- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ മാധ്യമങ്ങളെ നിയന്ത്രിക്കാൻ അധികാരം ഉപയോഗിക്കുന്നതിനോടു യോജിക്കാനാകില്ലെന്നു ദിവാകരൻ; മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ വൈരനിര്യാതനബുദ്ധിയോടെയുള്ള സമീപനം ഇടതുമുന്നണിയിൽ അതൃപ്തിയാകുന്നു; ശ്രേയംസ് കുമാറിന്റെ വെളിപ്പെടുത്തൽ ചർച്ചകളിൽ; സിപിഎം പിബിയും നിരാശയിൽ
തിരുവനന്തപുരം: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ വൈരനിര്യാതനബുദ്ധിയോടെയുള്ള സമീപനം ഇടതുമുന്നണിയിൽ രൂപപ്പെടുന്ന അതൃപ്തി പുറത്തുവന്നുതുടങ്ങി. 'മാതൃഭൂമി' മാനേജിങ് ഡയറക്ടർ കൂടിയായ എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ് കുമാറാണ് ഇക്കാര്യം ആദ്യം പരസ്യമാക്കിയത്. പിണറായി സർക്കാരും സിപിഎമ്മും ഇതിന് നേതൃത്വം കൊടുക്കുന്നതിലാണ് പരാതി.
സർക്കാർ മാധ്യമവേട്ട നടത്തുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രാഷ്ട്രീയപ്രചാരണം ആരംഭിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് ഇടതുപക്ഷം തന്നെ കൂച്ചുവിലങ്ങിടരുതെന്ന ആവശ്യവുമായി എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തെത്തി. മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളും സമൂഹത്തിൽ ചർച്ചയാവുകയാണ്. മറുനാടന്റെ വാർത്തകളുടെ പേരിൽ തുടർച്ചയായി കേസെടുക്കുകയും പൊലീസ് വിളിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടത്തിനൊപ്പം സിപിഎം പിന്തുണയോടെ ജയിച്ച ജനപ്രതിനിധിയും വ്യാജ പ്രചരണത്തിന് നേതൃത്വം നൽകുന്നു. ഇതാണ് ഇടതുപക്ഷത്ത് അസ്വസ്ഥതയുണ്ടാക്കുന്നത്.
കേരളത്തിനു പുറത്ത് മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം അതു ജീവവായു തന്നെയാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണു സിപിഎം. കേരളത്തിലെ സംഭവവികാസങ്ങളിൽ സിപിഎം പോളിറ്റ് ബ്യൂറോയും പ്രതിഷേധത്തിലാണ്. മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയ്‌ക്കെതിരെ എസ് സി എസ് ടി പീഡന നിയമ പ്രകാരം കേസെടുത്തത് എംഎൽഎ കൂടിയായ പിവി ശ്രീനിജന്റെ പരാതിയിലാണ്. ഇടതു എംഎൽഎ പിവി അൻവർ സ്ഥിരമായി രംഗത്തു വരുന്നു. നുണ പ്രചരണത്തിന്റെ ഭീകര വെർഷനാണ് നടക്കുന്നത്.
മറുനാടനൊപ്പം മാധ്യമപ്രവർത്തകരായ ജയചന്ദ്രൻ ഇലങ്കത്ത് (മലയാള മനോരമ), അഖില നന്ദകുമാർ, അബ്‌ജ്യോദ് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും ചർച്ചയായി. മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടുയർന്ന പ്രചരണത്തെ സോഷ്യൽ മീഡിയയിൽ ആദ്യം എതിർത്ത വ്യക്തിയാണ് ജയചന്ദ്രൻ ഇലങ്കത്ത് പിന്നാലെ അദ്ദേഹത്തിനേയും കേസിൽ കുടുക്കുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളെ നിയന്ത്രിക്കാനും ഭീഷണിപ്പെടുത്താനും പൊലീസിനെ ദുരുപയോഗം ചെയ്യുകയാണോ എന്ന വിമർശനം ശക്തമാണ്.
എൽഡിഎഫിൽത്തന്നെ ആ സംശയം പ്രബലമാണെന്ന് ശ്രേയാംസ്‌കുമാറിന്റെ പ്രതികരണം വ്യക്തമാക്കി. എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുമായുള്ള യാത്ര റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തി എന്നാരോപിച്ച് 'മാതൃഭൂമി ന്യൂസ്' സംഘത്തിനെതിരെ കേസെടുത്തതാണു ശ്രേയാംസിന്റെ പ്രതികരണത്തിനു വഴിവച്ചത്. ''ഇതിനു പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. മാധ്യമപ്രവർത്തകരെ തളർത്തുകയെന്ന ലക്ഷ്യത്തോടെയാണു കേസെടുക്കുന്നത്. ഒന്നും റിപ്പോർട്ട് ചെയ്യാൻ പോകേണ്ട. ചെയ്താൽ കേസു വരും. അങ്ങനെ ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞാൽ സ്വാഭാവികമായും പല റിപ്പോർട്ടുകളും പുറത്തുവരില്ല'' ശ്രേയാംസ് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ മാധ്യമങ്ങളെ നിയന്ത്രിക്കാൻ അധികാരം ഉപയോഗിക്കുന്നതിനോടു യോജിക്കാനാകില്ലെന്നു സിപിഐ നേതാവ് സി ദിവാകരനും അഭിപ്രായപ്പെട്ടു.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ മാധ്യമങ്ങളെ അകറ്റിനിർത്തുന്ന പ്രവണതയാണ് ഇപ്പോൾ ഏറ്റുമുട്ടൽ സ്വഭാവത്തിലേക്കു വളർന്നത്. എല്ലാ ആഴ്ചയും മന്ത്രിസഭായോഗം കഴിഞ്ഞു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്ന രീതി ഒഴിവാക്കിയ പിണറായി മാധ്യമപ്രവർത്തകരെ കാണുന്നതു സർക്കാരിന് ആവശ്യമുള്ള ഘട്ടത്തിലേക്കു ചുരുക്കി. മുഖ്യമന്ത്രിതന്നെ അധ്യക്ഷനായ മാധ്യമ അക്രഡിറ്റേഷൻ കമ്മിറ്റി മതിയായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർക്കു നൽകുന്ന കേരള സർക്കാർ മുദ്രയുള്ള അക്രഡിറ്റേഷൻ കാർഡ് കാണിച്ചാലും സെക്രട്ടേറിയറ്റിൽ പ്രവേശനമില്ലെന്നായി. കോടതികളിലും സമാന നിയന്ത്രണങ്ങൾ ഉണ്ടായി. നിയമസഭാ ചോദ്യോത്തരവേള സംപ്രേഷണം ചെയ്യുന്നതിൽനിന്നു ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കി. മാധ്യമപ്രവർത്തകരുമായി ഇടപഴകുന്ന സിപിഎം പ്രവർത്തകരെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇതേഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പാർട്ടിക്കുള്ളിൽ മുന്നറിയിപ്പു നൽകിത്തുടങ്ങി. പൊലീസ് നടപടികൾ യാദൃച്ഛികവും സ്വാഭാവികവുമല്ലെന്ന വ്യക്തമായ സൂചനകൾ ഈ പശ്ചാത്തലം നൽകുന്നു.
പൊലീസ് നടപടികളെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ ന്യായീകരിക്കുകയാണ്. ലഭിച്ച പരാതികളിന്മേൽ പൊലീസ് നടത്തുന്ന 'സത്യാന്വേഷണ'മാണ് ഇവർക്ക് ഈ മാധ്യമവിരുദ്ധ നടപടികൾ. മാധ്യമങ്ങളുമായോ മറ്റേതങ്കിലും വിഭാഗങ്ങളുമായോ സംഘർഷങ്ങൾ രൂപപ്പെടുമ്പോൾ അവരെയും കൂടി കേൾക്കാനും വിശ്വാസത്തിലെടുക്കാനും കഴിവുള്ള നേതൃത്വത്തിന്റെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുന്നു.
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെയും വാർത്ത അവതരിപ്പിച്ചതിന്റെയും പേരിൽ മാധ്യമപ്രവർത്തകരുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതു ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്നു സാംസ്‌കാരികപ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കൂട്ടായി അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യപ്രശ്‌നം മാത്രമല്ല, അതു ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യ ഘടകമാണെന്നു ബി.ആർ.പി.ഭാസ്‌കർ, കെ.ജി.ശങ്കരപ്പിള്ള, സി.രാധാകൃഷ്ണൻ, ബി.രാജീവൻ, എം.കുഞ്ഞാമൻ, കെ.അജിത, എം.എൻ.കാരശ്ശേരി, കെ.സി.നാരായണൻ, കൽപറ്റ നാരായണൻ തുടങ്ങി നൂറോളം പേർ കൂട്ടായി ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ