കോഴിക്കോട്: ഗോവ ഗവർണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാർ കയറി, വൻ സുരക്ഷാ വീഴ്ച. കാർ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം മോഹനന്റെ മകൻ ജൂലിയസ് നികിതാസാണ് വാഹനം ഇടിച്ചു കയറ്റിയത്.

ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലാണ് സംഭവം. വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അതിനിടെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹമാണ് എന്ന് തെറ്റിധരിച്ചാണ് വാഹനം ഓടിച്ചു കയറ്റിയതെന്നാണ് സൂചന. ഗവർണ്ണറുടെ വാഹനം എന്ന് കേട്ട പാടെ കാർ ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. പിഴ അടച്ച് വിട്ടയച്ചത് ജൂലിയസ് നികിതാസിനെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതെല്ലാം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സഞ്ചരിച്ചതെന്ന വിലയിരുത്തലിലാണ്. പക്ഷേ കാറിലുണ്ടായിരുന്നത് ശ്രീധരൻ പിള്ളയായിരുന്നുവെന്നാണ് വസ്തുത.

പ്രകോപനം തുടർന്നതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവിൽ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനായതിനാലാണ് ഇത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സമരത്തിലാണ്. കരിങ്കൊടി പ്രകടനം നടത്തുകയാണ് എസ് എഫ് ഐ. നിലമേലിൽ എല്ലാ പരിധിയും വിട്ട സംഭവങ്ങളുണ്ടായി. ഇതിന് പിന്നാലെ സി ആർ പി എഫ് സുരക്ഷയും ആരിഫ് മുഹമ്മദ് ഖാനെത്തി. ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി കമാണ്ടോകളുമുണ്ട്. എന്നാലും പ്രതിഷേധം തുടരുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് ഗവർണ്ണറുടെ വാഹനം കടന്നു പോകുന്നുവെന്ന് കേട്ട് പി മോഹനന്റെ മകൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്. അതുകൊണ്ട് തന്നെ തീവ്രവാദ മോഡൽ ആക്രമണമായിരുന്നു അത്. എന്നാൽ പൊലീസ് അതിനെ പെറ്റിക്കേസാക്കി മാറ്റി.

പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡപ്യൂട്ടി കമ്മിഷണർ അനൂപ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെയാണ് കാറിന് പിഴയടച്ചു വിട്ടയച്ചുവെന്ന വാർത്തയും പുറത്തു വരുന്നത്. ഗവർണറുടെ വാഹനത്തിലേക്ക് നടന്നത് തീവ്രവാദ മോഡൽ ആക്രമണമായിരുന്നു. ഇടിച്ചു കയറ്റിയ ആളിനെ അറസ്റ്റു ചെയ്ത് വൈദ്യ പരിശോധനയ്ക്ക് പോലും പൊലീസ് തയ്യറായില്ല.

ഗവർണ്ണറുടെ വാഹന വ്യൂഹത്തിന് സുശക്തമായ സുരക്ഷാ സംവിധാനമാണുള്ളത്. ഇതിലേക്ക് ബോധപൂർവ്വം നടത്തിയ ആക്രമണമായിരുന്നു മോഹനന്റെ മകൻ നടത്തിയത്. സിപിഎം നേതൃത്വം അതിശക്തമായ സമ്മർദ്ദം ഈ വിഷയത്തിൽ നടത്തിയെന്നാണ് സൂചന. ഗോവ രാജ്ഭവൻ സംഭവം സ്ഥിരീകരിച്ചു, അന്വേഷണം ആവശ്യപ്പെടുമെന്നാണ് വിവരം. ഗുരുതര നിയമലംഘനത്തിൽ കേസെടുക്കാത്തതിന്റെ കാരണം പൊലീസിൽ നിന്ന് ലഭ്യമായിട്ടില്ല.