കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ഫീ ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടർന്നാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചുവെന്നാണ് സൂചന. പാർക്കിന് സർക്കാർ അനുമതി നൽകിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസൻസ് ഇല്ലാതെ പാർക്ക് തുറന്നു പ്രവർത്തിച്ചുവെന്നതിന് സ്ഥിരീകരണം കൂടിയാണ് ലൈസൻസ് തിടുക്കത്തിൽ നൽകിയ നടപടി.

അതേസമയം, പാർക്കിൽ റൈഡുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതി നൽകിയത്. 2018 മുതൽ ഉള്ള നികുതി കുടിശ്ശിക നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് അറിയിച്ചു. 2023 നവംബറിലാണ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നികുതി കുടിശ്ശിക ഉള്ളതിനാൽ ലൈസൻസ് തടഞ്ഞു വെക്കുകയായിരുന്നു. ലൈസൻസ് തിരക്കിട്ട് അനുവദിച്ചിട്ടില്ല. അപേക്ഷ നേരത്തെ നൽകിയതാണ്. മോട്ടോർ റയ്ഡുകൾക്ക് അനുമതി ഇല്ലെന്നും ആദർശ് പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും വലിയ വിമർശനം ഉയരാതിരിക്കാനാണ് അതിവേഗം ലൈസൻസ് നൽകിയത്.

പി വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഇന്ന് ലൈസൻസ് അനുവദിച്ചതും അറിയിക്കും.

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. ഈ മറുപടിയും നിർണ്ണായകമാകും. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിക്ക് കീഴിലുള്ള ദുരന്ത നിവാരണ അഥോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അഥോറിറ്റിയുടെ നടപടി. എന്നാൽ പഞ്ചായത്ത് ലൈസൻസ് കൊടുത്തുതുമില്ല. തുറന്ന് പ്രവർത്തിച്ച സമയത്ത് റൈഡുകളും ഉണ്ടായിരുന്നുവെന്നാണ് സൂചന.

അൻവർ പാർക്കിനായി 6000 രൂപ ലൈസൻസ് ഫീ ഇനത്തിൽ അടച്ചിട്ടുണ്ട്. 2019 -2020 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയായി 5 ലക്ഷം രൂപ അടച്ചു. നിലവിൽ ഗാർഡൻ മാത്രം ഉപയോഗിക്കാനാണ് അനുമതി. ഉരുൾപൊട്ടലിന് പിന്നാലെയായിരുന്നു 2018ൽ കക്കാടംപൊയിലിൽ പ്രവർത്തിച്ചിരുന്ന പി വി അൻവറിന്റെ പാർക്ക് അടച്ചുപൂട്ടിയത്. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.