- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന് പെട്രോൾ അടിക്കാൻ കാശില്ല; കെ എസ് ആർ ടി സിയിൽ ശമ്പളം ഇല്ലാത്തതിന് പ്രതിഷേധിച്ചാൽ നടപടി; മുണ്ടു മുടുക്കി ഉടത്ത് സാധാരണക്കാർ 4000 കോടിയുടെ അധിക നികുതി നൽകുമ്പോൾ സർക്കാരിൽ സർവ്വത്ര ധൂർത്ത്; 125 കോടി മുടക്കി പിണറായിക്ക് വേണ്ടി പി ആർ ക്യാമ്പയിൻ; വിപണന മേളയ്ക്ക് പിന്നിലും 'പിണറായിസം'; എല്ലാം ധനമന്ത്രിക്ക് അംഗീകരിക്കേണ്ടി വരുമ്പോൾ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ സർക്കാർ ഖജനാവിൽ നിന്ന് 125 കോടി മുടക്കി പി.ആർ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് വിവാദത്തിൽ. സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും വിപണന മേള നടത്താൻ പി.ആർ.ഡിയെ ചുമതലപ്പെടുത്തി ഈ മാസം 9 ന് ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. എന്റെ കേരളം - 2023 പ്രദർശന വിപണന മേള എന്നാണ് പരിപാടിക്ക് പേര് ഇട്ടിരിക്കുന്നത്. പൊലീസിന് വാഹനത്തിന് പെട്രോളടിക്കാൻ കാശില്ലാത്ത അവസ്ഥയാണ്. ഇതു കാരണം അന്വേഷണവും ക്രമസമാധാന പാലനവും തകർന്നു. ഇതിനിടെയാണ് പുതിയ ധൂർത്ത്.
അതുകൊണ്ട് തന്നെയാണ് 125 കോടി ചെലവാക്കി വിപണനമേള എന്ന പരിപാടി നടത്താനുള്ള സർക്കാർ ഉത്തരവിന് എതിരെ വിമർശനങ്ങൾ ഉയരുന്നത്. 14 ജില്ലകളിലും വിപണന മേള സംഘടിപ്പിക്കും. 2023 ഏപ്രിൽ 1 മുതൽ മെയ് 30 വരെയാണ് വിപണന മേള സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിനായി പി ആർ ഡി ഡയറക്ടർ കൺവീനറായി സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. മന്ത്രിസഭയിൽ പലർക്കും ഇതിനോട് വിയോജിപ്പുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം ആരും എതിർത്തില്ല. ധനമന്ത്രി ബാലഗോപാലും എല്ലാം അംഗീകരിച്ചു.
പ്രദർശനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളും ആശയങ്ങളും രൂപപ്പെടുത്തുക സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും. അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ രക്ഷാധികാരികളായും ജില്ല കളക്ടർ ചെയർമാനും ആയി ജില്ലാ തല സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഏറെക്കുറെ നിശ്ചലമായ കിഫ് ബി യാണ് മേളയുടെ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിന്റെ ചുമതലയും ചെലവും വഹിക്കേണ്ടത്. മേളയോട് അനുബന്ധിച്ചുള്ള എഫ്.എം റേഡിയോ, സോഷ്യൽ മീഡിയ, ചാനലുകൾ എന്നിവയുടെ ചെലവുകളും കിഫ് ബി യാണ് വഹിക്കേണ്ടത്. 25 കോടിയാണ് കിഫ് ബി യുടെ പ്രാഥമിക എസ്റ്റിമേറ്റ്. ഈ തുക ഉയരാനും സാധ്യതയുണ്ട്. ഇതു കൂടാതെ ഓരോ ജില്ലക്കും പരമാവധി 35 ലക്ഷം രൂപ പി.ആർ ക്യാമ്പയിനായി പി ആർ ഡി നൽകും. 14 ജില്ലക്ക് 35 ലക്ഷം വച്ച് 4.90 കോടി ഈ ഇനത്തിൽ ഖജനാവിൽ നിന്ന് ചെലവാകും.
ഓരോ വകുപ്പിനും ഓരോ ജില്ലയിലും പരമാവധി 5 ലക്ഷം രൂപ വരെ മേളയിൽ പങ്കെടുക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി ചെലവഴിക്കാം. പേ റിവിഷനിൽ സമർപ്പിക്കുന്ന കണക്കനുസരിച്ച് 98 ഓളം വകുപ്പുകൾ ഓരോ ജില്ലയിലും ഉണ്ട്. അതനുസരിച്ച് 14 ജില്ലയിലെ ചെലവ് 68.60 കോടി. പൊതു മേഖല സ്ഥാപനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര ലക്ഷം വേണമെങ്കിലും ചെലവഴിക്കാം. ഏകദേശം 27 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങൾ ചെലവഴിക്കും എന്നാണ് പി.ആർ.ഡി കണക്ക് കൂട്ടുന്നത്.
ചെലവുകൾ ഒറ്റ നോട്ടത്തിൽ :
1. കിഫ് ബി - 25 കോടി
2.പി.ആർ.ഡി - 4.90 കോടി
3. വകുപ്പുകൾ - 68.60 കോടി
4. പൊതു മേഖല സ്ഥാപനങ്ങൾ - 27 കോടി
ആകെ 125.5 കോടിയാണ് പരിപാടിയുടെ ചെലവ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബജറ്റിൽ 4000 കോടിയുടെ നികുതി ജനങ്ങൾക്ക് മേൽ അടിച്ചേൽപിച്ചിരിക്കുമ്പോഴാണ് ഖജനാവിൽ നിന്ന് കോടികൾ മുടക്കി പി.ആർ ക്യാമ്പയിൻ ചെയ്യാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഈ മാസം 8 ലെ മന്ത്രിസഭ യോഗത്തിലാണ് പി ആർ ക്യാമ്പയിൻ നടത്താൻ സർക്കാർ തീരുമാനമെടുത്തത്. മന്ത്രിസഭ യോഗത്തിൽ പി ആർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് പി.ആർ ക്യാമ്പയിൻ ഫയൽ അവതരിപ്പിച്ചത്. നികുതി കൊള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാൽ പിണറായിയുടെ നിർദ്ദേശത്തെ പിന്താങ്ങിയതാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്.
ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 2 രൂപ വീതം ഇന്ധന സെസ് ഏർപ്പെടുത്തിയ ധനമന്ത്രി കോടികൾ ചെലവാക്കിയുള്ള പിണറായിയുടെ ധൂർത്ത് മാമാങ്കത്തിന് കൊടി പിടിക്കുന്നു. തുടർ ഭരണത്തിൽ വികസനം നടന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. 7 പുതിയ കാറുകൾ ഇക്കാലയളവിൽ മുഖ്യമന്ത്രിക്കായി വാങ്ങി. 2 കോടിയായിരുന്നു ചെലവ്. 42 അകമ്പടി വാഹനങ്ങളും ആംബുലൻസും ആയുള്ള രാജകീയ യാത്രയും പിണറായിക്ക് ലഭിച്ചു. 42.90 ലക്ഷം രൂപയുടെ കാലി തൊഴുത്താണ് ക്ലിഫ് ഹൗസിൽ നിർമ്മിച്ചത്. 25.50 ലക്ഷം രൂപയുടെ പുതിയ ലിഫ്റ്റിന്റെ നിർമ്മാണം ക്ലിഫ് ഹൗസിൽ പുരോഗമിക്കുകയാണ്.
ഇങ്ങനെ തുടർ ഭരണത്തിൽ മുഖ്യമന്ത്രി സുഖിച്ചു ആറാടുമ്പോൾ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. വാട്ടർ ചാർജ്, കറന്റ് ചാർജ് , വീട്ട് കരം, ബസ് ചാർജ് തുടങ്ങിയ സർവ്വ കാര്യങ്ങൾക്കും വില വർദ്ധിപ്പിച്ചു. ഇത് കൂടാതെയാണ് 4000 കോടിയുടെ ബജറ്റിലെ പുതിയ നികുതി പ്രഖ്യാപനങ്ങളും . സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കെ റയിലിന്റെ പേരിൽ ജനങ്ങളെ ദ്രോഹിച്ചത് വേറെ. തുടർ ഭരണം ദുർഭരണം ആയി മാറിയതിന്റെ ഷോക്കിലാണ് ജനങ്ങൾ. അപ്പോഴാണ് 123.5 കോടിയുടെ പി.ആർ. ക്യാമ്പയിനുമായി പിണറായിയുടെ വരവ് .
മറുനാടന് മലയാളി ബ്യൂറോ