മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ, ഒരാഴ്ചയ്ക്കിടെ രണ്ടു പേർ കൊല്ലപ്പെട്ടതോടെ ശക്തമായ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം സംഘർഷത്തിലേയ്ക്ക് കടന്നതോടെയാണ് പുൽപ്പള്ളിയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. അതിനിടെ, സ്ഥലത്തെ എംപി രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. യുപിയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്ര നിർത്തി വച്ച് രാഹുൽ കേരളത്തിലേക്ക് തിരിക്കും.

യാത്ര താൽക്കാലികമായി നിർത്തിവച്ച് വയനാട്ടിലേക്ക് രാഹുൽ വൈകിട്ട് അഞ്ച് മണിയോടെ യാത്ര തിരിക്കുമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശാണ് അറിയിച്ചത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് യാത്ര.നിലവിൽ ഭാരത് ന്യായ് യാത്ര വാരണസിയിൽ എത്തി നിൽക്കുകയാണ്. രാഹുൽ മടങ്ങിയെത്തിയതിന് ശേഷം നാളെ വൈകീട്ട് മൂന്ന് മണിക്ക് മാത്രമേ യാത്ര പുനരാരംഭിക്കുകയുള്ളൂ.

കഴിഞ്ഞ ദിവസമാണ് യാത്ര യുപിയിൽ പ്രവേശിച്ചത്. ഇന്ന് വാരണസയിൽ പദയാത്ര ആരംഭിച്ചതിന് പിന്നാലെ രാഹുൽ ക്ഷേത്ര ദർശനം അടക്കമുള്ളവ നടത്തിയിരുന്നു.കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വയനാട്ടിലെ ജനങ്ങളുടെ വികാരം അവിടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കുറുവ ദ്വീപിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. കുടുംബത്തിന് പണം ഇന്നുതന്നെ കൈമാറുമെന്ന് എഡിഎം ദേവകി അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങിയാണ് മുഴുവൻ തുകയും ഇന്നുതന്നെ നൽകാൻ ധാരണയായത്. തുടക്കത്തിൽ അഞ്ചുലക്ഷം നൽകാനായിരുന്നു നീക്കം. പോളിന്റെ മകളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ഭാര്യയ്ക്ക് താത്കാലിക ജോലി നൽകാനും തീരുമാനമായി.

അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി മരണങ്ങളുണ്ടാകുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന് വി ഡി സതീശൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിതിഗതികൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വലിയ സംഘർഷമാണ് പുൽപ്പള്ളിയിലുണ്ടായത്. ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. എംഎൽഎമാർക്ക് നേരെ വെള്ളം നിറച്ച കുപ്പിയും ഇവർ എറിഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളും നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുൻനിരയിൽ നിന്നാണ് പ്രതിഷേധിക്കുന്നത്. പുൽപ്പള്ളി ബസ്സ്റ്റാൻഡിലാണ് മൃതദേഹവുമായി ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഇപ്പോൾ പോളിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായാണ് വിവരം.