തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോൾ അത് മലായളിക്ക് അഭിമാന നിമിഷം. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പടെ നാലുപേരാണ് ഗഗൻയാത്രയുടെ ഭാഗമാകുന്നത്. പ്രശാന്ത് ബാലകൃഷ്ണനു പുറമേ അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാനിലെ യാത്രികർ. നാല് പേർക്കും ആസ്‌ട്രോണന്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേരുന്നത്. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ. ദുഷ്‌കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. ഇതു തന്നെയാണ് പ്രശാന്തിനേയും ഈ പദ്ധതിയിൽ എത്തിച്ചത്. ഇന്ത്യയുടെ സമകാലിക ആകാശ യുദ്ധങ്ങളിൽ മുന്നണി പോരാളിയായിരുന്നു പ്രശാന്ത്. നിരവധി രക്ഷാപ്രവർത്തന ദൗത്യത്തിലും പങ്കാളിയായി.

2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. തിരുവനന്തപുരം വി എസ്എസ്‌സിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി യാത്രികരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി നാല് യാത്രികരും ഇന്നലെ വി എസ്എസ്‌സിയിൽ എത്തിയിരുന്നു. ഇസ്രോ ഇവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വെക്കുകയായിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ഐർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിലും പരിശീലനം പൂർത്തിയാക്കിയിരുന്നു.

2025 അവസാനത്തോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നത് ഈ വർഷം അവസാനം ഉണ്ടാകുമെന്ന് കരുതുന്നു. രണ്ട് പരീക്ഷണ ദൗത്യങ്ങൾക്കു ശേഷമാകും ഗഗൻയാൻ പദ്ധതിയിൽ മനുഷ്യനെ ഉൾപ്പെടുത്തുക. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. യാത്രികർക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും.

ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവി എം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗൻയാൻ പേടകം ഭ്രമണ പഥത്തിൽ എത്തിക്കുക. പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗൻയാൻ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.