മാനന്തവാടി: രാഹുൽ ഗാന്ധിക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് വയനാട്ടുകാർ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി കൽപറ്റയിലേക്കു തിരിച്ചു. വീട്ടുകാരും നാട്ടുകാരും എംപിയോട് പരാതി പറഞ്ഞു. ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും ഉന്നയിച്ചത്. എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലിറങ്ങിയപ്പോൾ വയനാട് നാളിതുവരെ കാണാത്ത സമരമുഖങ്ങൾക്കാണ് ശനിയാഴ്ച പുല്പള്ളി സാക്ഷ്യം വഹിച്ചത്. ആളിക്കത്തിയ ജനരോഷത്തിനുമുന്നിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. കാട്ടാന കൊലപ്പെടുത്തിയ വെള്ളച്ചാലിൽ പോളിന്റെ മരണത്തിൽ പ്രതിഷേധിക്കാനായി ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രാവിലെ ഏഴരയോടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിലെ സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോടു സംസാരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിനു ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി. മെഡിക്കൽ കോളേജിൽ മാറ്റം കൊണ്ടു വരുമെന്നും അറിയിച്ചു.

നിങ്ങൾക്കൊപ്പം 'ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം'... അജീഷ് എന്ന ആജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും - രാഹുൽഗാന്ധി പറഞ്ഞു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എൽസി, ഭാര്യ ഷീബ, മകൾ അൽന മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായും രാഹുൽഗാന്ധി സംസാരിച്ചു.

കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തി രാഹുൽ ആ കുടുംബാംഗങ്ങളെയും സന്ദർശിച്ചു. ഇവിടെനിന്നു ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു. ഇവിടുന്നു തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലേക്ക് പോയി. തുടർന്ന് അലഹാബാദിലേക്കു മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്കെത്തിയത്. ഇന്നു തന്നെ ജോഡോ ന്യായ് യാത്രയിലേക്ക് രാഹുൽ മടങ്ങും.

ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ പുലർച്ചെ റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും ഡിസംബറിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലും രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

ഇതിനിടെ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ശനിയാഴ്ചയും വിജയിച്ചിട്ടില്ല. തോല്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ കൂടൽ വനത്തിലാണ് ശനിയാഴ്ച ദൗത്യസംഘം ആനയ്ക്കടുത്ത് എത്തിയത്. ദൗത്യം ഇന്നും തുടരും.