ലണ്ടൻ: അസാധാരണമാം വിധംവിരളമായ 5 പൗണ്ടിന്റെ ഒരു നോട്ട് ലേലത്തിൽ വിറ്റത് 32,000 പൗണ്ടിന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലീഡ്സ് ബ്രാഞ്ചിൽ നിന്നും ഇറങ്ങിയ ഈ നോട്ട് 1900 ജൂലായ് 12 ന് പുറത്തിറക്കിയതാണ്. 1893 മുതൽ 1902 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് കാഷ്യർ ആയിരുന്ന ഹൊറാസ് സി ബോവൻ ആണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 16,000 പൗണ്ടോളം ഈ നോട്ടിന് ലഭിക്കും എന്നായിരുന്നു ലേലത്തിൽ വിറ്റ നൂനാൻസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ലഭിച്ചത് അതിന്റെ ഇരട്ടിയോളവും.

ബോവന്റെ ഒപ്പുള്ള വളരെ കുറച്ചു നോട്ടുകൾ മാത്രമാണ് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ശേഖരണത്തിൽ ഉള്ളത്. ലീഡ്സ് ബ്രാഞ്ചിൽ നിന്നിറങ്ങിയതാകട്ടെ ഇനിയും വിരളവും. കടുത്ത മത്സരമായിരുന്നു ലേലത്തിനെന്ന് നൂനാൻസ് വക്താവ് പറഞ്ഞു. വിരളമായ നോട്ടുകളോട് താത്പര്യം വർദ്ധിച്ചു വരികയാണെന്നാണ് ഇത് കാണിക്കുന്നത്. ഈ ലേലത്തിൽ, 1862 ജൂലായ് 28 ന് പുറത്തിറങ്ങിയ മറ്റൊരു 5 പൗണ്ട് നോട്ടിനും പ്രതീക്ഷിച്ചതിലും അധികം തുക ലഭിച്ചു.

ഈ വിരളമായ നോട്ടിന് 15,000 പൗണ്ട് വരെ ലഭിക്കുംഎന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് വിറ്റു പോയത് 20,000 പൗണ്ടിനായിരുന്നു. ഈ നോട്ടും ലീഡ്സിൽ നിന്നു തന്നെ വിതരണം ചെയ്തിട്ടുള്ളതാണ് 1835 മുതൽ 1864 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ക്യാഷ്യർ ആയിരുന്ന മാത്യൂ മാർഷൽ ആണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്.

പഴയ നോട്ടുകൾ ശേഖരിക്കുന്നത് വിനോദ്മാക്കിയ രണ്ട് വ്യക്തികളാണ് ഈ രണ്ട് നോട്ടുകളും വാങ്ങിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഉടമകളിലേക്കാണ് ഇവ പോയിരിക്കുന്നതെന്നും ലേലക്കമ്പനി അറിയിച്ചു. എന്നാൽ, ഇത് വാങ്ങിയവരുടെ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയ്യാറായില്ല.