- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖത്തിനിടെ പുകച്ചുതള്ളിയ രഞ്ജിത് കാട്ടിയത് മര്യാദകേടെന്ന് സോഷ്യൽ മീഡിയ; തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ ബോറെന്ന് പറഞ്ഞതിനും ചലച്ചിത്ര അക്കാദമി ചെയർമാന് രൂക്ഷ വിമർശനം
കോഴിക്കോട്: പൊതുസ്ഥലത്ത് പുകവലി നിരോധിച്ച നാട്ടിൽ, തന്നെ അഭിമുഖം ചെയ്യാനെത്തിയവരുടെ മുന്നിലിരുന്ന് പരസ്യമായി പുകവലിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത് എയറിലായി. അഭിമുഖം നടത്തിയ ഇന്ത്യൻ എക്സ്പ്രസിലെ മാധ്യമപ്രവർത്തകരുടെ മുഖത്തേക്ക് മാത്രമല്ല, കണ്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മുഖത്തേക്കാണ് രഞ്ജിത് പുകച്ചുതള്ളിയത് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. അതുപോലെ തന്നെ മലയാളികൾ കൾട്ട് സിനിമയായി കൊണ്ടാടുന്ന പത്മരാജന്റെ തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ ബോറെന്ന് പറഞ്ഞ് ലാൽ ആരാധകരുടെ കല്ലേറും അദ്ദേഹം ഏറ്റുവാങ്ങുകയാണ്.
പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒരുപൊതുഅഭിമുഖത്തിൽ, വലിച്ചുതള്ളിയത് തീർത്തും തെറ്റാണെന്നും സമൂഹത്തോടുള്ള അനീതിയുമാണെന്ന് സംവിധായകനും എഴുത്തുകാരനും നടനും, മോട്ടിവേഷനൽ സ്പീക്കറുമായ എം ബി പത്മപത്മകുമാർ തന്റെ വീഡിയോയിൽ പറയുന്നത്.
'തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ ബോറാണ്'
കേരളത്തിെേല എക്കാലത്തെയും ക്ലാസിക്ക് എന്ന് പറയാവുന്ന, ചലച്ചിത്ര ആസ്വാദകർക്കിടയിൽ കൾട്ട് ആയ ചിത്രമാണ്, വിശ്രുത സംവിധയകൻ പത്മരാജന്റെ തൂവാനത്തുമ്പികൾ. മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന മോഹൻലാലിന്റെ നായകവേഷവും, സുമലതയുടെ ക്ലാരയും, ഒന്നാം രാഗം പാടിയെന്ന പാർവതിയും മോഹൻലാലും ചേർന്ന ഗാനവുമൊക്കെയായി ചിത്രം ഇന്നും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാണ്. റിലീസ് ചെയ്തിട്ട് 35 വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ വലിയ പ്രേക്ഷകശ്രദ്ധയാണ് കിട്ടാണ്. ചിത്രത്തിനായുള്ള ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും മലയാളത്തിലെ എക്കാലത്തെയും മികച്ചതിൽ ഒന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പക്ഷേ ഇപ്പോൾ, തൂവാനത്തുമ്പികളിലെ ഭാഷയെ വിമർശിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് രംഗത്ത് എത്തിയിരിക്കയാണ്. തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോറാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഇതോടെ ലാൽഫാൻസും തൂവാനത്തുമ്പികളുടെ ആരാധകരും രഞ്ജിത്തിനെതിരെ തിരിഞ്ഞിരിക്കയാണ്.
ഇന്തൻഎക്പ്രസിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് -'നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിംഗായ ഒരു ആക്ടറാണ്.
ബസ് സർവീസ് നടത്തി പരാജയപ്പെട്ട കഥാപാത്രമായും അധോലോക നായകനായും ഗൂർഖയായും ഒക്കെ മോഹൻലാൽ അത് തെളിയിച്ചതല്ലേ. ഞാൻ എഴുതുന്ന മീറ്റർ ലാലിന് കിട്ടുമെന്ന് പറയാറുണ്ട് രൺജി പണിക്കറൊക്കെ. മോഹൻലാൽ കംഫർട്സോണിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയിൽ നൂറുപേരെ ഇടിക്കുന്ന ആളാണ്. ഇപ്പോഴും ലാലിന് ക്രൗഡിന് മുന്നിൽ വരാൻ മടിയാണ്. അടുപ്പമുള്ളവരുടെയടുത്തേ ലാൽ കംഫർട്ട് ആകൂ. ഇപ്പോൾ മാറിയതല്ല.
വർഷങ്ങളായി ലാലിനെ എനിക്ക് അറിയാം. അയാൾ അങ്ങനെ ഒരു മനുഷ്യനാണ്. എന്നാൽ മമ്മൂട്ടി ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ്. ചോദിക്കുകയും മനസിലാക്കുകയും ചെയ്യുന്ന. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ആൾക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം'' -രഞ്ജിത്ത് പറയുന്നു.
പ്രതികരിച്ച് പത്മരാജന്റെ മകൻ
അതിനിടെ പത്മരാജന്റെ മകൻ അനന്തപത്മനാഭനും ഫേസ്ബുക്കിലുടെ വിഷയത്തിൽ പ്രതികരിച്ചു. അനന്തപത്മനാഭന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്- ഠനമ്മളൊക്കെ ഇഷ്ടപ്പെടുന്ന തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ഒരുപക്ഷെ അദ്ദേഹം ശരിയായിരിക്കാം. ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.'
'പറഞ്ഞത് പോലെ 'പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത്' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും സുലൈമാനുമൊക്കെ പറയുന്ന കോംപ്രമൈസ് ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടികിട്ടിയില്ല. നൂഹ് അഭിനയിച്ച ഹൈദ്രോസ് എന്ന അരപ്പട്ട പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല.'
അരപ്പട്ടക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്. തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ടെന്ന് പറഞ്ഞ് തന്നെയാണ് ഡൈലൂട്ട് ചെയ്തത്.
തിരക്കഥയുടെ ആദ്യ കേൾവിക്കാരി തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോൾ നിങ്ങളതിൽ ഇടപെടണ്ടാ എന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. 2012ലെ പത്മരാജൻ പുരസ്ക്കാരം ഇന്ത്യൻ റുപ്പീക്ക് വേണ്ടി സ്വീകരിച്ചുകൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസിൽ മുഴങ്ങുന്നുണ്ട്. പുതിയ തലമുറ ദി സോ കോൾഡ് ന്യൂ ജനറേഷൻ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്...ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചുപോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ... കല്ലിൽ കൊത്തി വെച്ചപോലെ ആ വാക്കുകൾ മനസിലുണ്ട്. ദാറ്റ്സ് ഓൺ റെക്കോർഡ്. ഐ നോ വേർ ഹീ ഹാസ് പ്ലേസ്ഡ് അച്ഛൻ ആൻഡ് ദി റെസ്പെക്ട് ഹീ ഈസ് ഹാവിങ്. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല...', എന്നാണ് രഞ്ജിത്തിനെ കുറിച്ച് അനന്തപത്മനാഭൻ കുറിച്ചത്.
പൊങ്കാലയിട്ട് ആരാധകർ
അതിനിടെ തൂവാനത്തുമ്പികളെ വിമർശിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് രഞ്ജിത്തിന് നേരെ ഉണ്ടാവുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ച മനുഷ്യനാണ് രഞ്ജിത്തെന്നും അതുകൊണ്ടാണ് തൂവാനത്തുമ്പികൾ എന്ന സിനിമയെപോലും കുറ്റം പറയുന്നതെന്നാണ് രഞ്ജിത്തിനെ വിമർശിക്കുന്നവർ കമന്റ് ചെയ്തത്. ഇത് ഭാഷ പ്രധാനമായ ചിത്രമലല്ലെന്നും ഇത്രയും കാലം കണ്ടിട്ടും അതിൽ ഭാഷ ഒരു പ്രശ്നമായിരുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംവിധാകയൻ അൽഫോൻസ്പുത്രൻ അടക്കമുള്ളർ രഞ്ജിത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാർ എന്ന നിലയിൽ നേരത്തെ എടുത്ത പല നിലപാടുകളും ഇതോടൊപ്പം വിവാദമായിരുന്നു. ഈ അഭിമുഖത്തിൽ നടൻ ഭീമൻ രഘുവിനെ മണ്ടൻ എന്ന് വിളിച്ച രഞ്ജിത്തിന്റെ വാക്കുകളും വിവാദം വർധിപ്പിച്ചു. നടൻ ഹരീഷ് പേരടി ഇങ്ങനെ പ്രതികരിക്കുന്നു. -''രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു...ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി ...സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു...മണ്ട സലാം..???''- ഇങ്ങനെയാണ് ഹരീഷ് പ്രതികരിച്ചത്. നേരത്തെ ഡോ ബിജുവും രഞ്ജിത്തിനെതിരെ തിരിഞ്ഞുരുന്നു. ''താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പറഞ്ഞ് അവസാനിക്കുന്ന ഡോ ബിജുവിന്റെ കുറിപ്പും വൈറൽ ആയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ