- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിവിവേചനം വിഷയത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമൗനം; നടപടി എടുക്കാൻ സർക്കാറിന് ആത്മാർഥതയുണ്ടാകണം; കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്നും പുറത്താക്കണമെന്ന് പുന്നല ശ്രീകുമാർ
കണ്ണൂർ: പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായ സംഭവത്തിൽ മന്ത്രിക്കെതിരെ വിമർശനവുമായി കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. മന്ത്രി രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര മൗനമാണെന്ന് പുന്നല കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരിനും സിപിഎമ്മിനും ആത്മാർഥതയുണ്ടാകണം. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്നും പുറത്താൻ നടപടിയെടുക്കണമെന്നും പുന്നല ആഴശ്യപ്പെട്ടു.
അതേസമയം ജാതിവിവേചനം നേരിട്ട വിഷയത്തിൽ അഖില കേരള തന്ത്രി സമാജം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. പൂജ കഴിയുന്നതുവരെ പൂജാരി ആരെയും സ്പർശിക്കില്ലെന്നതായിരുന്നു തന്ത്രി സമാജത്തിന്റെ വിശദീകരണം. എന്നാൽ, ഈ വാദം മന്ത്രിതള്ളുകയാണ് ഉണ്ടായത്. പൂജ കഴിയുന്നതുവരെ പൂജാരി ആരെയും സ്പർശിക്കില്ല എന്നാണെങ്കിൽ ഇടയ്ക്ക് പുറത്ത് ഇറങ്ങാനും തിരിച്ച് അകത്തേക്ക് പോകാനും കഴിയുമോ എന്ന് മന്ത്രി ചോദിച്ചു. അമ്പലത്തിന് അകത്തുവെച്ചല്ല സംഭവം നടന്നത്. അമ്പലത്തിൽ നിന്നും പുറത്തു നിൽക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വന്നാണ് വിളക്ക് കത്തിക്കുന്നത്. അപ്പോൾ പൂജാരി ജനങ്ങളെ സ്പർശിച്ചില്ലേയെന്നും മന്ത്രി ചോദിച്ചു.
'അമ്പലത്തിലെ ചടങ്ങുകൾക്ക് താൻ ആദ്യമായല്ല പോകുന്നത്. ഇതുവരെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല. പൂജാരിക്ക് പൈസ നൽകിയാൽ അകത്തേക്ക് കൊണ്ടുപോകില്ലേ. അപ്പോൾ പൈസയ്ക്ക് അയിത്തമില്ല, മനുഷ്യന് അയിത്തമുണ്ട് എന്ന രീതിയാണ്. ഇതിനെപ്പറ്റിയാണ് സംസാരിക്കാൻ ശ്രമിച്ചത് ' - മന്ത്രി പറഞ്ഞു.
മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല. അയിത്തം വേണം അനാചാരം വേണം എന്ന് കരുതുന്നവരുണ്ടാകാം. അങ്ങനെ പറയുന്നവർക്ക് പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷേ അത് സമ്മതിക്കില്ല എന്ന് പറയാനുള്ള അവകാശം നമുക്കുമുണ്ട്.
കോട്ടയത്ത് ഒരു സാമുദായിക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആനുകൂല്യങ്ങളുടെ വർധനവിനെക്കുറിച്ച് ആവശ്യമുന്നയിച്ചു. കേവലം ആനുകൂല്യങ്ങളുടെ വർധനവ് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. രാജ്യത്ത് വർധിച്ചുവരുന്ന അടിച്ചമർത്തലുകളെയും വിവേചനങ്ങളെപ്പറ്റിയും പറഞ്ഞ കൂട്ടത്തിലാണ് ഇതും പറഞ്ഞത്. അടുത്ത കാലത്തായി ഈ പ്രവണത വർധിക്കുകയാണ്. കൂലി കൂടുതൽ ചോദിച്ചതിന്റെ പേരിൽ നഖങ്ങൾ പിഴുതെടുത്തു. അത് വിശ്വാസമാണെന്ന് പറഞ്ഞാൽ അം?ഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് വർധിച്ചുവരുന്ന ദളിത് വേട്ട കേരളത്തിലും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ദളിത് വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കേരളത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിലുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐയും അഭിപ്രായപ്പെട്ടു. . സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചിലരുണ്ടെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ - നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ നാണം കെടുത്തുന്ന ഇത്തരത്തിലുള്ള വ്യക്തികളെയും ചിന്തകളെയും ഒറ്റപ്പെടുത്തേണ്ടത് കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
മന്ത്രി കെ രാധാകൃഷ്ണനെതിരെയുണ്ടായ ജാതി വിവേചനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതീയത പോലുള്ള എല്ലാതരം അനീതികൾക്കെതിരെയുമുള്ള തുടർപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ