ഴിഞ്ഞ ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ കാറ്റിന് എതിരെ പറക്കുന്ന കൊടി. പുരി ക്ഷേത്ര മകുടം ചിത്രീകരിക്കുന്ന ഒരു വീഡിയോയിൽ ഒരു കൊടി വലത്തോട്ടു പാറുമ്പോൾ, മറ്റേ കൊടി ഇടത്തോട്ടേക്കാണ്. ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ദിവ്യത്ഭുതമെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യം വെളിപ്പെടുത്തുകയാണ്, ശാസ്ത്ര പ്രചാരകനായ ശാസ്ത്രലോകം ബൈജുരാജ്.

തന്റെ പുതിയ വീഡിയോയയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. -'ധാരാളം പേർ ഈ വീഡിയോ അയച്ചുതന്നിട്ടുണ്ട്. സാധാരണ ഞാൻ ഇത്തരം വീഡിയോകൾക്ക് മറുപടി പറയാറില്ല. പക്ഷേ അതിൽ സയൻസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒന്നുരണ്ട് വാചകങ്ങൾ ഉണ്ടായിരുന്നു. ശാസ്ത്രം തോൽക്കുന്ന ഇടം. ഒരു തിയറിക്കും ഇതിനെ വിശദീകരിക്കാൻ കഴിയല്ല എന്നൊക്കെയുള്ള വാചകങ്ങളുമായാണ് വീഡിയോ പ്രചരിക്കുന്നത്. അതുകൊണ്ടാണ് ഇതിന് മറുപടി പറയുന്നത്."- ഇങ്ങനെ ആമുഖമായിപ്പറഞ്ഞാണ് ബൈജുരാജ് വീഡിയോവിലേക്ക് കടക്കുന്നത്.

അത് ഒരു വിഷ്വൽ ഇല്യൂഷൻ

വിവാദ വീഡിയോ കാണിച്ചുകൊണ്ട് ബൈജുരാജ് ഇങ്ങനെ വിശദീകരിക്കുന്നു. -'വീഡിയോയിൽ രണ്ടുകൊടികൾ കാണുന്നുണ്ട്. ഒരു കൊടി വലതുഭാഗത്തേക്കും, മറ്റേത് ഇടതുഭാഗത്തേക്കും പറക്കുന്നു. ഇനി നമുക്ക് ഗൂഗിളിൽ നിന്ന് അമ്പലത്തിന്റെ ഫോട്ടോ നോക്കാം. ഇവിടെ കൊടിയുടെ അടുത്തുള്ള തെങ്ങിന്റെ ഓല പറക്കുന്നത് ഇടതുഭാഗത്തേക്കാണ്. അവിടെക്കു തന്നെയാണ് കൊടിയും പറക്കുന്നത്. അതിനർത്ഥം വലതുഭാഗത്തുനിന്നാണ് കാറ്റ് വരുന്നത് എന്നാണ്. മറ്റൊരു ഫോട്ടോയിലും കൊടിയും തെങ്ങോലയും ഒരേ ദിശയിലാണ് പാറുന്നത്. അതിനർഥം ഇത് കാറ്റിന്റെ വിപരീത ദിശയിലല്ല, അനുകൂല ദിശയിലാണ് കൊടി പാറുന്നത് എന്നാണ്. മൂന്നാമത്തെ ഫോട്ടോയിലും കാറ്റും കൊടിയും ഒരേ ദിശയിലാണ്.

അപ്പോൾ വീഡിയോവിൽ എന്താണ് സംഭവിക്കുന്നത്. ഇവിടെ രണ്ടുകൊടികൾ കാണുന്നുണ്ട്. ഒരു കൊടി വലതുഭാഗത്തേക്കും, മറ്റേത് ഇടതുഭാഗത്തേക്കും പറക്കുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. അതിനായി ബൈജുരാജ് തന്റെ വസതിയിൽ നടത്തിയ ഒരു പരീക്ഷണമാണ് പിന്നെ കാണിക്കുന്നത്. അത് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. -'ഇവിടെ എന്റെ സ്റ്റുഡിയോവിൽ വലതുഭാഗത്ത് കാണുന്നത് ഒരു ചുവന്ന കൊടിയാണ്. ഇതിന്റെ ആരോമാർക്ക് നിൽക്കുന്നത് വലതുഭാഗത്തേക്കാണ്. സ്റ്റുഡിയോയുടെ ഇടതുഭാഗത്ത് കാണുന്നത് ഒരു മഞ്ഞക്കൊടി വച്ചിട്ടുണ്ട്. ഇതിന്റെ ആരോമാർക്ക് ഇടതുഭാഗത്തേക്കുമാണ്. ഈ വീഡിയോ ഒന്ന് സൂം ഔട്ട് ചെയ്ത് പിന്നോട്ട് മാറിനോക്കാം. ഈ രണ്ടുകൊടിയും ഒരേ സമയം കാണാം. ചുവന്നകൊടി വലതുഭാഗത്തേക്കും, മഞ്ഞക്കൊടി ഇടതുഭാഗത്തേക്കും.

എന്നാൽ നമ്മൾ സീലിങ്ങ് ഭാഗത്തേക്ക് ഉയർന്ന് നിന്ന് നോക്കിയായോ. ഇത് രണ്ട് സമാന്തരമായ രണ്ടു ഭിത്തികളാണ്. ഈ രണ്ടുകൊടികളുടെ അറ്റം നിൽക്കുന്നത്, നമ്മുടെ അടുത്തേക്കാണ്. അല്ലാതെ ഇടതുഭാഗത്തേക്കോ വലതുഭാഗത്തേക്കോ അല്ല. രണ്ടും ഒരേ ദിശയിൽ തന്നെയാണ്. ഇതുപോലെ കൊടി നിൽക്കണമെങ്കിൽ കാറ്റുവരുന്നത് പിന്നിൽ നിന്ന് ആയിരിക്കണം. ഈ കൊടി നമ്മുടെ ഭാഗത്തേക്ക് പറക്കുന്ന സമയത്ത്, വലതുഭാഗത്തുള്ള കൊടി വലതുഭാഗത്തേക്കും, ഇടതുഭാഗത്തുള്ള കൊടി ഇടതുഭാഗത്തേക്കും പറക്കുന്നതായി നമുക്ക് തോന്നു. ഇത് ഒരു വിഷ്വൽ ഇല്യൂഷനാണ് .അതുതന്നെയാണ് പുരിയിലെ കൊടിയിലും സംഭവിച്ചത്. രണ്ടുകൊടിയും രണ്ടു രീതിയില്ല പറക്കുന്നത്. കൊടി കാറ്റിന്റെ എതിർദിശയില്ല, അതേ ദിശയിൽ തന്നെയാണ് പറക്കുന്നത്. അങ്ങനെ അല്ലെന്നത് നമ്മുടെ തോന്നൽ മാത്രമാണ്. "- ബൈജുരാജ് വിശദീകരിക്കുന്നു. അതായത് ഇതിൽ യാതൊരു അത്ഭുതവുമില്ലെന്നും സാധാരണ രീതിയിയുള്ള ഒപ്ടിക്കൽ ഇല്യൂഷൻ മാത്രമാണിതെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.