തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ യാത്രയ്ക്കുള്ള യാത്രികരേയും പ്രഖ്യാപിച്ചു. സംഘതലവൻ മലയാളിയാണ്. പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തെ നയിക്കുക. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടനാണ് ഇദ്ദേഹം. അജിത് കൃഷ്ണൻ, അങ്കദ് പ്രതാപ്, ശുഭാൻശു ശുക്ല എന്നിവരാണ് മറ്റുള്ള സംഘാംഗങ്ങൾ.

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാനി'ൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ ഇന്നാണ് പുറത്തു വന്നത്. ദൗത്യത്തിനു തയ്യാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകളാണ് പുറത്തു വന്നത്. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ഇതിൽ ആദ്യ പേരുകാരനായി മലയാളി എത്തുമ്പോൾ പ്രതീക്ഷ കേരളത്തിനാണ്.

ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്.

2025ലാകും ഗഗൻയാൻ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം 'ജിഎക്‌സ്' 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.

മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം.