മലപ്പുറം: മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം പൊലീസ് ബന്തവസ്സിൽ. വഴിക്കടവ് മുരിങ്ങാമുണ്ടയിൽ സീഗ ഗൈഡൻസ് സെന്റർ എന്ന പേരിലുള്ള നിലമ്പൂർ സീഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് പൊലീസ് ബന്തവസ്സിലാക്കിയത്. നടപടി യു.എ.പി.എ നിയമം വകുപ്പ് 8 (1) പ്രകാരമുള്ള ജില്ലാ പൊലീസ് മേധാവിയുടെ അധികാരമുപയോഗിച്ചാണ്.

മലപ്പുറത്തെ പോപ്പുലർഫ്രണ്ട് ഓഫിസുകളിൽ വെള്ളിയാഴ്ച വ്യാപക പരിശോധനയും നടന്നു. മഞ്ചേരിയിലെ റിഹാബ് ഫൗണ്ടേഷൻ ഓഫീസിനും സീൽ വെച്ചു. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ് നാരോക്കാവ് മുരിങ്ങമുണ്ടയിൽ പ്രവർത്തിച്ചിരുന്ന സീഗ ഗൈഡൻസ് സെന്റർ എന്ന പേരിലുള്ള നിലമ്പൂർ സീഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊലീസ് ബന്തവസ്സിലാക്കിയത

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് പൊലീസ് മലപ്പുറം ജില്ലയിൽ ഉടനീളം റെയ്ഡുകൾ നടത്തുകയും ഓഫിസുകൾ പരിശോധിക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് പരിശീലന കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. സംഘത്തിൽ എസ്‌ഐ മാരായ ടി.എസ്.സനീഷ്, ഒ.കെ. വേണു, എ.എസ്്.ഐ: കെ. മനോജ്, സി.പി.ഒമാരായ കെ.പി. ബിജു, എം.എസ്. അനീഷ്, നിഖിൽ എന്നിവരും ഉണ്ടായിരുന്നു.

അതേ സമയം നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷൻ ഓഫീസ് പൊലീസ് സീൽ വെച്ച് നോട്ടിഫിക്കേഷൻ പതിച്ചു. മഞ്ചേരി അച്ചിപ്പിലാക്കലിൽ പ്രവർത്തിക്കുന്ന ഓഫീസ് ആണ് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി അടച്ചു പൂട്ടിയത്. റിഹാബ് ട്രസ്റ്റിനു കീഴിൽ സമീപത്തു തന്നെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഗുഡ് ഹോപ് സ്‌കൂളും പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സ്‌കൂളിന്റെ പ്രവർത്തനത്തിന് തടസ്സമില്ലെന്ന് റിയാസ് ചാക്കീരി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഏതാനും സംഘടനകൾ നിരോധിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളിലൊന്നാണ് റിഹാബ് ഫൗണ്ടേഷൻ. സംഘടനാ കാര്യാലയത്തിൽ നോട്ടിഫിക്കേഷൻ പതിച്ചതിനോടൊപ്പം പൊലീസ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്.