- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുസർക്കാരിന്റെ ദുഷ്ച്ചെയ്തികൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ കടന്നാക്രമിക്കുന്നു; സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ; മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ; റെയ്ഡുകളെ ശക്തമായി അപലപിച്ച് പ്രകാശ് ജാവ്ദേക്കർ
ന്യൂഡൽഹി: മറുനാടൻ മലയാളി അടക്കം ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രഭാരിയും, മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണ്. തങ്ങളുടെ ദുഷ്ച്ചെയ്തികൾ പുറത്തുകൊണ്ടുവരുന്നതിന്റെ പേരിൽ ഇടതുസർക്കാർ മാധ്യമങ്ങൾക്കെതിരെ ഭീകരവേട്ടയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വനിതാ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എടുത്ത കേസും, മറുനാടൻ മലയാളി ഓഫീസുകളിലും, ജീവനക്കാരുടെ വീടുകളിലും നടത്തിയ റെയ്ഡുകളും മന്ത്രി പരാമർശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ തെറ്റായ പ്രവർത്തികളെ തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ രാഷ്ടീയ പകപോക്കൽ നടത്തുകയാണ് ഇടതുസർക്കാരെന്നും, മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജാവ്ദേക്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ മാസം മറുനാടന് നൽകിയ അഭിമുഖത്തിലും, കേരളത്തിലെ ഇടതുമുന്നണി സർക്കാർ മാധ്യമങ്ങളെ കടന്നാക്രമിക്കുകയാണെന്ന്, പ്രകാശ് ജാവ്ദേക്കർ വിമർശിച്ചിരുന്നു. ഇടതുമുന്നണിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണെന്നും ജാവ്ദേക്കർ കുറ്റപ്പെടുത്തി.
പ്രകാശ് ജാവ്ദേക്കറുടെ വാക്കുകൾ:
കേരളത്തിലെ ഇടതുമുന്നണി സർക്കാർ തങ്ങൾക്കെതിരായ എല്ലാ ഭീഷണികൾക്കും നേരേ ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ഒരുവർഷമായി മാധ്യമസ്ഥാപനങ്ങളെ കടന്നാക്രമിക്കുകയാണ്. ഇടതുമുന്നണിയെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണ്. ഏതെങ്കിലും എംഎൽഎ അഴിമതിക്കാരൻ ആണെന്ന് ഒരു യുടൂബ് ചാനലിലെ റിപ്പോർട്ടർ പറഞ്ഞാൽ, അതിനും കേരളത്തിൽ കേസെടുക്കും.
മുമ്പ് അടിയന്തരാവസ്ഥയ്ക്ക് എതിരെ കമ്യൂണിസ്റ്റു പാർട്ടി പോരാടുമ്പോൾ, അവരിൽ പല നേതാക്കളും ഞങ്ങൾക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നു. എന്നാൽ, ഇന്നുകഥ മാറി. പട്നയിലെ പ്രതിപക്ഷ ഐക്യ സമ്മേളനത്തിന് ശേഷം അവർ കോൺഗ്രസുമായി ചങ്ങാത്തം കൂടിയിരിക്കുകയാണ്. ഇപ്പോൾ, അവർ, കോൺഗ്രസ് അടിയന്തരാവസ്ഥ കാലത്ത് കാട്ടിയത് അതുപോലെ അനുകരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. തീർത്തും ജനാധിപത്യ വിരുദ്ധമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ