കോഴിക്കോട്: സൂംബാ വിവാദം കത്തിനില്‍ക്കുന്ന ഈ സമയത്ത്, കേരളത്തിലെ ന്യുസ് ചാനലുകളില്‍ മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് എന്ന പേരില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ ചര്‍ച്ചക്ക് എത്താറുണ്ട്. ഡോ അബ്ദുല്ല ബാസില്‍ അടക്കമുള്ള വിസ്ഡത്തിന്റെ പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന്, ശുദ്ധ വിവരക്കേടും, സ്ത്രീവിരുദ്ധതയും തള്ളി മറക്കുകയാണ്. സൂംബക്ക് പകരം കഥകളി കളിച്ചുകുടെ എന്ന് അബ്ദുല്ല ബാസില്‍ പറയുന്നതൊക്കെ, നവമാധ്യമങ്ങളില്‍ വലിയതരത്തില്‍ ട്രോളുകളായി. എന്നാല്‍ ഈ വിസ്ഡം ഗ്രൂപ്പിന് കേരളത്തിലെ മുസ്ലീങ്ങളുടെ അട്ടിപ്പേറ് അവകാശം ആരും കൊടുത്തിട്ടില്ലെന്നും, ചാനലുകളുടേത് റേറ്റിങ്ങിനായുള്ള തന്ത്രവുമാണെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിസ്ഡം മുജാഹിദുകളെയൊക്കെ എങ്ങനെയാണ് ഒരു പുരോഗമന സംഘടന എന്നുള്ള ലേബലിലൊക്കെ ഇറക്കാന്‍ കഴിയുക എന്നാണ്, ടി കെ ഉമ്മര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.-'ഇതരസമുദായങ്ങള്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കേരളത്തിലെ മുസ്ലിം സമുദായത്തില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് മുജാഹിദ് വിഭാഗം. അതില്‍ നിന്നും പിരിഞ്ഞു പോയ ഒരു നേരിയ ഗ്രൂപ്പാണ് വിസ്ഡം. ജിന്ന് അഥവാ അരൂപികള്‍ നമ്മുടെ ചുറ്റും ഉണ്ട് എന്ന അഭിപ്രായത്തിന്റെ പേരിലാണ് അവര്‍ പിരിഞ്ഞു പോയതത്രെ. മേശവലിപ്പ് വലിച്ചടക്കരുത്, ചിലപ്പോ ജിന്നുകള്‍ക്ക് പരിക്കുപറ്റിയേക്കും എന്നൊക്കെ വിശ്വസിക്കുന്ന പാവങ്ങളാണ്. കൂട്ടത്തില്‍ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമൊക്കെയുണ്ട്. പേര് വിസ്ഡം എന്നാണെങ്കിലും വിവേകം ഈ മതഞരമ്പന്‍മാരുടെ സര്‍വ്വേ നമ്പറില്‍ പോയിട്ടില്ല. പക്ഷേ ഇവര്‍ക്ക് ചാനലുകാര്‍ വിസിബിലിറ്റി നല്‍കുന്നത് സദുദ്ദേശത്തിലല്ല.''- ടി കെ ഉമ്മര്‍ ഇത് സംബദ്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ജിന്നില്‍ പിളര്‍പ്പ്

മുജാഹിദ് പ്രസ്ഥാനം പ്രഥമമായും പ്രധാനമായും ഒരു ഇസ്ലാമികപ്രബോധന സംഘമാണ്. ഇസ്ലാമിക ദര്‍ശനത്തെ അതിന്റെ അര്‍ത്ഥത്തിലും പ്രയോഗത്തിലും അതേപടി നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ അജണ്ട. ഖുര്‍ആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാര്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് അവര്‍ എന്നാണ് പറയുന്നത്.

ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഇവരുടെ പ്രവര്‍ത്തനലക്ഷ്യം. പൊതുവെ സുന്നികള്‍ക്കിടയില്‍നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതുകൊണ്ട് ഒരു പുരോഗമന സംഘടന എന്ന ലേബല്‍ മുജാഹിദുകള്‍ക്ക് ഉണ്ട്.


സ്ത്രീകളുടെആരാധാനാ സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശവും ഇവര്‍ ഉറപ്പുവരുത്തുന്നു. എന്നാല്‍ മതത്തെ അതിന്റെ ഹാര്‍ഡ് കോറില്‍ എടുക്കുന്നതുകൊണ്ടുതന്നെ, തനി തീവ്രവാദ ആശയങ്ങളും ഇവര്‍ പ്രചരിപ്പിക്കാറുണ്ട്. അമ്പലത്തിന് പരിവ് കൊടുക്കുന്നത്, വേശ്യാലയങ്ങള്‍ക്ക് പണം കൊടുക്കുന്നതുപോലെയാണെന്ന് മുജാഹിദ് ബാലുശ്ശേരി പറഞ്ഞതും, എം എം അക്ബര്‍ സാക്കിര്‍ നായിക്കിന്റെതിന് സമാനമായ ആശയം പ്രചരിപ്പിച്ചതിന്റെ പേരിലും സംഘടന പലതവണ വിവാദത്തില്‍ പെട്ടിട്ടുണ്ട്.

2002, 2012, 2018 വര്‍ഷങ്ങളില്‍ ഈ പ്രസ്ഥാനം പിളര്‍ന്നിരുന്നു. 2002-ലെ ആദ്യ പിളര്‍പ്പിന് ശേഷം ടി പി അബ്ദുല്ലക്കോയ മദനിയുടെയും ഹുസൈന്‍ മടവൂരിന്റെയും നേതൃത്വത്തില്‍ നിലവില്‍ വന്ന വിഭാഗങ്ങള്‍ 14 വര്‍ഷത്തിന് ശേഷം 2016 ഡിസംബര്‍ 20ന് വീണ്ടും ഐക്യത്തിലെത്തി. എങ്കിലും സിഹ്ര് വിഷയത്തിലെ അഭിപ്രായഭിന്നതകള്‍ മൂലവും ചില സംഘടനാ തര്‍ക്കങ്ങളാലും സി പി ഉമര്‍ സുല്ലമിയുടെയും ഡോ. ഇ കെ അഹ്‌മദ് കുട്ടിയുടെയും നേതൃത്വത്തില്‍ കെഎന്‍എം മര്‍ക്കസുദ്ദഅവ എന്ന പേരില്‍ 2018ല്‍ വീണ്ടും വേറിട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മാത്രമല്ല, ജിന്ന് സിഹ്ര് വിഷയങ്ങളില്‍ 2012 -ല്‍ ഭിന്നിച്ച ഒരു വിഭാഗം കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ന്റെ നേതൃത്വത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ വേറിട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരെ വിളിച്ചുകൊണ്ടുവന്ന് ചര്‍ച്ചക്ക് ഇരുത്തുന്നത് ഒരു പ്രത്യേക അജണ്ടയാണെന്നാണ് സെക്യുലര്‍ മുസ്ലീമുകള്‍ പറയുന്നത്.