- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിസബത്ത് രാജ്ഞിക്ക് വിട നൽകി ബ്രിട്ടൻ; രാജ്ഞിയുടെ അന്ത്യവിശ്രമം കിങ് ജോർജ് ആറാമൻ മെമോറിയൽ ചാപ്പലിൽ; രാജകുംടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്വകാര്യ ചടങ്ങായി സംസ്‌കാരം; സെന്റ് ജോർജ് ചാപ്പലിൽ അന്തിമോപചാരം അർപ്പിച്ച് ലോകനേതാക്കൾ
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് വിടനൽകി ബ്രിട്ടൻ. കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമോറിയൽ ചാപ്പലിലാണ് രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. പ്രാദേശിക സമയം 7.30 (ഇന്ത്യൻ സമയം ചൊവ്വാ പുലർച്ചെ 12ന്) നാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. രാജകുംടുംബാംഗങ്ങളും പുരോഹിതരും മാത്രം പങ്കെടുക്കുന്ന ചടങ്ങുകളിലൂടെയാണ് സംസ്‌കാരം പൂർത്തിയായത്.
മൃതദേഹം രാജകീയ നിലവറയിലേയ്ക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത് കാന്റർബറി ആർച്ച്ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബിയാണ്. ബ്രിട്ടനിലെ പ്രാദേശിക സമയം രാത്രി 7.30നാണ് അന്തിമ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്.
വിലാപയാത്ര സെന്റ് ജോർജ് ചാപ്പലിലെത്തിലെത്തിയപ്പോൾ പ്രമുഖ ലോകനേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിൻഡ്‌സർ ഡീനിന്റെയും രാജകുടുംബാംഗങ്ങളുടെയും പഴ്‌സനൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ, രണ്ടാംഭാഗ ചടങ്ങുകൾ സെന്റ് ജോർജ് ചാപ്പലിൽ നടന്നു. ഇവിടുത്തെ ചടങ്ങുകളിലേക്ക് 800 അതിഥികൾക്കു മാത്രമായിരുന്നു ക്ഷണം. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം രാജകീയ നിലവറയിൽ വച്ചതോടെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങാണ് പിന്നീട് നടന്നത്. ചാൾസ് മൂന്നാമൻ രാജാവും രാജപത്‌നി കാമിലയും മറ്റു രാജകുടുംബാംഗങ്ങളുമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
സെപ്റ്റംബർ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം ഇന്നു വരെ വെസറ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിനു വച്ചിരുന്നു. ബ്രിട്ടിഷ് സമയം രാവിലെ പതിനൊന്നോടെയാണ് സംസ്‌കാര ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റർ ഹാളിൽ നിന്ന് ലോകനേതാക്കളും മറ്റും സന്നിഹിതരായിരുന്ന വെസ്റ്റമിൻസ്റ്റർ ആബിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. രാജകീയ രഥത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. 142 റോയൽ നേവി അംഗങ്ങൾ ചേർന്നാണ് ഈ യാത്ര നിയന്ത്രിച്ചത്. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകി. രാജകുടുംബാംഗങ്ങളും വിലാപയാത്രയെ അനുഗമിച്ചിരുന്നു.
വെസ്റ്റ്മിനിസ്റ്റർ ആബിയിലെ അന്ത്യശുശ്രൂഷകൾക്കു ശേഷം രാജ്ഞിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിങ്ടൻ ആർച്ചിലെത്തി. സൈനികരും പൊലീസും വിലപയാത്രയ്ക്ക് അകമ്പടി നൽകി. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ആബിയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവടരക്കം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നേതാക്കൾ എത്തി. മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനകൾക്കും സമാപന ആശീർവാദത്തിനും കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിച്ചിരുന്നു.
പത്തുദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് ഏറ്റവും കൂടുതൽകാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന രാജ്ഞിക്ക് ബ്രിട്ടൻ വിടനൽകിയത്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ, അഞ്ഞൂറ് ലോകനേതാക്കൾ എന്നിവർ ഉൾപ്പെടെ രണ്ടായിരം പേരാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്.
സെയ്ന്റ് ജോർജ് ചാപ്പലിനുള്ളിലുള്ള കിങ് ജോർജ് ആറാമൻ സ്മാരക ചാപ്പലിലാണ് എലിസബത്തിന്റെ അച്ഛനമ്മമാരും സഹോദരിയും അന്ത്യവിശ്രമം കൊള്ളുന്നത്. ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും ഇതിനടുത്തായി സംസ്‌കരിക്കും. രാജ്ഞിയുടെ മരണശേഷം അവർക്കടുത്തായി തന്നെയും അടക്കണമെന്ന ഫിലിപ്പിന്റെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിന്റെ മൃതദേഹപേടകം ചാപ്പലിൽ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്