- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നഗരമധ്യത്തിൽ പ്രതിഷേധം; എസ്പിയുടെ വാഹനം തടഞ്ഞു, 'ഗോ ബാക്ക്' വിളികൾ; വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്റെ പ്രയോജനം വയനാട്ടിലുള്ളവർക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ് കൈകഴുകി വനംമന്ത്രി
മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. മൃതദേഹവുമായി നഗരമധ്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
മെഡിക്കൽ കോളജിലേക്ക് എത്തിയ വയനാട് എസ്‌പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‌പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനത്തിൽനിന്നിറങ്ങി എസ്‌പി നടന്നുപോകുകയാണ് ചെയ്തത്.
ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.
കാട്ടാന ജനവാസമേഖലയിൽ തന്നെ തുടരുന്നതിനാൽ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീർക്കൊമ്പൻ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അതേസമയം വനംവകുപ്പിന് ചെയ്യാൻ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്നം നല്ലരീതിയിൽ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടമുണ്ടാകുന്നത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്നങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതൽ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോൾ ചെയ്യേണ്ടത്. സാധാരണ നടപടികൾകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആന ജനവാസമേഖലയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ അവിടേക്ക് എത്തിയിരുന്നു. കർമനിരതരായ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒരു വർത്തമാനവും പറയാൻ പാടില്ല. ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജനപ്രതിനിധികളുമായി ചർച്ച് ചെയ്ത് നടപടികളുമായി മുന്നോട്ടുപോവുക എന്നതാണ് അവിടെ സ്വീകരിക്കാൻ കഴിയുന്ന ഫലപ്രദമായ മാർം. കർണാടകയ്ക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, അദ്ദേഹത്തിന്റെകൂടി സഹായം തേടുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇപ്പോൾ ആരുടെയെങ്കിലും ഭാഗത്തെ വീഴ്ചയല്ല അന്വേഷിക്കേണ്ടത്. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്, അതിനെ മറ്റുതരത്തിൽ കാണേണ്ടതില്ല. കർണാടക വനംവകുപ്പുമായി ബന്ധപ്പെടും. ജില്ലാ കളക്ടർ തലത്തിലുള്ള ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.