വിവാഹിതരായ അബ്ദുൾ മതീൻ രാജകുമാരനും നവവധു യാംഗ് മുലിയ അനിഷ റോസ്ന രാജകുമാരിക്കും അഭിവാദ്യങ്ങൾ അർപ്പിക്കാൻ ബ്രൂണെയുടെ തലസ്ഥാനത്ത് നൂറുകണക്കിന് ആളുകൾ തെരുവുകളുടെ ഇരുവശവും തടിച്ചു കൂടി. വിവാഹ വിരുന്നിനായി പോവുകയായിരുന്നു നവദമ്പതികൾ. പത്ത് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകളുടെ എട്ടാം ദിവസമായിരുന്നു ഇന്നലെ ഞായറാഴ്‌ച്ച. അത് അഘോഷങ്ങളുടെ ദിനവും കൂടിയായിരുന്നു.

32 കാരനായ രാജകുമാരന്റെയും 29 കാരിയായ രാജകുമാരിയുടെയും വിവാഹാഘോഷങ്ങളിലെ ഏറ്റവുംപ്രധാന ദിവസം ആയിരുന്നു ഇന്നലെ. ബാൻഡാർ സെറി ബെഗാൻ തെരുവുകളിലൂടെ നവദമ്പതികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത് നൂറുകണക്കിന് ആളുകളായിരുന്നു. അതുപോലെ, ബുധനാഴ്‌ച്ച ഇരുവരും താലികെട്ടിയിരുന്നെങ്കിലും ഇന്നലെയായിരുന്നു അത് പരസ്യമായി ചെയ്തത്.

അതിനു പിറകെ ആഡംബരപൂർണ്ണമായ വിരുന്നും ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ രാജവംശങ്ങളിലെ പ്രമുഖർ എല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു അബ്ദുൾ മതീൻ രാജകുമാരൻ അനിഷ റോസ്ന രജകുമാരിയുമായുള്ള വിവാഹ നിശ്ചയം ആരാധകരുമായി പങ്കുവച്ചത്. ഏഷ്യയിലെ "മോസ്റ്റ് എലിജിബിൾ ബാച്ചിലർ" എന്ന് സൈബിറടങ്ങളിൽ പ്രശസ്തനായ രാജകുമാരന്റെ ആരാധകരെ ഈ വാർത്ത ഞെട്ടിച്ചിരുന്നു.

ബ്രൂണെ സുൽത്താൻ ഹസ്സനാൽ ബോല്ക്കിയയുടെ ഉപദേഷ്ടാവിന്റെ കൊച്ചുമകളാണ് വധു. ഒരു ഫാഷൻ കമ്പനിയുടെയും ടൂറിസം കമ്പനിയുടെയും ഉടമ കൂടിയാണവർ എന്നാണ് അറിയാൻ കഴിയുന്നത്. ഇവർ വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഞായറാഴ്‌ച്ചത്തെ ചടങ്ങിന് വെള്ളയും സ്വർണ്ണ നിറവും കലർന്ന യൂണിഫോം ധരിച്ചായിരുന്നു രാജകുമാരൻ എഥ്റ്റിയത്. വധുവാകട്ടെ നീണ്ട ശുഭ്രവസ്ത്രത്തിലും തിളങ്ങുന്ന ആഭരണങ്ങളിലുമായിരുന്നു എത്തിയത്.

നിരത്തുകളിൽ ഇരുവശവുംതടിച്ചു കൂടീയ ജനക്കൂട്ടത്തെ നോക്കി ആഹ്ലാദപൂർവ്വം കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു ദമ്പതികൾ ഘോഷയാത്രയിൽ പങ്കെടുത്തത്. തുറന്ന റോൾസ് റോയ്സ് കാറിൽ സഞ്ചരിച്ച അവർ ആഘോഷങ്ങൾ നടക്കുന്ന നൂറുൽ ഇമാൻ കൊട്ടാരത്തിലെത്തിച്ചേർന്നു. നിയമപരമായ വിവാഹ ചടങ്ങുകൾക്ക് ശേഷം വധു വരന്മാരെ ഒന്നിച്ച് കാണുന്നത് ഇന്നലെയായിരുന്നു.

പെന്നീട് ഇരുവരും പൊതുവേദിയിൽവിവാഹിതരായതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പിന്നീട് ഇസ്റ്റാന നൂറുൽ ഇമാൻ പാലസിൽ നടന്ന വിരുന്നു സത്ക്കാരത്തിൽ 5000 ഓളം പേർ പങ്കെടുത്തതായി കണക്കാക്കുന്നു. സൗദി അറേബ്യ, ജോർഡാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രാജകുടുംബങ്ങളും, ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ, ഫിലിപൈൻസ് നേതാവ് ഫെർഡിനാൻഡ് മാക്രോസ് ജൂനിയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹം ബുധനാഴ്ചയായിരുന്നു നടന്നത്. അതിൽ വിവാഹ പാർട്ടിയീലെ പുരുഷ അംഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്രൂണെ സുൽത്താന്റെ പത്തു മക്കളിൽ നാലാമനാണ് അബ്ദുൾ മതീൻ രാജകുമാരൻ. കിരീടാവകാശത്തിനുള്ള നിരയിൽ ആറാം സ്ഥാനമാണ് രാജകുമാരനുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒരു താരമായി നിൽക്കുന്ന രാജകുമാരന് ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൻ ഫോളോവേഴ്സ് ആണുള്ളത്.

ആഡംബര നൗകകളും, വളർത്ത് മൃഗങ്ങളും സ്വകാര്യ ജറ്റുകളുമൊക്കെയായി തന്റെ ആഡംബര ജീവിതത്തിന്റെ ശരിപ്പകർപ്പുകളാണ് രാജകുമാരന്റെ പോസ്റ്റുകളിൽ അധികവും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രാജകുമാരന്റെ ഫോളോവേഴ്സായി ഉണ്ട്. ഏതാണ്ട് 24 ബില്യൺ പൗണ്ട് ആസ്തിയുള്ള ബ്രൂണെ സുൽത്താൻ ലോകത്തിലെ തന്നെ അതിസമ്പന്നരിൽ ഒരാളാണ്.