കൊച്ചി: തൊടുപുഴയിലെ കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് അറസ്റ്റിലായതിൽ പ്രതികരണവുമായി പ്രൊഫ. ടി ജെ ജോസഫ്. തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതിൽ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ടിജെ ജോസഫ് പറഞ്ഞു. ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികളെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് നിയമവ്യവസ്ഥയിൽ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിന്റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താൽപര്യമൊന്നുമില്ല. നിയമസംവിധാനത്തെ ആദരിക്കുന്നയാൾ എന്ന നിലയിൽ സന്തോഷമുണ്ട്. എന്തായാലും 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതിൽ നിയമപാലകർക്ക് അഭിമാനിക്കാം. അവർക്ക് സമാധാനിക്കാം. ഈ കേസിൽ വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ടി ജെ ജോസഫ് പറഞ്ഞു.

കേസിന്റെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് ചെന്ന് എത്താത്തിടത്തോളം ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാനാകില്ല. അവരുടെ പടയാളികൾ ആയുധമായി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ അടിസ്ഥാന ബുദ്ധി തടവിലാക്കപ്പെടാത്തത്തോളം സംഭവങ്ങൾ ആവർത്തിക്കുമെന്നും ആശ്വസിക്കാവുന്ന കാര്യം മാത്രമാണ് സവാദിന്റെ അറസ്റ്റെന്നും പ്രൊഫ ടിജെ ജോസഫ് പറഞ്ഞു.

ആരുടെയോ നിർദ്ദേശം അനുസരിച്ച് പ്രതി കൃത്യം ചെയ്തു. മുറിവേൽപ്പിച്ചതിനാൽ സവാദിനോട് ദേഷ്യം ഇല്ല. പക്ഷെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് സങ്കടം. അന്നും ഇന്നും ഈ കാര്യത്തിനോടുള്ള നിലപാട് ഒന്ന് തന്നെയാണ്. ഇവർ കൈയാളുകൾ മാത്രമാണ്. എന്ന സംബന്ധിച്ച് ഇതൊരു ബാധ്യതയാണ് വീണ്ടും കോടതിയിൽ പോയി അതിന്റെ നടപടികൾക്ക് പിന്നാലെ നടക്കണം. മറ്റ് മൊഴി നൽകണം. കോടതിക്ക് പിന്നാലെ പോകണം. ചിന്തകൾ കൊണ്ടും വായനകൾ കൊണ്ടും ഞാനൊരു ദൈവ വിശ്വാസിയല്ല, ആയിരുന്നു നേരത്തെ. പ്രായം കൂടുമ്പോൾ മനോബലത്തിൽ കുറവാണ് സംഭവിക്കാർ. എന്നെ സംബന്ധിച്ച് ആ മനോബലം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

2010 ജൂലൈയിൽ സംഭവത്തിനുശേഷം 13വർഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. സവാദ് എങ്ങനെയാണ് കണ്ണൂരിൽ എത്തിയതെന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാക്കിസ്ഥാനിലും ദുബായിലും ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.