ലണ്ടൻ: ഇസ്രയേൽ- ഹമാസ് സംഘർഷം മൂർച്ഛിക്കുന്നതിനനുസരിച്ച് ബ്രിട്ടനിലെ നഗരങ്ങളും സമരക്കളമാകുകയാണ്. പ്രതിഷെധങ്ങൾ കനക്കുമ്പോൾ സ്ത്രീകളടക്കമുള്ളവർ തെരുവിലിറങ്ങുന്നു. ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയ നൂറോളം ഇസ്രയേലി പൗരന്മാരുടെ വിശദാംശങ്ങൾ അടങ്ങിയ ആയിരക്കണക്കിന് പോസ്റ്ററുകൾ ഇന്നലെ ലണ്ടൻ നഗരത്തിൽ ഉടനീളം പതിച്ചു.

ആ പോസ്റ്ററുകൾ കീറിക്കളഞ്ഞു കൊണ്ടായിരുന്നു വടക്കൻ ലണ്ടനിൽ രണ്ട് വനിതകൾ പ്രതിഷേധിച്ചത്. ഈ പ്രവൃത്തിയിൽ കോപാകുലരായ മറ്റു ചിലർ അവരോട് കയർക്കുന്നുമുണ്ടായിരുന്നു. സമാനമായ രീതിയിൽ ലണ്ടനിലെ തന്നെ മറ്റൊരു തെരുവിൽ ഒരു വനിതയും പുരുഷനും ചേർന്ന് പോസ്റ്ററുകൾ കീറിയെറിഞ്ഞു. ഇക്കാര്യത്തിൽ മെറ്റ് പൊലീസിന്റെ അന്വേഷണം വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

നിരപാരാധികളേയും കുട്ടികളെയുമാണ് ഭീകരർ ബന്ധികളാക്കിയിരിക്കുന്നത് എന്ന് പോസ്റ്റർ കീറുന്നതിന് സാക്ഷിയായ ഒരു വ്യക്തി പറയുന്നുണ്ട്. അപ്പോൾ പോസ്റ്റർ കീറുന്ന യുവതികളിൽ ഒരാൾ തിരിഞ്ഞു നിന്ന് അപ്പോൾ ഫലസ്തീനിലെ കുട്ടികളോ എന്ന് ചോദിക്കുന്നു. ബന്ധികളാക്കപ്പെട്ടവരുടെ പേരുകൾ, പ്രായം, അവരുടെ ജന്മസ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളും പോസ്റ്ററുകളിൽ ഉണ്ട്. ഗസ്സയിലെ വിവിധ പ്രദേശങ്ങളിലായി 150 ഓളം പേരെ ഭീകരർ ബന്ധികളാക്കിയിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ പൗരന്മാരും, ബ്രിട്ടീഷ് പൗരന്മാരും ഇക്കൂട്ടത്തിൽ പെടുന്നു.

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരുടെ വിശദാംശങ്ങളുള്ള പോസ്റ്ററുകൾ കീറിയെറിയുന്നത് ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണെന്ന്, കാമ്പെയ്ൻ എഗനിസ്റ്റ് ആന്റിസെമെറ്റിസം വക്താവ് പറഞ്ഞു. തികച്ചും കാട്ടാളത്തമായ ഭീകരരുടെ നടപടിയെ മറച്ചു വയ്ക്കാനും വെളുപ്പിക്കാനുമുള്ള ശ്രമമാണിതെന്നും വക്താവ് പറഞ്ഞു. ഭീകരർക്ക് പൊതുമധ്യത്തിൽ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വൃത്തികെട്ട പ്രവൃത്തിയാണിതെന്നും വക്താവ് അറിയിച്ചു.

അതിനിടയിൽ, ഇസ്രയേൽ ഗസ്സയിൽ ഒരു കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ എഴുതുന്നു. തികച്ചും അപ്രതീക്ഷിതമായി ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗസ്സയിലെക്കുള്ള വെള്ളം, ഇന്ധനം. ഔഷധങ്ങൾ, വൈദ്യൂതി എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിട്ടുണ്ട്. ബന്ധികളാക്കിയവരെ തിരികെ ഏൽപിക്കുന്നത് വരെ ഇത് തുടരുമെന്നാണ് ഇസ്രയേൽ പറഞ്ഞിരിക്കുന്നത്.