഖില കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയായിരുന്നു. ഇതു സംബന്ധിച്ച കണക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി തന്നെയാണ് പുറത്തുവിട്ടത്. സുപ്രീം കോടതി വിധി വന്ന ശേഷം അഖിലയും, ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേ കണ്ടിരുന്നു.
ഈ രീതിയില്‍ വിവാദങ്ങള്‍ അടിക്കടി ഉണ്ടായതോടെ, സത്യസരണിയിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് നടന്നിരുന്നു. പലതവണ ഈ കേന്ദ്രത്തിനെതിരെ പരാതി പൊലീസില്‍ കിട്ടിയിരുന്നു. എന്നാല്‍ കേരളം ഭരിച്ച ഇടതു- വലതു മുന്നണികള്‍ യാതൊരു നടപടിയും ഇവര്‍ക്കെതിരെ എടുത്തിരുന്നില്ല.