തിരുവനന്തപുരം: ഇനി പി എസ് സി എഴുത്തു പരീക്ഷയിലെ ആൾമാറാട്ടം നടക്കില്ല. പരീക്ഷ ഒരാളെഴുതി മറ്റൊരാൾ ജോലിക്ക് കയറുന്ന വിവാദങ്ങൾ ഒഴിവാക്കാനാണ് നീക്കം. സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാനായി ആധാർ അധിഷ്ഠിത പരിശോധനയ്ക്ക് തുടക്കമിടും. ഇതിന് സർക്കാർ അംഗീകാരവും നൽകി. ഇതോടെ കള്ളക്കളികൾ അവസാനിക്കും എന്നാണ് സൂചന. നാലുവർഷമായി ആധാറിനെ തിരിച്ചറിയൽരേഖയാക്കി പി.എസ്.സി. അംഗീകരിച്ചിട്ടുണ്ട്. പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന നടപടിയും ആരംഭിച്ചു. എന്നാൽ ആധാർ അധിഷ്ഠിത പരിശോധന നടന്നിരുന്നില്ല.

ഉദ്യോഗാർഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധന. ഒറ്റത്തവണ രജിസ്ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനഃശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി.എസ്.സി. നടത്തുക. ഇതോടെ പരീക്ഷ എഴുതുന്നയാളും ജോലിക്ക് പ്രവേശിക്കുന്ന ആളും ഒരാൾ തന്നെ എന്ന് വ്യക്തമാകും. ഉദ്യോഗാർഥി നൽകേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാർ പരിശോധന നടത്താൻ യു.ഐ.ഡി.യുടെ (യൂണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ) അനുമതി വേണമായിരുന്നു. ഇതാണ് വിജ്ഞാപനത്തിലേക്ക് കാര്യങ്ങളെത്താൻ കാരണം.

സർക്കാർസർവീസിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി 2020 ജൂണിൽ സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണമെന്നും ഇത് നിയമനാധികാരി ഉറപ്പുവരുത്തണമെന്നുമായിരുന്നു ഉത്തരവ്. കോടതി ഇടപെടലിനെത്തുടർന്ന് 2021 ഏപ്രിലിൽ ഉത്തരവ് പിൻവലിച്ചു. ഇതോടെയാണ് പുതിയ നീക്കങ്ങൾ അനിവാര്യതയായത്. പി എസ് സി പരീക്ഷ എഴുതാൻ ഒരുങ്ങുന്നവർ സമ്മത പത്രം നൽകേണ്ടി വരും. അതുകൊണ്ട് തന്നെ ഇനി പരിശോധനയ്ക്ക് വിലക്കുണ്ടാകില്ല.

പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷനിൽ ഇതുവരെയായി 64 ലക്ഷംപേരാണ് രജിസ്റ്റർചെയ്തത്. ഇവരിൽ 48 ലക്ഷംപേർ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത പരിശോധന നിരസിക്കുന്നവർക്ക് ഇ-കെ.വൈ.സി. ഓതന്റിഫിക്കേഷൻ നടത്തുന്നതും വിജ്ഞാപനത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. അതായത് ആധാർ പരിശോധനയ്ക്ക് സമ്മതപത്രം നൽകിയില്ലെങ്കിലും മറ്റ് വഴികളിലൂടെ ഇത് ഉറപ്പാക്കും.

ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടത്തുന്നതിന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയലും പി.എസ്.സി നടത്തും. സർക്കാർജോലിയിൽ സ്ഥിരപ്പെടുത്താൻ പി.എസ്.സി. നിയമനപരിശോധന 2010-ലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്ക് കൈമാറും.

ഇവ ജീവനക്കാരന്റെ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനയിലൂടെ ഉറപ്പാക്കും. അതിനുശേഷമേ ജോലിയിൽ സ്ഥിരപ്പെടുത്തു. അതിന് മുമ്പ് തട്ടിപ്പ് ബോധ്യപ്പെട്ടാൽ ക്രിമിനൽ നടപടികളിലേക്കും കടക്കും. പി എസ് സി പരീക്ഷാ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.