കോഴിക്കോട്: സിപിഎം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ. സ്വരാജിനൊപ്പം വിജൻ എംഎൽഎ, അഡ്വ അരുൺകുമാർ എന്നിവരും ആർ എസ് എസിനെ പ്രതിസ്ഥാനത്താക്കി തുടക്കത്തിൽ പോസ്റ്റിട്ടിരുന്നു. ഇതെല്ലാം പിൻവലിച്ചു. അമ്പാടിമുക്ക് സഖാക്കൾ എന്ന സിപിഎം ഫെയ്‌സ് ബുക്ക് പേജിലും ആർ എസ് എസിനെതിരെ ആരോപണം ഉയർന്നു. എന്നാൽ പിന്നീട് പലതും എഡിറ്റ് ചെയ്തു മാറ്റി.

സത്യനാഥന്റെ കൊലപാതകത്തിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിലെ ആർഎസ്എസ്. പരാമർശവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം. കൊലപാതകത്തിനുശേഷം ആദ്യം പങ്കുവെച്ച പോസ്റ്റിൽനിന്ന് 'ആർഎസ്എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര' എന്ന ഭാഗം പിന്നീട് ഒഴിവാക്കിയതാണ് വിമർശനത്തിന് ആധാരം. സിപിഎം അനുഭാവിയാണ് കൊലപാതകി എന്ന വാദം ചർച്ചയായതോടെയാണ് ഈ മാറ്റം. ആർഎസ്എസ്. പരാമർശം പിൻവലിക്കാൻ ആരാണ് സമ്മർദം ചെലുത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

മണിക്കൂറുകൾക്കുള്ളിൽ സ്വരാജ് പരാമർശം ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. ആർഎസ്എസ്. അല്ല കൊലപാതകത്തിനു പിന്നിലെന്ന് സ്വരാജിന് വിവരം കിട്ടിയെങ്കിൽ ആരാണ് കൊന്നത്? ആർഎസ്എസ്. ആണെങ്കിൽ എം-ന്റെ മധ്യസ്ഥതയിൽ ഈ കേസും സിപിഎം- ആർഎസ്എസ്. കോംപ്രമൈസ് ആയോ? പകൽ സിപിഎമ്മും രാത്രി ആർ.എസ്.എസുമായ മറ്റുപലരേയും പോലെ ഒരു സഖാവാണോ പിടിയിലായ സിപിഎം. നേതാവും. വെഞ്ഞാറമ്മൂട് കേസ് പോലെ ഇതും തേച്ചുമായ്ച്ചുകളയുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ആർഎസ്എസ്. ഭീകരത മസിനഗുഡി വഴി ഊട്ടിക്കുപോയോയെന്നും രാഹുൽ പരിഹസിച്ചു.

സിപിഎം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥൻ (62) ആണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വെട്ടേറ്റുമരിച്ചത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. കൊലപാതകത്തിൽ കീഴടങ്ങിയ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ ബ്രാഞ്ച് അംഗമായിരുന്ന അഭിലാഷിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏഴുവർഷം മുമ്പേ പുറത്താക്കിയിരുന്നതായാണ് വിശദീകരണം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

കൊല്ലപ്പെട്ട CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം.

ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 'RSS ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയതുകൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്.
അതുമായി ബന്ധപ്പെട്ട സംശയങ്ങൾ

1. RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?

2. RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?

3. RSS അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?

4. RSS ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?

5. സിപിഎം നേതാവ് അറസ്ട്ടിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?

6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?